പീച്ചി ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളം പാഴാകുന്നു

Posted on: March 21, 2014 12:02 am | Last updated: March 21, 2014 at 12:02 am
SHARE

പുതുക്കാട്: അളഗപ്പ നഗര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പീച്ചി ഡാമില്‍ നിന്ന് ഇടതുകര കനാല്‍ വഴി തുറന്നു വിട്ട വെള്ളം പാഴാകുന്നു. ഗ്രാമപഞ്ചായത്തിലെ തന്നെ പയ്യാക്കര പ്രദേശത്ത് കനാല്‍ ബണ്ട് ചോര്‍ന്ന് വെള്ളം കുട്ടോലി പാടം തോട് വഴി കുറുമാലി പുഴയിലേക്ക് ഒഴുകി പോകുകയാണ്. ഒരാഴ്ചയായി വെള്ളം തുറന്നു വിടുന്നുണ്ട്. അളഗപ്പ നഗര്‍ ഗ്രാമപഞ്ചായത്തിലെ ജലക്ഷാമമുള്ള സ്ഥലങ്ങളില്‍ കനാലില്‍ ഇതുവരേയും വെള്ളം എത്തിയിട്ടില്ല. പയ്യാക്കര പ്രദേശത്തെ കുറെ ഭാഗങ്ങളില്‍ കനാലിന്റെ ചോര്‍ച്ച പരിഹരിക്കാന്‍ കോണ്‍ക്രീറ്റിംഗ് നടത്തിയെങ്കിലും ശേഷിക്കുന്ന സ്ഥലങ്ങളിലാണ് ചോര്‍ച്ച. കനാലിന് താഴെ റബ്ബര്‍ കൃഷി നടത്തുന്നവര്‍ കനാല്‍ ബണ്ടില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കി വെള്ളം ചോര്‍ത്തുന്നതായും പരാതിയുണ്ട്.
വര്‍ഷക്കാലത്ത് മഴവെള്ളം പുഴയിലേക്ക് ഒഴുകി പോകുന്ന തോടുകളിലൂടെ വെള്ളം ഒഴുകി പാഴായി പോകുന്നത് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ കണ്ടില്ലെന്ന് നടക്കുകയാണ്. ഈ പ്രദേശത്ത് ഡ്യൂട്ടിക്കുള്ള വാച്ചര്‍മാരൊന്നും വെള്ളം പാഴാകുന്നത് കാണുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.