മലപ്പുറത്ത് പാര്‍ട്ടികള്‍ പ്രചാരണ ചൂടില്‍

Posted on: March 21, 2014 8:06 am | Last updated: March 21, 2014 at 8:06 am
SHARE

മലപ്പുറം: പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ എല്‍ ഡി എഫ്, ബി ജെ പി സ്ഥാനാര്‍ത്ഥികളും പൊന്നാനി മണ്ഡലത്തിലെ ബി എസ് പി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ഇന്നലെ പത്രിക സമര്‍പ്പിച്ചു. ഇതോടെ മത്സരരംത്തെ പ്രമുഖരെല്ലാം പത്രിക സമര്‍പ്പിച്ച് കഴിഞ്ഞു.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ പ്രകടനമായാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്. മലപ്പുറം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ സൈനബയാണ് ആദ്യം പത്രിക സമര്‍പ്പിക്കാനെത്തിയത്. സി പി എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ, പി ഗൗരി എന്നിവരാണ് സൈനബയോടൊപ്പമുണ്ടായിരുന്നത്.
പിന്നീട് പൊന്നാനി മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാനും പത്രിക സമര്‍പ്പിക്കാനെത്തി. ഇടതുപക്ഷ പ്രവര്‍ത്തകരോടൊപ്പം പ്രകടനമായാണ് ഇരുവരും കലക്ടറേറ്റിലെത്തിയത്. സൈനബയുടെ വാര്‍ഷിക വരുമാനം 1,34,100 രൂപയാണ്. ബേങ്ക് അക്കൗണ്ട് 68,336 രൂപ. എടവണ്ണ വില്ലേജില്‍ 0.738 ഹെക്റ്ററില്‍ 1920 ചതുരശ്ര അടി വീടുണ്ട്.
വി അബ്ദുര്‍റഹ്മാന്റെ വാര്‍ഷിക വരുമാനം 6,05,456. ആകെ 600 ഗ്രാം ആഭരണങ്ങള്‍ കൈവശമുണ്ട്. കോഴിക്കോട് സ്വന്തമായി ഫഌറ്റുണ്ട്. തിരൂരില്‍ 15.94 സെന്റ് ഭൂമി സ്വന്തമായുണ്ട്. കാലിക്കറ്റ് ഐ ടി സിയില്‍ നിന്നും 1981 ല്‍ ഡിപ്ലൊമ പാസ്സായി. ജംഗമ ആസ്തിയുടെ ആകെ മൂല്യം 5,68,91,366. മലപ്പുറം നിയോജകമണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ഥി ശ്രീപ്രകാശിന്റെ വാര്‍ഷിക വരുമാനം 3,94,000 രൂപയാണ്. ബേങ്ക് അക്കൗണ്ട് 1,06, 552. ഒരു ഫോര്‍ഡ് കാര്‍ സ്വന്തമായുണ്ട്. ഭാര്യക്ക് 320 ഗ്രാം സ്വര്‍ണമുണ്ട്. സ്വന്തമായി എട്ട് ഗ്രാമുണ്ട്. വെട്ടിക്കാട്ടിരിയില്‍ 65 സെന്റ് ഭൂമിയും 2500 ചതുരശ്ര അടി വീടുമുണ്ട്. 20 ലക്ഷം രൂപ നടപ്പ് കബോള വില. പൊന്നാനി നിയോജകമണ്ഡലത്തില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി അയ്യപ്പന്‍നാമനിര്‍ദേശ പത്രിക നല്‍കി.
വാര്‍ഷിക വരുമാനം 4,01,826. തിരൂര്‍ എസ് ബി ഐയില്‍ 7,25,000 രൂപയുടെയും തിരൂര്‍ അര്‍ബന്‍ കോപ്പറേറ്റീവ് ബേങ്കില്‍ 16,00,000 രൂപയുടേയും നിക്ഷേപമുണ്ട്. ഒരു മാരുതി സ്വന്തമായുണ്ട്. ഭാര്യക്ക് 80 ഗ്രാം സ്വര്‍ണമുണ്ട്. തിരൂര്‍ താലൂക്കില്‍ തൃക്കണ്ടിയൂര്‍ വില്ലേജില്‍ 15 സെന്റ് ഭൂമിയും 600 ചതുരശ്ര അടി വീടുമുണ്ട്. അഞ്ച് ലക്ഷം രൂപ നടപ്പ് കമ്പോള വില. പൊന്നാനി നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ടി പി അബുലൈസ് നാമനിര്‍ദേശ പത്രിക നല്‍കി. വാര്‍ഷിക വരുമാനം 3,27,743. ബേങ്ക് അക്കൗണ്ടില്‍ 66,350. ഹൂണ്ടായി കാര്‍ സ്വന്തമായുണ്ട്. ഭാര്യക്ക് 160 ഗ്രാം സ്വര്‍ണമുണ്ട്. തേഞ്ഞിപ്പലം വില്ലേജില്‍ 15 സെന്റ് ഭൂമിയും 1250 ചതുരശ്ര അടി വീടുമുണ്ട്.
അറുപതുകാരനായ സത്യന്‍ മൊകേരിക്ക് പരമ്പരാഗതമായി കിട്ടിയ 20,41,250 രൂപ വിലമതിക്കുന്ന സ്വത്തുക്കളും 1,22,861 രൂപയുടെ ജംഗമ വസ്തുക്കളുമാണ് സ്വന്തമായുള്ളതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ആയിരം രൂപയാണ് സത്യന്‍ മൊകേരിയുടെ കയ്യിലുള്ള പണം. വിവിധ ബേങ്കുകളിലും എല്‍ഐസി, ചിട്ടി, ട്രഷറി തുടങ്ങിയവയിലുമായി 1,22,861 രൂപയുടെ നിക്ഷേപമാണ് സത്യന്‍ മൊകേരിക്കുള്ളത്. ഭാര്യ അഡ്വ. പി. വസന്തത്തിന്റെയും മകന്‍ അച്യുത് വി സത്യന്റെയും കൈയില്‍ ആയിരം രൂപ വീതമുണ്ട്. ഭാര്യയുടെ വിവിധ ബാങ്കുകളിലെയും പോസ്‌റ്റോഫീസിലെയും അക്കൗണ്ടുകളിലായി 5,22,211 രൂപയും പരമ്പരാഗതമായി ലഭിച്ച 10,11,000 രൂപയുടെ സ്വത്തുക്കളുമുണ്ട്. എല്‍ഐസിയില്‍ നിന്ന് 83,000 രൂപ സത്യന്‍ മൊകേരി വായ്പയെടുത്തിട്ടുണ്ട്. മകന്‍ അച്യുതിന്റെ പേരില്‍ വട്ടോളി കനറ ബേങ്കില്‍ 4,19,699 രൂപയുടെ വിദ്യാഭ്യാസ വായ്പയുണ്ട്. സ്വന്തമായി വാഹനങ്ങളില്ലാത്ത സത്യന്‍ മൊകേരിയുടെ ഭാര്യക്ക് 2004 മോഡല്‍ മാരുതി ആള്‍ട്ടോ കാര്‍ ഉണ്ട്. 1980ല്‍ കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയെങ്കിലും സാമൂഹ്യപ്രവര്‍ത്തനമാണ് തൊഴില്‍. സ്ഥാനാര്‍ഥിക്ക് സ്വന്തമായി ഫേസ്ബുക്ക് അക്കൗണ്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി വി ദക്ഷിണമൂര്‍ത്തി, ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, എ ഐ വൈ എഫ് അഖിലിന്ത്യ സെക്രട്ടറി പി സന്തോഷ്‌കുമാര്‍, ജനതാദള്‍ സംസ്ഥാന സെക്രട്ടറി പി എം ജോയി എന്നിവരോടൊപ്പമാണ് സത്യന്‍ മൊകേരി പത്രിക നല്‍കാനെത്തിയത്.
ബി ജെ പി പൊന്നാനി മണ്ഡലം സ്ഥാനാര്‍ഥി കെ നാരായണന്‍ മാസ്റ്ററും മലപ്പുറം മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. എന്‍ ശ്രീപ്രകാശനും ഇന്നലെ പത്രിക നല്‍കി. ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിനേതാക്കള്‍ക്കുമൊപ്പം പ്രകടനമായാണ് ബി ജെ പി സ്ഥാനാര്‍ഥികള്‍ കലക്‌ട്രേറ്റ് കവാടത്തിലെത്തിയത്. ബി ജെ ദേശീയ കൗ ണ്‍സില്‍ അംഗം ജനചന്ദ്രന്‍ മാസ്റ്റര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നിര്‍മ്മല കുട്ടികൃഷ്ണന്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി ടി ആലിഹാജി, ബിജെപി ജില്ലാ ട്രഷറര്‍ എം. രാജീവന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കലക്ടര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പൊന്നാനി മണ്ഡലം സ്ഥാനാര്‍ഥി കെ നാരായണന് കൂടെ നാഷണല്‍ കൗണ്‍സില്‍ അംഗം സി വാസുദേവന്‍ മാസ്റ്റര്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മാഞ്ചേരി നാരായണന്‍, ജില്ലാ വൈസ് പ്രസിഡന്റ് കോതേരി അയ്യപ്പന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.