ദുകം വ്യവസായ മേഖയില്‍ ബെല്‍ജിയം പദ്ധതികള്‍ക്ക് കരാര്‍

Posted on: March 21, 2014 11:19 pm | Last updated: March 21, 2014 at 11:19 pm
SHARE

മസ്‌കത്ത്: രാജ്യത്ത് വികസിച്ചു വരുന്ന വ്യവസായ മേഖലയായ ദുകം സ്വതന്ത്ര വ്യവായ മേഖലയില്‍ മൂന്നു വ്യവസായ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് കരാറിലെത്തി. ഒമാന്‍ സന്ദര്‍ശിച്ച ബെല്‍ജിയം കിംഗ് ഫിലിപ്പിന്റെ പ്രതിനിധിയാണ് ഒമാന്‍ അധികൃതരുമായി കരാറില്‍ ഒപ്പു വെച്ചത്.
ഒമാന്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസിക്കൊപ്പമാണ് അവര്‍ ദുകം ഫ്രീസോണ്‍ സന്ദര്‍ശിച്ചത്. ഫ്രാസോണ്‍ വ്യവസായ വികസനത്തില്‍ സഹകരിക്കുന്നതിനുള്ള മൂന്നു കരാറുകളിലാണ് ഒപ്പു വെച്ചതെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ബെല്‍ജിയം സംഘത്തിന്റെ സന്ദര്‍ശനം സുപ്രധാനമായ ചുവടുവെപ്പാണെന്നും ദുകം പോര്‍ട്ടിന്റെയും വ്യവായ മേഖലയുടെയും വികസനത്തിന് ഇതു നിര്‍ണായകമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. 250 ഹെക്ടര്‍ വിസ്തൃതി പ്രദേശത്തെ പദ്ധതികള്‍ക്കാണ് കരാര്‍ ആയിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കുന്ന വ്യവസയാങ്ങള്‍ സംബന്ധിച്ചും ധാരണയായിട്ടുണ്ട്.
വിദേശ രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും നിക്ഷേപത്തിനും വ്യവസായങ്ങള്‍ നടത്തുന്നതിനും അവസരം നല്‍കി രാജ്യം കൊണ്ടു വന്ന സ്വതന്ത്ര വ്യാപാര നയത്തിന്റെ ഭാഗമായാണ് വിദേശ രാജ്യങ്ങള്‍ ഒമാന്‍ ഫ്രീസോണുകളിലെത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 50 ശതമാനം ഉടമസ്ഥാവകാശത്തോടെയാണ് ബെല്‍ജിയം കമ്പനികള്‍ ദുകം പോര്‍ട്ടില്‍ പ്രവര്‍ത്തനം നടത്തുക. സ്വകാര്യ കമ്പനികളുടെയും പങ്കാളിത്തമുണ്ടാകും.
ദുകം പോര്‍ട്ടിലെ ലൊജിസ്റ്റിക് സര്‍വീസ് കോംപ്ലക്‌സ് ഉദ്ഘാടനത്തില്‍ ബെല്‍ജിയം രാജകുമാരി ആസ്ട്രിഡ് പങ്കെടുത്തു. ദുകം ഇന്‍ഡസ്ട്രിയല്‍ സോണിലെ ഒന്നാം ഘട്ട വികസന പദ്ധതികളുടെ തറക്കല്ലിടലും അവര്‍ നിര്‍വഹിച്ചു. ദുകം സോണിനെ സംബന്ധിച്ച് വളരെ നിര്‍ണായകമായ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് സ്‌പെഷ്യല്‍ സോണ്‍ അതോറിറ്റി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ദുകം പോര്‍ട്ടിലെയും വ്യവസായ മേഖലയിലെയും വിവിധ പദ്ധതികള്‍ ബെല്‍ജിയം സംഘം ചുറ്റിക്കണ്ടു.