Connect with us

Gulf

പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ രാജ്യം പുതിയ ഉണര്‍വിലേക്കു സഞ്ചരിക്കുന്നു

Published

|

Last Updated

മസ്‌കത്ത്: രാജ്യത്തെ പരമ്പരാഗത മത്സ്യബന്ധന മേഖലക്ക് കൂടുതല്‍ ഉണര്‍വു ഉത്പാദനക്ഷമതയും നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി. ഈ മേഖലയില്‍ കൂടതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനൊപ്പം മത്സ്യത്തൊഴില്‍ ഗ്രാമങ്ങളെ പുരോഗതിയിലേക്കു കൊണ്ടു വരികയും ലക്ഷ്യമാണ്. 2020നുള്ളില്‍ പൂര്‍ത്തീകരിക്കുക ലക്ഷ്യം വെച്ചുള്ള ഹ്രസ്വകാല വികസന പദ്ധതിക്ക് ഫിഷറീസ് മന്ത്രാലയം രൂപം നല്‍കി.
500 ആധുനിക മത്സ്യബന്ധന ബോട്ടുകള്‍ ലഭ്യമാക്കിയാണ് ഈ മേഖലക്ക് കരുത്തു പകരുന്നത്. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ സഹായകമാകും. ആധുനിക സംവിധാനങ്ങളും ഉപകരണങ്ങളും ഇല്ലാത്തത് ഈ മേഖലയോട് സ്വദേശികളില്‍ പൊതുവേ അകല്‍ച്ച വരുന്നതു കൂടി പരിഗണിച്ചാണ് നവീകരണ പദ്ധതി നടപ്പിലാക്കുന്നത്. പുതിയ ബോട്ടുകള്‍ രാജ്യത്തു തന്നെയാണ് നിര്‍മിക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതു വഴി ബോട്ടു നിര്‍മാണ രംഗത്തും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.
ആധുനിക ബോട്ടുകള്‍ ലഭ്യമാക്കുന്നത് മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് സഹായകമാകുന്നതിനൊപ്പം തീരദേശ മത്സ്യബന്ധനം കുറക്കുകയും ആഴക്കടല്‍ മത്സ്യബന്ധനം വര്‍ധിപ്പിക്കാനും കഴിയുമെന്നു പ്രതീക്ഷിക്കുന്നു. പുതു തലമുറയില്‍നിന്നും കൂടുതല്‍ പേരെ ഈ രംഗത്തേക്കു കൊണ്ടു വരുന്നതിനും പദ്ധതി തയാറാക്കി നടപ്പിലാക്കുന്നുണ്ട്. പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ ഇപ്പോള്‍ ചെറിയ ഫൈബര്‍ ബോട്ടുകളാണ് ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് കരയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മാത്രമേ മത്സ്യബന്ധനം നടത്താന്‍ കഴിയൂ. തീരത്ത് കൂടുതല്‍ മത്സ്യബന്ധനത്തിലേര്‍പെടുന്നത് ലഭ്യത കുറയുന്നതിനും മറ്റു പാരിസ്ഥിതീക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് നിലവില്‍ 18,000 ഫൈബര്‍ ബോട്ടുകളും 40,000 മത്സ്യത്തൊഴിലാളികളുമാണുള്ളത്. ആധുനിക ബോട്ടുകള്‍ വരുന്നതോടെ ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോകാന്‍ കഴിയും. 13 മീറ്റര്‍ വലിപ്പമുള്ളതാകും പുതിയ ബോട്ടുകള്‍. ഇതില്‍ കാബിന്‍, വിശ്രമമുറി, സ്റ്റോര്‍ റൂം, മൂന്നു ദിവസം വരെ കടലില്‍ തുടരാന്‍ കഴിയുന്ന സംവിധാനങ്ങളും ബോട്ടില്‍ ഉണ്ടാകും. വലുതും ചെറുതുമായ മത്സ്യം പിടിക്കുന്നതിനും സൂക്ഷിക്കുന്നതിനും സജ്ജീകരണമുണ്ട്. മതിയായ സുരക്ഷാ സംവിധാനങ്ങളുമുള്ളതാണ് ബോട്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരം ആറു ബോട്ടുകള്‍ മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമാണെന്നു കണ്ടെത്തിയതിനെത്തുര്‍ന്നാണ് 500 ബോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്.
രാജ്യത്ത് ബോട്ട് നിര്‍മാണ യൂനിറ്റുകള്‍ ആരംഭിക്കുന്നതിന് നിരവധി കമ്പനികള്‍ സന്നദ്ധമായിട്ടുണ്ടെന്ന് മന്ത്രാലയം അറിയിക്കുന്നു. മികച്ച കമ്പനിയെ തിരഞ്ഞെടുത്ത് ചുമതലയേല്‍പിക്കും. സബ്‌സിഡി നിരക്കിലാണ് ബോട്ട് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുക.