Connect with us

Gulf

അറബ് ലീഗ് പുതിയ കാഴ്ചപ്പാട് ഉച്ചകോടിയുടെ കാര്യപരിപാടിയില്‍

Published

|

Last Updated

കുവൈത്ത് സിറ്റി: അറബ് ലീഗ് പ്രവര്‍ത്തനം നവീകരിക്കുന്ന കാര്യം 25, 26 തീയതികളില്‍ കുവൈത്തില്‍ ചേരുന്ന ഉച്ചകോടിയുടെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തുമെന്നു സെക്രട്ടറി ജനറല്‍ നബീല്‍ അല്‍ അറബി അറിയിച്ചു. പുതിയ കാഴ്ചപ്പാടുമായി സമഗ്ര നവീകരണമാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സംവിധാനങ്ങള്‍ മേഖല/ രാജ്യാന്തര തലത്തിലുള്ള സംഘടനകളുമായി തുലനം ചെയ്യുമ്പോള്‍ കാലഹരണപ്പെട്ടതും മധ്യപൂര്‍വദേശങ്ങളിലെ വിവിധ വെല്ലുവിളികള്‍ നേരിടുന്നതിന് അപര്യാപ്തവുമാണെന്നാണു 2010 മുതലുള്ള അനുഭവമെന്ന് അദ്ദേഹം വിശദീകരിച്ചു.
2004ല്‍ ട്യൂണീഷ്യയില്‍ ചേര്‍ന്ന അറബ് ലീഗ് ഉച്ചകോടി നവീകരണ പ്രക്രിയ സംബന്ധിച്ചു രണ്ടു സുപ്രധാന തീരുമാനങ്ങള്‍ അംഗീകരിച്ചിരുന്നു. അറബ് സ്ഥാപനങ്ങളുടെ നവീകരണവും അറബ് രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തലുമായിരുന്നു അവ.
സമത്വം, മനുഷ്യാവകാശം, സമൂഹത്തില്‍ വനിതകള്‍ക്കുള്ള പദവി ഉയര്‍ത്തല്‍, അറബ് ലോകത്തു സമഗ്രമായ സാമ്പത്തിക വികസനത്തിനായി പ്രയത്‌നിക്കല്‍ തുടങ്ങിയവയില്‍ ഊന്നിയായിരുന്നു ഈ നിര്‍ദേശങ്ങള്‍. ഈ നിര്‍ദേശങ്ങളുടെ തുടര്‍ച്ചയെന്നോണം 2009ല്‍ ദോഹയില്‍ ചേര്‍ന്ന ഉച്ചകോടി അറബ് മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിനു തന്ത്രപ്രാധാന്യമുള്ള നടപടികളും ആലോചിച്ചു. മേഖലയില്‍ സ്ഥിരതയും സമാധാനവും നിലനിര്‍ത്തുന്നതിന് അറബ് ലീഗിന്റെ സന്നദ്ധതയുടെ പ്രതിഫലനമായാണ് ഈ നിര്‍ദേശങ്ങളൊക്കെ പരിഗണിക്കപ്പെട്ടത്. 2011ലും 2012ലും മന്ത്രിതലങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ അറബ് ലീഗിന്റെ വിവിധ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും 2025 ആകുമ്പോഴേക്കും ലക്ഷ്യ പൂര്‍ത്തീകരണം സാധ്യമാക്കുന്നതിനും തീരുമാനിച്ചിരുന്നു.
നിലവിലെ സാഹചര്യത്തില്‍ സാംസ്‌കാരിക രംഗത്തു കൂടുതല്‍ വിനിമയം അറബ് ലീഗ് ആഗ്രഹിക്കുന്നു. മനുഷ്യാവകാശങ്ങള്‍ക്കായി അറബ് കോടതി എന്ന ബഹ്‌റൈന്റെ നിര്‍ദേശത്തെയും സ്വാഗതം ചെയ്യുന്നു. അടിസ്ഥാനസൗകര്യ വിനിമയം, നിരക്ഷരതാ നിര്‍മാര്‍ജനം, അറബ് സര്‍ക്കാരുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും വരുമാനകാര്യത്തിലും സമത്വം ഉണ്ടാക്കുന്നതിനുമുള്ള ശ്രമം തുടങ്ങി അനവധി വിഷയങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

---- facebook comment plugin here -----

Latest