Connect with us

Gulf

രാജ്യാന്തര അശ്വമേള തുടങ്ങി

Published

|

Last Updated

ദുബൈ: രാജ്യാന്തര അറേബ്യന്‍ കുതിരയോട്ട ചാംപ്യന്‍ഷിപ്പും അശ്വമേളയും ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.
അഞ്ച് വന്‍കരകളില്‍ നിന്ന് 200 ലേറെ കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. ഫ്രാന്‍സ്, ഇറാന്‍, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, താന്‍സാനിയ എന്നീ രാജ്യങ്ങള്‍ ആദ്യമായാണ് അശ്വമേളയ്ക്ക് ദുബൈയിലെത്തുന്നത്. അറേബ്യന്‍ കുതിരകളുടെ ശക്തിയും കുതിപ്പും സൗന്ദര്യവും അവതരിപ്പിക്കുന്നതാണ് ചാംപ്യന്‍ഷിപ്പെന്ന് ദുബൈ രാജ്യാന്തര ഉന്നതാധികാര സമിതി ചെയര്‍മാന്‍ സിയാദ് അബ്ദുല്ല ഗലദാരി പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുതിരയോട്ട മേഖലയിലെ പ്രഫഷനലുകള്‍, കുതിര ഉടമകള്‍, ഡോക്ടര്‍മാര്‍, വിദഗ്ധര്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നുണ്ട്. ദുബൈ പോളോ ക്ലബ് ആന്‍ഡ് ഇക്വസ്ട്രിയന്‍ ക്ലബ് സംഘടിപ്പിക്കുന്ന കുടുംബങ്ങള്‍ക്ക് ആസ്വദിക്കാവുന്ന വിവിധ പരിപാടികളും അരങ്ങേറും. കുതിരയോട്ട സംബന്ധമായ ആര്‍ട് ഗ്യാലറി, ദുബൈ വിനോദ സഞ്ചാര വാണിജ്യ വിപണന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ സംസ്‌കാരം തുടിക്കുന്ന പരിപാടികള്‍, പൈതൃക വില്ലേജ്, പാചകം, വസ്ത്രം, കരകൗശല വസ്തുക്കളുടെയും കാലിഗ്രഫിയുടെയും പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും. സമാപന ദിവസമായ 23ന് 100 അറേബ്യന്‍ കുതിരകളുടെ ലേലവും നടക്കും.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ ഉപ ഭരണാധികാരിയും യു എ ഇ ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ സിവില്‍ വ്യോമയാന അതോറിറ്റി ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം എന്നിവരുടെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി. 22 വരെ രാവിലെ 11 മുതല്‍ രാത്രി എട്ട് വരെയും ഇന്ന്(വെള്ളി) ഉച്ചക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെയുമാണ് പരിപാടി. 23ന് സമാപിക്കും. പ്രവേശനം സൗജന്യം.

Latest