പെരുമാറ്റച്ചട്ട പാലനം ഉറപ്പാക്കുന്നതിന് വിപുലമായ സംവിധാനം

Posted on: March 21, 2014 8:00 am | Last updated: March 21, 2014 at 8:00 am
SHARE

കോഴിക്കോട്: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റചട്ടം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ വിപുലമായ സംവിധാനങ്ങള്‍.
കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും പ്രചാരണ പരിപാടികളും നിരീക്ഷിക്കുന്നതിന് ഇലക്ഷന്‍ കമ്മീഷന്റെ നിരീക്ഷകര്‍ ഇന്ന് ജില്ലയിലെത്തും. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും സര്‍ക്കാര്‍ സംവിധാനവും ഇലക്ഷന്‍ കമ്മീഷന്റെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് നിരീക്ഷകരുടെ പ്രധാന ചുമതല. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരായ രമണ്‍കുമാര്‍, അശോക് കുമാര്‍ സന്‍വാരിയ എന്നിവരാണ് ഇന്ന് ജില്ലയിലെത്തുന്നത്.
പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് വിവിധ സ്‌ക്വാഡുകളും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ സി എ ലത അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരീക്ഷകരുടെ കീഴില്‍ ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പരാതികളുണ്ടെങ്കില്‍ നിരീക്ഷകരുടെ ശ്രദ്ധയില്‍ പെടുത്താന്‍ അവസരമുണ്ടാകും.
സമുദായ ഐക്യം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക, സ്ഥാനാര്‍ത്ഥികളെയും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെയും വിമര്‍ശിക്കുമ്പോള്‍ വ്യക്തിഹത്യ ഒഴിവാക്കുക, ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കാതിരിക്കുക, ജാഥകളുടെയും പ്രചാരണ പരിപാടികളുടെയും വിവരം മുന്‍കൂട്ടി പോലീസിനെ അറിയിക്കുകയും സമാധാനപരമായി പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുക, ഉച്ചഭാഷിണികള്‍ ഉപയോഗിക്കുമ്പോള്‍ നിര്‍ബന്ധമായും ലൈസന്‍സ് വാങ്ങിയിരിക്കുക, മറ്റ് പാര്‍ട്ടികളുടെ ജാഥകള്‍ക്കും പ്രചാരണ പരിപാടികള്‍ക്കും തടസ്സമുണ്ടാക്കാതിരിക്കുക, സര്‍ക്കാര്‍ സംവിധാനം അധികാരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കുക, സ്വകാര്യ ഉടമസ്ഥതയിലുള്ള മതിലുകളിലും മറ്റും അനുവാദമില്ലാതെ പരസ്യം പതിക്കാതിരിക്കുക, തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷനിലേക്ക് സ്ഥാനര്‍ത്ഥിയുടെയോ രാഷ്ട്രീയപാര്‍ട്ടിയുടെയോ ചെലവില്‍ സമ്മതിദായകര്‍ക്ക് വാഹന സൗകര്യം ഒരുക്കുന്നത് ഒഴിവാക്കുക തുടങ്ങിയവയാണ് ഇലക്ഷന്‍ കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്ന പൊതുവായുള്ള പെരുമാറ്റച്ചട്ടം. നിശ്ചിത പരിധിയായ 70 ലക്ഷം രൂപയിലധികം തുക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാര്‍ത്ഥികള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ ചിലവ് നിരീക്ഷകര്‍ നേരത്തെ ജില്ലയില്‍ എത്തിയിരുന്നു. കളക്ടറേറ്റിലെ ചിലവ് നിരീക്ഷണ സെല്ലും സജീവമാണ്.
മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്കും മറ്റും ചെലവഴിക്കുന്ന തുക വിലയിരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ കളക്ടറേറ്റിലെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് സെല്ലിലും ആരംഭിച്ചു. ഇതു സംബന്ധിച്ച പ്രതിദിന റിപ്പോര്‍ട്ട് ചെലവ് നിരീക്ഷകര്‍ക്ക് സമര്‍പ്പിക്കും.