ജസ്വന്ത് സിംഗിന് സീറ്റില്ല; ബാര്‍മറില്‍ സോണാറാം ബി ജെ പി സ്ഥാനാര്‍ത്ഥി

Posted on: March 21, 2014 4:32 pm | Last updated: March 22, 2014 at 12:01 am

jaswanth singhന്യൂഡല്‍ഹി: ബാര്‍മര്‍ മണ്ഡലത്തില്‍ നിന്ന് തനിക്ക് മത്സരിക്കണമെന്ന മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജസ്വന്ത് സിംഗിന്റെ ആവശ്യം ബി ജെ പി നിരാകരിച്ചു. ബാര്‍മറില്‍ സോണാറാം ചൗധരിക്കാണ് ബി ജെ പി ടിക്കറ്റ കൊടുത്തത്. കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയിലേക്ക് ചേക്കേറിയ നേതാവാണ് നിലവില്‍ നിയമസഭാംഗമായ സോണാറാം. തനിക്ക് സീറ്റ് കിട്ടിയില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ജസ്വന്ത് പറഞ്ഞിരുന്നു.

രാജസ്ഥാനിലാണ് ജസ്വന്തിന്റെ ജന്‍മസ്ഥലം കൂടിയായ ബാര്‍മര്‍ മണ്ഡലം. സാമുദായിക താത്പര്യവും മുഖ്യമന്ത്രി വസുന്ധരാരാജക്ക് ജസ്വന്തിനോടുള്ള എതിര്‍പ്പുമാണ് സീറ്റ് നിഷേധിക്കാന്‍ കാരണമെന്നാണ് അറിയുന്നത്. തന്റെ അവസാന പൊതുതെരെഞ്ഞെടുപ്പ് മത്സരമായതുകൊണ്ട് ജന്‍മനാട്ടില്‍ സീറ്റ് നല്‍കണമെന്നായിരുന്നു ജസ്വന്തിന്റെ ആവശ്യം. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറില്‍ വിദേശകാര്യം, പ്രതിരോധം, സാമ്പത്തികം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട് ജസ്വന്ത് സിംഗ്.