‘ഗൂഗിള്‍ ഡിജിറ്റല്‍ ആക്ടിവിസം പുരസ്‌കാരം’ ഇന്ത്യക്കാരന്; പിന്തള്ളിയത് സ്‌നോഡനെ

Posted on: March 21, 2014 2:02 pm | Last updated: March 21, 2014 at 3:50 pm
SHARE

shubhanshuന്യൂഡല്‍ഹി: എഡ്വേര്‍ഡ് സ്‌നോഡനെ പിന്തള്ളി ഗൂഗിള്‍ ഡിജിറ്റല്‍ ആക്ടിവിസം പുരസ്‌കാരം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ശുഭാന്‍ശു ചൗധരിക്ക്. സിജിനെറ്റ് സ്വര (ഛത്തീസ്ഗഢിന്റെ ശബ്ദം) എന്ന വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ്. കഴിഞ്ഞദിവസം ലണ്ടനില്‍ അവാര്‍ഡ് പ്രഖ്യാപിച്ചു.

എല്ലാവര്‍ക്കും മാധ്യമപ്രവര്‍ത്തനം പ്രാപ്യമാക്കുന്ന ആശയമാണ് സിജിനെറ്റ് സ്വര എന്ന തന്റെ വെബ്‌സൈറ്റിലൂടെ ശുഭാന്‍ശു മുന്നോട്ടുവെക്കുന്നത്. സാധാരണക്കാരന് മൊബൈല്‍ ഉപയോഗിച്ച റെക്കോര്‍ഡ് ചെയ്ത വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യാനുള്ള വെബ്‌സൈറ്റാണ് സിജിനെറ്റ്. ഇതുപയോഗിച്ച് പ്രാദേശികമായ പ്രശ്‌നങ്ങള്‍ ലോകത്തെ അറിയിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അഭിഭാഷകവൃത്തി, കല, ഡിജിറ്റല്‍ ആക്ടിവിസം, പത്രപ്രവര്‍ത്തനം എന്നീ മേഖലകളില്‍ നിന്നുള്ളവരുടെ മികച്ച സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

വളരെ പ്രഗല്‍ഭനായ പത്രപ്രവര്‍ത്തകനാണ് ശുഭാന്‍ശു. ബി ബി സി, ദി ഗാര്‍ഡിയന്‍ എന്നിവക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം ഹിന്ദി ദിനപത്രമായ ദേശബന്ധുവിന്റെ റിപ്പോര്‍ട്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

cgnet swara
സിജിനെറ്റിന്റെ പേജ്

 

യു എസ് നാഷണല്‍ സെക്യൂരിറ്റി എജന്‍സി രാജ്യത്തലവന്‍മാരുടെയടക്കം രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് പുറത്തുകൊണ്ടുവന്ന എഡ്വേര്‍ഡ് സ്‌നോഡനാണ് ഇത്തവണത്തെ അവാര്‍ഡിന് നാമനിര്‍ദേശം ലഭിച്ച പ്രമുഖന്‍.

ഇന്ത്യയില്‍ ഇപ്പോഴും ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്കിടയില്‍ വാര്‍ത്താവിനിമയ സംവിധാനം പ്രവര്‍ത്തനക്ഷമമല്ലെന്നാണ് ശുഭാന്‍ശു പറയുന്നത്. ഇത്തരം ആളുകള്‍ക്ക് വാര്‍ത്ത നല്‍കാനും അറിയാനുമാണ് തന്റെ സംരംഭമെന്ന് അദ്ദേഹം പറയുന്നു. 500ലധികം വാര്‍ത്തകള്‍ ഇത്തരത്തില്‍ ദിനംപ്രതി ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് ശുഭാന്‍ശു പറയുന്നു.