Connect with us

Articles

ന്യൂനപക്ഷങ്ങള്‍ തോല്‍ക്കുന്ന തിരഞ്ഞെടുപ്പുകള്‍

Published

|

Last Updated

തിരഞ്ഞെടുപ്പ് തിരക്കിലാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം. തങ്ങളെ ആര് ഭരിക്കണമെന്ന് തീരുമാനിക്കാന്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് കിട്ടുന്ന അവസരം. 16-ാം ലോക്‌സഭയില്‍ ആരെ വാഴിക്കണമെന്ന് തീരുമാനിക്കാന്‍ രാജ്യത്തെ ഒന്‍പത് ലക്ഷത്തിലധികം വരുന്ന പോളിംഗ് സ്‌റ്റേഷനുകളിലൂടെ 81.4 കോടിയോളം ജനത വോട്ട് ചെയ്യാനായി തയ്യാറെടുക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ജനങ്ങളെ ഓര്‍ക്കുന്ന ഒരു സമയം കൂടിയാണ് തിരഞ്ഞെടുപ്പുകാലം.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്ന ഒട്ടനവധി രാഷ്രീയമാനങ്ങളുണ്ട്. രാഷ്ട്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ മുന്നണി സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എയും ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എയുമാണ് മുഖ്യധാരയിലുള്ളത്. ഒരു വശത്ത് മതേതരത്തിന്റെ പേരില്‍ വോട്ട് തേടുമ്പോള്‍ മറുവശത്ത് വികസനത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നു. ഈ ഘട്ടത്തില്‍ ഇവര്‍ പറയുന്ന മതേതരത്വവും വികസനവും എന്താണെന്ന് വിലയിരുത്തേണ്ടതുണ്ട്. ഭരണകൂടം ഏതെങ്കിലും മതവിശ്വാസത്തെയോ പ്രത്യേക മതമൂല്യങ്ങളെയോ പ്രോത്സാഹിപ്പിക്കുകയോ ഭരണസ്വാതന്ത്ര്യം ഉപയോഗിച്ച് മതങ്ങളെ പീഡിപ്പിക്കുകയോ ചെയ്യില്ല എന്ന മുഖ്യലക്ഷ്യത്തോടെയുള്ള ഒരു കൂട്ടം ആശയങ്ങളെയും മൂല്യങ്ങളെയുമാണ് മതേതരത്വം എന്ന പദം സൂചിപ്പിക്കുന്നതെന്നാണ് പ്രമുഖരുടെ അഭിപ്രായം. എല്ലാ മതങ്ങള്‍ക്കും മതവിശ്വാസികള്‍ക്കും മതമില്ലാത്തവര്‍ക്കും രാജ്യത്ത് തുല്യ പരിഗണന ലഭ്യമാക്കുക എന്ന് വേണമെങ്കില്‍ ചുരുക്കി പറയാം. ഇത് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ഒരു ആശയമാണ്. എന്നാല്‍ രാജ്യത്തെ നിലവിലെ സ്ഥിതി നോക്കുമ്പോള്‍ ഇത് എത്രമാത്രം പാലിക്കപ്പെടുന്നുണ്ട്? ആശങ്കാജനകമായ വസ്തുതകളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ആരാണ് ഇതിന് ഉത്തരവാദികള്‍? ആരെയാണ് നമ്മള്‍ പഴിക്കേണ്ടത്? നമ്മളെ തന്നെയോ? അതോ ഓരോ സമയത്തും നമ്മള്‍ തിരെഞ്ഞെടുത്തയച്ച ജനപ്രതിനിധികളെയോ? എന്തായാലും ഒരു കാര്യം ഉറപ്പാണ് ഭരണീയരേക്കാള്‍ വലിയ പങ്ക് ഭരണകര്‍ത്താക്കള്‍ക്ക് തന്നെയാണ് ഉള്ളത്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഭരിച്ചതില്‍ ഏറിയ പങ്കും കോണ്‍ഗ്രസ് നയിച്ച സര്‍ക്കാറുകള്‍ ആയിരുന്നു. 1950നും 1990നും ഇടയില്‍ രണ്ട് തവണയൊഴികെ ബാക്കി എല്ലാ തവണയും കോണ്‍ഗ്രസ് അധികാരത്തിലെത്തി. 1977നും 1980നും ഇടയില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടു. 1980ലും 1984ലും യഥാക്രമം ഇന്ദിരാ ഗാന്ധിയുടെയും പുത്രന്‍ രാജീവ് ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരം തിരികെ പിടിച്ചു. 1989ല്‍ വി പി സിംഗിന്റെ നേതൃത്വത്തില്‍ ജനതാദള്‍ ഇടതുപക്ഷത്തിന്റെയും ബി ജെ പിയുടെയും പിന്തുണയോടെ ഭരിച്ചു. അതിന് ദീര്‍ഘായുസ്സ് ഉണ്ടായില്ല. രാജീവ് ഗാന്ധി വധത്തിന്റെ സഹതാപ തരംഗത്തില്‍ 1991ല്‍ നരസിംഹ റാവു അധികാരത്തിലെത്തി. 1996ല്‍ കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ കുറച്ച് കാലം ദേവെ ഗൗഡയും ഐ കെ ഗുജറാളും പ്രധാനമന്ത്രിമാരായി. തുടര്‍ന്ന് 1998ല്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ മുന്നണി രൂപവത്കരിക്കുകയും വീണ്ടും ജനവിധി തേടി അവര്‍ ഭരണത്തിലേറുകയും ചെയ്തു. ആദ്യമായി അഞ്ച് വര്‍ഷം ഭരണം നടത്തിയ കോണ്‍ഗ്രസ്സിതര സര്‍ക്കാറായിരുന്നു അത്. പിന്നീട് ജനങ്ങള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിയെ(യു പി എ) അധികാരത്തിലേറ്റുന്നതാണ് കാണാന്‍ കഴിഞ്ഞത്. 2004ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുകയും ഭരണത്തിലേറുകയും ചെയ്തു. ഇടതു പക്ഷത്തിന്റെ പിന്തുണയോടെയാണ് ഈ സഖ്യം അധികാരത്തിലേറിയത്. ബി ജെ പിയായിരുന്നു പ്രധാന പ്രതിപക്ഷത്ത്. 2009ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ യു പിഎ വീണ്ടും അധികാരത്തിലെത്തി.
അങ്ങനെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മുന്‍പില്‍ പലതവണ രാജ്യത്തെ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ദയനീയ അവസ്ഥ ഉയര്‍ന്നുവന്നു. ഒടുവില്‍ മുസ്‌ലിം സമുദായത്തിന്റെ സാമുഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെ കുറിച്ചു പഠിക്കുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒരു സമിതിയെ നിയോഗിച്ചു. രജീന്ദര്‍ സച്ചാര്‍ സമിതി. നാല് മുസ്‌ലിംകള്‍ ഉള്‍പ്പെടെ ഏഴ് അംഗങ്ങള്‍ അടങ്ങിയ സമിതിയുടെ തലവന്‍ ജസ്റ്റീസ് രജീന്ദര്‍ സച്ചാര്‍ ആയിരുന്നു. 2005 മാര്‍ച്ച് ഒന്‍പതിന് ആണ് ഈ കമ്മിറ്റി നിലവില്‍ വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ടേംസ് ഓഫ് റഫറന്‍സ് ലഭിച്ച് 20 മാസത്തിനു ശേഷം 2006 നവംബര്‍ 30ന് ലോക്‌സഭയുടെ മേശപ്പുറത്ത് സമിതി റിപ്പോര്‍ട്ട് വെച്ചു. 403 പേജ് വരുന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ മുസ്‌ലിംകളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായുള്ള ശിപാര്‍ശകളും പരിഹാരനടപടികളും അടങ്ങിയതായിരുന്നു. തൊഴില്‍, വിദ്യാഭ്യാസം, താമസം എന്നീ രംഗങ്ങളില്‍ മുസ്‌ലിംകള്‍ക്ക് അവസര സമത്വം ഉറപ്പ് വരുത്തുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ മുന്നോട്ടു വെക്കുന്ന റിപ്പോര്‍ട്ട്. ചില സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളുടെ അവസ്ഥ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെക്കാള്‍ താഴ്ന്ന നിലവാരത്തിലുള്ളതാണെന്ന സച്ചാര്‍ സമിതി റിപ്പോര്‍ട്ട് മതേതര ഇന്ത്യക്ക് ഞെട്ടലുളവാക്കുന്നതായിരുന്നു. ഐ എ എസില്‍ മൂന്ന് ശതമാനവും ഐ എഫ് എസില്‍ 1.8 ശതമാനവും ഐ പി എസില്‍ നാല് ശതമാനവുമാണ് മുസ്‌ലിംകളുടെ പ്രാതിനിധ്യം.
ഇന്ത്യന്‍ റെയില്‍വേയില്‍ 4.5 ശതമാനമാണ് മുസ്‌ലിം പ്രാതിനിധ്യം. അവരിലെ 98.7 ശതമാനവും താഴ്ന്ന നിലയിലുള്ള ജോലി സ്ഥാനങ്ങളിലാണ്. സര്‍വകലാശലകളിലും മുസ്‌ലിംകളുടെ തൊഴില്‍ പ്രാതിനിധ്യം തീരെ കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പോലീസ് കോണ്‍സ്റ്റബിള്‍മാരിലെ അംഗ സംഖ്യ ആറ് ശതമാനം മാത്രം. ആരോഗ്യ രംഗത്ത് 4.4 ശതമാനവും ഗതാഗത മേഖലയിലെ തൊഴില്‍ രംഗത്ത് 6.5 ശതമാനവുമാണ്. മുസ്‌ലിം രക്ഷിതാക്കള്‍ മുഖ്യധാരാ വിദ്യാഭ്യാസത്തോട് എതിരു നില്‍ക്കുന്നവരോ സര്‍ക്കാര്‍ സ്‌കൂളുകളില്‍ തങ്ങളുടെ കുട്ടികളെ പഠനത്തിനയക്കാന്‍ കൂട്ടാക്കാത്തവരോ അല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്‌ലിം കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശം പരിമിതമാണെന്നതാണ് കാരണം.
തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളിലെ മുസ്‌ലിം പങ്കാളിത്തമാകട്ടെ തുലോം തുച്ഛവും. മുസ്‌ലിംകള്‍ കൂടുതലായി കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള ഗ്രാമങ്ങളില്‍ വേണ്ടത്ര നല്ല അപ്രോച്ച് റോഡുകളോ പ്രാദേശിക ബസ് സ്‌റ്റോപ്പുകളോ പോലും ഇല്ലെന്ന വസ്തുത വികസന കാര്യങ്ങളിലെ വിവേചനം രാജ്യത്ത് നിലനില്‍ക്കുന്നുവെന്ന വാദത്തിന് അടിവരയിടുന്നുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് വന്ന് ഏകദേശം എട്ട് വര്‍ഷത്തിനു ശേഷം പ്രധാനമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് കൗതുകകരമായിരുന്നു. ചരിത്രത്തില്‍ ഇടം പിടിച്ച പ്രധാനമന്ത്രിയുടെ രണ്ടാം വാര്‍ത്താ സമ്മേളനത്തില്‍ ഉറുദു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം സച്ചാര്‍ റിപ്പോര്‍ട്ടിനെ കുറിച്ചായിരുന്നു. നീണ്ട ഒന്‍പതര വര്‍ഷക്കാലം എല്ലാ വിധ അധികാരവും കൈയിലുണ്ടായിരുന്ന പ്രധാനമന്ത്രി പറഞ്ഞത് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കഴിയാത്തതില്‍ തനിക്ക് ദുഃഖമുണ്ടെന്നായിരുന്നു. ഇങ്ങനെ പറയുന്ന പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ഒന്നേയുള്ളൂ. പിന്നെയെന്തിനായിരുന്നു ആ സമിതിയെ നിയോഗിച്ചതും പഠനം നടത്തിയതും? അതല്ല ആ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രാജ്യത്തെ മുസ്‌ലിംകള്‍ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരുമെന്നത് കൊണ്ടാണോ? അതുമല്ലെങ്കില്‍ ആരെയെങ്കിലും ഭയന്നിട്ടാണൊ റിപ്പോര്‍ട്ട് നടപ്പിലാക്കാതെപോയത്? എന്ത് തന്നെയാണെങ്കിലും രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. അദ്ദേഹത്തിനായില്ലെങ്കില്‍ അദ്ദേഹത്തിന്റെ മുന്നണിയെങ്കിലും വിശദീകരിക്കണം. പ്രത്യേകിച്ച് മതേതരത്വത്തിന് വോട്ട് ചോദിച്ച് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈ അവസരത്തില്‍. മണ്ഡല്‍ കമ്മീഷനും നരേന്ദ്രന്‍ കമ്മീഷനുമടക്കം ഇത്തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ ഈ നാട്ടിലെ ന്യൂനപക്ഷങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഒന്നും നടപ്പാക്കാന്‍ ആര്‍ജവമുള്ള ഭരണാധികാരികള്‍ നാട്ടിലില്ലാതെ പോയി. ഭരണഘടനയുടെ അനുച്ഛേദം ഇരുപത്തി ഒന്‍പത് മുതല്‍ മുപ്പത് വരെ ന്യൂനപക്ഷ അവകാശങ്ങള്‍ നടപ്പിലാക്കേണ്ടതിന്റെ ഗൗരവം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഭരണഘടന ഇങ്ങനെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു രാജ്യത്ത്, മുസ്‌ലിംകള്‍ രണ്ടാം തരം പൗരന്‍മാരായി മാറ്റി നിര്‍ത്തപ്പെടുന്നുവെന്ന തോന്നല്‍ അവര്‍ക്കിടയില്‍ ശക്തമായി നിലനില്‍ക്കുന്നുവെന്ന് രാജ്യത്തെ ഉത്തരവാദപ്പെട്ടവര്‍ തന്നെയാണ് നിരന്തരം പറയുന്നത്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ എന്തിന്റെയെങ്കിലും പേരില്‍ അറസ്റ്റ് ചെയ്യുമ്പോള്‍ മുന്‍വിധികളില്ലാതെ കൂടുതല്‍ ശ്രദ്ധയോടെ വേണം നിയമനടപടികള്‍ സ്വീകരിക്കേണ്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് രണ്ട് പ്രാവശ്യം സംസ്ഥാന മുഖ്യമന്ത്രിമാരോട് സര്‍ക്കുലര്‍ ഇറക്കി ആവശ്യപ്പെടേണ്ടി വന്നതും ഈ നാട്ടില്‍ നാം കണ്ടതാണ്.
ഫലം ചെയ്യാതെപോയ ആ സര്‍ക്കുലര്‍ കൊണ്ടുള്ള ഉദ്ദേശ്യമെന്തായിരുന്നു? ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നുവെന്ന് ചിലരെക്കൊണ്ട് പറയിപ്പിക്കുക മാത്രമായിരുന്നോ? അതു വഴി എക്കാലത്തെയും പോലെ ഈ നാട്ടിലെ മതേതരവിശ്വാസികളുടെ മനസ്സില്‍ ഇടം പിടിക്കാനായിരുന്നില്ലേ ശ്രമിച്ചത്? ഇതിനോട് ചേര്‍ത്തു വായിക്കേണ്ട സമാനമായൊരു സംഭവമുണ്ട്. ഡല്‍ഹിയില്‍ മാസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ വഖ്ഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി കേവലം ഒരു ഓഫിസ് തുറന്നു. വഖ്ഫ് ബോര്‍ഡിന് കോടികളുടെ ഫണ്ട് ഉണ്ടെന്നും ഓഫീസ് തുറക്കുന്നുണ്ടെന്നും വിളംബരം ചെയ്യുന്ന പരസ്യം മലയാളത്തിലെ ഒരു “മുസ്‌ലിം പത്ര”ത്തിലും കണ്ടില്ല. പക്ഷേ മറ്റു ചില മലയാളപത്രങ്ങളില്‍ ലക്ഷങ്ങള്‍ നല്‍കി ഫുള്‍ പേജ് പരസ്യം നല്‍കി. മുസ്‌ലിം പ്രീണനം നടത്തുന്നുവെന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാനായിരുന്നില്ലേ അത്?
ഇത്തരത്തില്‍ തിളങ്ങുന്ന ഭരണം നടത്തുന്നവര്‍ക്ക് മുന്നിലിരുന്ന് ചരമമടഞ്ഞ മറ്റൊരു റിപ്പോര്‍ട്ട് കൂടിയുണ്ട്. ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ബാബരി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് നീണ്ട 17 വര്‍ഷം കൊണ്ട് 65 കോടി രൂപ ചെലവാക്കി അന്വേഷിച്ച്, ചരിത്രത്തില്‍ വിചിത്രമായ സ്ഥാനം പിടിച്ച കമ്മീഷന്‍. ആയിരത്തിലധികം പേജുള്ള റിപ്പേര്‍ട്ടില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരില്‍ പ്രമുഖര്‍ ഇപ്പോള്‍ വികസനത്തിന് വോട്ട് ചോദിക്കുന്നവരുടെ മുന്‍ നിരയിലുണ്ട്. അവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടവരാകട്ടെ ഭരണത്തിന്റെ മയക്കത്തിലും. വി വി ഐ പി കുറ്റവാളികളും ഭരണകര്‍ത്താക്കളും ഒരുമിച്ച് കൈകോര്‍ത്ത് സ്വാതന്ത്യ ദിനത്തില്‍ പതാക ഉയര്‍ത്താന്‍ പോലീസ് സുരക്ഷയില്‍ രാജ്യതലസ്ഥാനത്ത് എല്ലാ വര്‍ഷവുമെത്തുന്നു എന്നതാണ് മതേതര ഇന്ത്യയുടെ ഗതികേട്. ഇവിടെയാണ് തങ്ങളുടെ കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ നിറമാണോയെന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ സംശയിക്കുന്നത്. ഇന്ത്യാവിരുദ്ധരെന്നോ ദേശീയവിരുദ്ധരെന്നോ വിളിക്കപ്പെടുമെന്ന് ഭയന്നുകൊണ്ടായിരിക്കും, രാജ്യത്തിന്റെ അന്തഃസത്തയെ ഇത്തരക്കാര്‍ യഥേഷ്ടം അമ്മാനമാടുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ രണ്ട് പക്ഷത്തേയും മുസ്‌ലിം നേതാക്കള്‍ ഫലപ്രദമായി ഒന്നും ചെയ്തില്ലെന്ന് ലിബര്‍ഹാന്‍ കമ്മീഷന്‍ കുറ്റപ്പെടുത്തുന്നത്.
മതേതരത്വം മാറ്റി നിര്‍ത്തി വികസനമുയര്‍ത്തിക്കാട്ടുന്നവരിലേക്ക് നോക്കിയാല്‍ ചോര മണക്കുന്ന കാഴ്ചകളാണ് കാണുന്നത്. ഗുജറാത്ത് മോഡല്‍ വികസനം വേണമെന്ന് ചിന്തിക്കാന്‍ രാജ്യനന്മ ആഗ്രഹിക്കുന്നവര്‍ക്ക് ഒരിക്കലും കഴിയില്ല. അവിടെ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള വികസന നയത്തില്‍ പുറം ലോകമറിയാത്ത അനേകം സത്യങ്ങളുണ്ട്. കുടിലുകളെന്ന് പോലും വിശേഷിപ്പിക്കാന്‍ കഴിയാത്ത കൂരകളില്‍ കഴിയുന്ന വലിയൊരു വിഭാഗമുണ്ടിവിടെ. വികസനത്തിന്റെ പേരില്‍ കൃഷിഭൂമി നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത ആയിരക്കണക്കിന് കര്‍ഷകരുടെ മണ്ണ്, പരാതി പറയാന്‍ പോലും കഴിയാതെ അക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന പാവങ്ങളുടെ നാട്. ഇങ്ങനെ പോകുന്നു വികസനങ്ങളുടെ പട്ടികയില്‍ ഇടം കിട്ടാതെ പോയ സത്യങ്ങള്‍
അങ്ങനെയുള്ള വികസനം ഇപ്പോഴും ദരിദ്രകോടി ജനതയുള്ള ഭാരതനാട്ടിന് എന്ത് ഗുണമാണ് ഉണ്ടാക്കുക? ഇന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന നരേന്ദ്രര മോദിക്ക് 2002ലെ ഗുജറാത്ത് കലാപത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് അന്നത്തെ ഉന്നത പോലീസ് മേധാവി തന്നെ പറയുമ്പോള്‍ ആര്‍ക്കാണ് ആ വാക്കുകള്‍ അവിശ്വസിക്കാന്‍ കഴിയുക.
ഇത്തരത്തില്‍ മുഖ്യധാരാ മുന്നണികള്‍ ഒട്ടും ശുഭകരമല്ലാത്ത ചെയ്തികളുമായി മുന്നോട്ട് പോകുന്നതാണ് മതേതര വിശ്വാസികളില്‍ ആശങ്ക പരത്തുന്നത്. ഇവിടെയാണ് ഇടത് ചേരികളുടെ ഫെഡറല്‍ മുന്നണികള്‍ ഇടം തേടുന്നത്. എന്നാല്‍ അവിടെയും അഴിമതിയുടെയും അധികാരമോഹികളുടെയും താവളങ്ങള്‍ കാണുന്നുണ്ട്. അതിനുമപ്പുറം നാല് പതിറ്റാണ്ട് കാലം ഇടതുമുന്നണി ഭരിച്ച ബംഗാളിന്റെ അവസ്ഥയും ചില ചോദ്യങ്ങളുയര്‍ത്തുന്നു. റോഡുകള്‍ അവസാനിക്കുന്നിടത്ത് മുസ്‌ലിം ചേരികള്‍ ആരംഭിക്കുന്നതും തെരുവുവിളക്കുകളും കുടിവെള്ള ടാപ്പുകളും പള്ളിക്കുടങ്ങളും ന്യുനപക്ഷ മേഖലകളില്‍ അന്യമാകുന്നതും കമ്മ്യൂണിസം കമ്മ്യൂണലിസത്തിന് വഴിമാന്നുവെന്ന ചിന്തക്ക് കരുത്ത് പകരുന്നു. പിന്നെയുള്ളത് പുതുതായി ഉദയം ചെയ്ത ആം ആദ്മി. തുടക്കത്തിലെ നല്ല പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന വാര്‍ത്തകളാണ് ആം ആദ്മിയില്‍ നിന്നും ഇപ്പോള്‍ പുറത്തേക്ക് വരുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരം പക്ഷപാത സമീപനങ്ങള്‍ കാരണം ഓരോ തിരഞ്ഞെടുപ്പിലും രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കാന്‍ കഴിയുന്ന വോട്ട് ബേങ്കുള്ള ഇന്ത്യന്‍ മുസ്‌ലിംകള്‍ ആരെ പിന്തുണക്കുമെന്ന ചിന്തയിലാണ് ഇപ്പോള്‍.
അഴിമതിയും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയും മതേതരനിലപാടുകളില്‍ അധികാരികള്‍ വെള്ളം ചേര്‍ക്കുന്നതില്‍ അമര്‍ഷമുള്ള ഈ നാട്ടിലെ ജനങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. ഒരു വശത്ത് കപട മതേതരത്വവും മറുവശത്ത് ചോര പുരണ്ട വികസനവും ഉയര്‍ത്തിക്കാട്ടുമ്പോള്‍ പകരക്കാരെ തേടുന്ന മതേതര ആശയക്കാര്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നില്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെടുകയാണ്.