Connect with us

Gulf

തൊഴിലാളികള്‍ക്ക് പ്രത്യേക താമസസൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി

Published

|

Last Updated

ദോഹ: തൊഴിലാളികള്‍ക്ക് പ്രത്യേക താമസസൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. സ്ഥലം നല്‍കി സ്വകാര്യ കമ്പനികളെക്കൊണ്ടു കെട്ടിടം നിര്‍മിച്ചു വാടകയ്ക്കു നല്‍കാനാണു പദ്ധതി. 1.68 ലക്ഷം തൊഴിലാളികള്‍ക്കുള്ള താമസ സൗകര്യമാണ് ഒരുങ്ങുന്നത്. ഒരു പ്രദേശത്ത് 28,000 തൊഴിലാളികള്‍ക്കു താമസിക്കാനാകും. 4,000 തൊഴിലാളികള്‍ക്കു താമസിക്കാന്‍ സൗകര്യമുള്ള ഏഴു കെട്ടിടങ്ങളാണ് നിര്‍മിക്കുക. ഇതു കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കടകള്‍, വിനോദ-കായിക സൗകര്യങ്ങള്‍ തുടങ്ങിയവയ്ക്കായി ഇതിനോടു ചേര്‍ന്നു മറ്റൊരു മേഖലയുമുണ്ടാകും. ഇതിന്റെ ടെന്‍ഡറുകള്‍ ഈ വര്‍ഷം പകുതിയോടെ നല്‍കാനാണ് ശ്രമം. നഗരസഭ, നഗരാസൂത്രണ മന്ത്രാലയമാണ് തൊഴിലാളികള്‍ക്കുള്ള കെട്ടിട നിര്‍മാണത്തിനു ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളത്.
തൊഴിലാളികള്‍ക്കു കെട്ടിടം നിര്‍മിച്ചുനല്‍കി പ്രവര്‍ത്തിപ്പിക്കാന്‍ ഖത്തര്‍ കമ്പനികളെയാണ് ക്ഷണിച്ചിട്ടുള്ളത്. മറ്റു കമ്പനികളുമായി ചേര്‍ന്ന് ഒറ്റയ്‌ക്കോ കൂട്ടായോ കെട്ടിടം പണിതു വാടകയ്ക്കു നല്‍കാം. സര്‍ക്കാര്‍ പാട്ടത്തിനു നല്‍കുന്ന സ്ഥലത്ത് കെട്ടിടം പണിത് വാടകയ്ക്കു നല്‍കുന്നതു കരാര്‍ ലഭിക്കുന്ന കമ്പനിയുടെ ചുമതലയിലാണ്. 15 വര്‍ഷത്തേക്കാണ് കരാര്‍. തുടര്‍ന്ന് കെട്ടിടം സര്‍ക്കാരിന്റെ ഉടമസ്ഥതയിലേക്കു കൈമാറണം. ഓരോ തൊഴിലാളി കോംപൗണ്ടിലേക്കുമുള്ള റോഡ്, സീവേജ്, ശുദ്ധജല പൈപ്പുകള്‍ എന്നിവ സര്‍ക്കാരിന്റെ ചുതമലയില്‍ കോംപൗണ്ടിന്റെ അതിര്‍ത്തിവരെ എത്തിക്കും. കോംപൗണ്ടിനകത്ത് ഇവയ്ക്കുള്ള സൗകര്യങ്ങള്‍ ചെയ്യേണ്ടത് കരാറുകാരന്റെ ചുമതലയാണ്.