Connect with us

Ongoing News

സംസ്ഥാനത്തെ നിക്ഷേപം: 34 ശതമാനവും പ്രവാസികളുടെത്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവാസി നിക്ഷേപത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31 വരെയുള്ള കണക്ക് പ്രകാരം വാണിജ്യബേങ്കുകളിലെ പ്രവാസി നിക്ഷേപം 90,331 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 27,623 കോടി രൂപയുടെ വര്‍ധനയുണ്ടായതായി സംസ്ഥാനതല ബേങ്കേഴ്‌സ് സമിതിയുടെ അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രവാസി നിക്ഷേപത്തിന്റെ ഏറിയ പങ്കും സ്വകാര്യ ബേങ്കുകളിലാണ്. ആകെ നിക്ഷേപത്തിന്റെ 41.55 ശതമാനം സ്വകാര്യബേങ്കുകളിലും 38.10 ശതമാനം സ്റ്റേറ്റ് ബേങ്ക് ഗ്രൂപ്പിലുമാണ്. പ്രവാസി നിക്ഷേപത്തിന്റെ 61.03 ശതമാനവും അര്‍ധ നഗര പ്രദേശങ്ങളില്‍ നിന്നാണ്. നഗരപ്രദേശങ്ങളില്‍ നിന്ന് 35.67 ശതമാനവും ഗ്രാമ പ്രദേശങ്ങളില്‍ നിന്ന് 3.3 ശതമാനവുമാണ് പ്രവാസി നിേക്ഷപത്തിലെ പങ്കാളിത്തം.
സംസ്ഥാനത്തെ മൊത്തം നിക്ഷേപം 2,67,133 കോടി രൂപയായി വര്‍ധിച്ചു. 2012 ഡിസംബറില്‍ 2, 20, 489 കോടിയായിരുന്നു. ഒരു വര്‍ഷത്തിനിടയില്‍ നിക്ഷേപത്തില്‍ 21.15ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. മൊത്തം നിക്ഷേപത്തിന്റെ 71.56ശതമാനമായിരുന്ന ആഭ്യന്തര നിക്ഷേപത്തിന്റെ അനുപാതം 66.19ശതമാനമായി കുറഞ്ഞു. ആകെ നിക്ഷേപത്തിന്റെ 35.78 ശതമാനവും സ്വകാര്യ ബേങ്കുകളിലാണ്. 34.76 ശതമാനം സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിലും. അതേസമയം വായ്പാ നിക്ഷേപാനുപാതത്തില്‍ കുറവുണ്ടായി. 2012 ഡിസംബറില്‍ 75.89 ശതമാനമായിരുന്ന വായ്പാ നിക്ഷേപാനുപാതം 2013 ഡിസംബറായപ്പോള്‍ 7.17 ശതമാനം കുറഞ്ഞു 68.72 ആയി. നഗരങ്ങളില്‍ 79.19 ശതമാനവും ഗ്രാമീണ മേഖലകളില്‍ 87.10 ശതമാനവും അര്‍ധനഗരപ്രദേശങ്ങളില്‍ 59.63 ശതമാനവും ആണു വായ്പാനിക്ഷേപാനുപാതം. സാധാരണഗതിയില്‍ 60 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ മെച്ചപ്പെട്ട പ്രകടനമാണെന്നാണ് വിലയിരുത്തല്‍.
വാണിജ്യബേങ്കുകളുടെ വായ്പാ വിതരണത്തിലും വര്‍ധനവുണ്ടായി. 1, 83, 583 കോടി രൂപയാണ് 2013 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം വാണിജ്യബേങ്കുകള്‍ വായ്പാ ഇനത്തില്‍ വിതരണം ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.71 ശതമാനത്തിന്റെ വര്‍ധന. വാണിജ്യബേങ്കുകള്‍ മുന്‍ഗണനാമേഖലകളില്‍ 60,151 കോടി രൂപ ചെലവഴിച്ചു. 2013-14 സാമ്പത്തികവര്‍ഷം ലക്ഷ്യമിട്ടതിന്റെ 75 ശതമാനമാണിത്. മുന്‍വര്‍ഷത്തേക്കാള്‍ 4559 കോടിയുടെ വര്‍ധനവാണിത്. ആകെ ചെലവിട്ടതിന്റെ 28,307 കോടി രൂപയും കാര്‍ഷിക മേഖലയിലാണ്. വ്യവസായമേഖലയില്‍ 5674 കോടിയും സേവന മേഖലയില്‍ 26,170 കോടിയും ചെലവഴിച്ചു.