Connect with us

Gulf

മസ്ജിദുന്നബവി വികസനം: സ്‌കൂളുകള്‍ ഒഴിപ്പിക്കുന്നത് നീട്ടിവെച്ചു

Published

|

Last Updated

മദീന: മസ്ജിദുന്നബവി വികസന പദ്ധതിക്കു വേണ്ടി 116 സ്‌കൂളുകള്‍ ഒഴിപ്പിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് നീട്ടിവെച്ചു. വികസന പദ്ധതിക്കുവേണ്ടി 116 സ്‌കൂളുകള്‍ പൊളിക്കാന്‍ തീരുമാനിച്ചിരുന്നു. സ്‌കൂളുകള്‍ ഒഴിപ്പിക്കുന്നത് സെക്കന്റ് ടേം പരീക്ഷ പൂര്‍ത്തിയാകുന്നതുവരെ നീട്ടിവെക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ഏപ്രില്‍ പതിനാറിന് സ്‌കൂളുകള്‍ ഒഴിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ബദല്‍ സംവിധാനം കണ്ടെത്താന്‍ ചില സ്‌കൂളുകള്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു. ബദല്‍ സ്‌കൂളുകള്‍ കണ്ടെത്തുന്നതിന് രക്ഷാകര്‍ത്താക്കള്‍ ശ്രമം ആരംഭിച്ചതോടെയാണ് സെക്കന്റ് ടേം പരീക്ഷ പൂര്‍ത്തിയാകുന്നതുവരെ സ്‌കൂളുകള്‍ ഒഴിപ്പിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയത്.
മദീനയിലെ ചരിത്ര പ്രധാനമായ മസ്ജിദുകള്‍ വികസന പദ്ധതിക്കുവേണ്ടി പൊളിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തി പരിപാലിച്ചു സംരക്ഷിക്കുന്നതിന് ഇവ ടൂറിസം, പുരാവസ്തു വകുപ്പിനും നഗരസഭക്കും കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ആകെ 131 മസ്ജിദുകളാണ് വികസന പദ്ധതി പ്രദേശത്ത് ഉല്‍പ്പെടുന്നതെന്ന് മദീന ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖാ മേധാവി ഡോ. മുഹമ്മദ് അല്‍ഖതരി പറഞ്ഞു. ഇതില്‍ അബൂബക്കര്‍ സ്വിദ്ദീഖ്, ഉമര്‍ ബിന്‍ ഖത്താബ്, അലി ബിന്‍ അബൂത്വാലിബ്, ഫാത്വിമതുല്‍ സുഹ്‌റാ എന്നിവ അടക്കമുള്ള ചരിത്ര പ്രധാനമായ മസ്ജിദുകള്‍ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നതിന് ടൂറിസം, പുരാവസ്തു വകുപ്പിനും നഗരസഭക്കും കൈമാറി. ഇസ്‌ലാമിക, ഔഖാഫ് കാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള 95 വഖഫ് കെട്ടിടങ്ങള്‍ വികസന പദ്ധതിക്കായി പൊളിക്കുന്നുണ്ട്. ഈ കെട്ടിടങ്ങളിലെ 250 ലേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് നഷ്ടപരിഹാരത്തുക ഉപയോഗിച്ച് ബദല്‍ കെട്ടിടങ്ങള്‍ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.