പതിവ് പോലെ പച്ചക്കോട്ട

  Posted on: March 20, 2014 11:59 pm | Last updated: March 20, 2014 at 11:59 pm
  SHARE

  Malappuram LCമുസ്‌ലിം ലീഗിന്റെ ഉരുക്കു കോട്ടയായ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ പോരാട്ടം കനക്കും. സിറ്റിംഗ് എം പിയായ ഇ അഹമ്മദിനെ മാറ്റണമെന്ന അണികളുടെ വികാരത്തെ മറികടന്ന് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയതില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ട്. അണികളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുന്ന തിരക്കിലാണ് ലീഗ് നേതാക്കളിപ്പോള്‍. ലീഗിനുള്ളില്‍ പുകയുന്ന എതിര്‍പ്പുകളെ വോട്ടാക്കാനുള്ള ശ്രമത്തിലാണ് സി പി എം. പൂര്‍ണമായും സി പി എം അതില്‍ വിജയിച്ചാല്‍ 2004 ആവര്‍ത്തിക്കുമോ എന്ന ഭയം ലീഗിനുമുണ്ട്.

  മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ പഴയ മഞ്ചേരി മണ്ഡലത്തിന്റെ രൂപവും പേരും മാറിയാണ് മലപ്പുറം മണ്ഡലം രൂപവത്കരിച്ചത്. കോഴിക്കോട് മണ്ഡലത്തിലെ ബേപ്പൂരും കുന്ദമംഗലവും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി എന്നീ നിയസഭാ മണ്ഡലങ്ങളുള്‍പ്പെട്ടതായിരുന്നു പഴയ മഞ്ചേരി മണ്ഡലം. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങളും പുതുതായി രൂപവത്കരിച്ച വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം. പഴയ മഞ്ചേരി മണ്ഡലത്തേക്കാളും ലീഗിന് ഏറെ സുരക്ഷയുള്ള മണ്ഡലമാണ് മലപ്പുറം. മഞ്ചേരി മണ്ഡലത്തിലെ സി പി എമ്മിന് ഏറെ സ്വാധിനമുണ്ടയിരുന്ന കുന്ദമംഗലവും ബേപ്പൂരും കോഴിക്കോട് മണ്ഡലത്തിലേക്ക് ലയിപ്പിച്ചു.
  1952ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളാണ് ജില്ലയിലുണ്ടായിരുന്നത്. 57ല്‍ അത് പൊന്നാനി, മഞ്ചേരി എന്നിങ്ങനെയാക്കി പുനഃസംഘടിപ്പിച്ചു. മഞ്ചേരിയില്‍ ലീഗ് സ്വതന്ത്രനായി മത്സരിച്ച പോക്കര്‍കുട്ടി വാതക്കായിരുന്നു കന്നി ജയം. പിന്നീട് തുടര്‍ച്ചയായി പതിനൊന്ന് തവണ മുസ്‌ലിം ലീഗ് വെന്നിക്കൊടി പാറിച്ചു. മുഹമ്മദ് ഇസ്മാഈല്‍ മൂന്ന് തവണയും ഇബ്‌റാഹിം സുലൈമാന്‍ സേട്ടും ഇ അഹമ്മദും നാല് തവണയും വിജയിച്ചു. 2004ല്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി കെ പി എ മജീദിനെ പരാജയപ്പെടുത്തി ടി കെ ഹംസ മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ചു. 2009ല്‍ മലപ്പുറത്ത് വീണ്ടും അഹ്മദ് കോട്ട തിരിച്ചു പിടിച്ചു. 1,15,597 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഹ്മദ് വിജയിച്ചത്. പോള്‍ ചെയ്ത വോട്ടിന്റെ 54.64 ശതമാനം ഇ അഹമ്മദിന് ലഭിച്ചപ്പോള്‍ സി പി എം സ്ഥാനാര്‍ഥി ടി കെ ഹംസക്ക് 39.88 ശതമാനം വോട്ടും ബി ജെ പി സ്ഥാനാര്‍ഥി എന്‍ അരവിന്ദന് 4.60 ശതമാനം വോട്ടുമാണ് ലഭിച്ചത്.
  മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ എന്നീ മൂന്ന് നഗരസഭകളും 41 പഞ്ചായത്തും ഉള്‍ക്കൊള്ളുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ എല്ലാ നിയമസഭാ മണ്ഡലത്തിലും മുസ്‌ലിം ലീഗിന്റെ എം എല്‍ എമാരാണ്. എല്ലാ മണ്ഡലങ്ങളിലും കൂടുതല്‍ വോട്ടുകള്‍ ലീഗിന് ലഭിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. കഴിഞ്ഞ തവണയും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇ അഹ്മദിന് ലീഡുണ്ടായിരുന്നു. പെരിന്തല്‍മണ്ണയില്‍ 5,246 വോട്ടുകളും മഞ്ചേരിയില്‍ 15,417 വോട്ടുകളുമായിരുന്നു ഭൂരിപക്ഷം. കൊണ്ടോട്ടിയില്‍ 19,330, വള്ളിക്കുന്നില്‍ 12,946, മലപ്പുറം നിയോജ മണ്ഡലത്തില്‍ 23,875, മങ്കടയില്‍ 14,899 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം.
  മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, വേങ്ങര മണ്ഡലങ്ങളില്‍ നിന്നാണ് ലീഗിന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പ്രതീക്ഷിക്കുന്നത്. പെരിന്തല്‍മണ്ണ, മങ്കട, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് സി പി എമ്മിന്റെ കണ്ണ്. എന്നാല്‍, സി പി എമ്മിന് ഏറെ സ്വാധീനമുണ്ടായിരുന്ന പെരിന്തല്‍മണ്ണയും മങ്കടയും മന്ത്രി മഞ്ഞളാംകുഴി അലി മുസ്‌ലിം ലീഗിലേക്ക് വന്നതോടെ കൈവിട്ട അവസ്ഥയിലാണ്. ഇവിടെയിപ്പോള്‍ മുസ്‌ലിം ലീഗിനാണ് മേല്‍ക്കൈ. വള്ളികുന്ന് മണ്ഡലത്തിലെ തേഞ്ഞിപ്പലവും വള്ളിക്കുന്നും എല്‍ ഡി എഫിന്റെ പ്രതീക്ഷയുള്ള മേഖലയാണ്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ലീഗിന്റെ എം എല്‍ എമാരാണ്.
  അഞ്ച് തവണ എം എല്‍ എയും ആറ് തവണ എം പിയുമായ അഹമ്മദ്, ഒരു തവണ വ്യവസായ മന്ത്രിയായും രണ്ട് തവണ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായും പ്രവര്‍ത്തിച്ച ശേഷം വീണ്ടും പോര്‍ക്കളത്തിലിറങ്ങുമ്പോള്‍ സി പി എം സംസ്ഥാന കമ്മിറ്റിയഗം പി കെ സൈനബയാണ് പ്രധാന എതിരാളി. കണ്ണൂര്‍കാരനാണെങ്കിലും അഹമ്മദിന്റെ കര്‍മ മണ്ഡലം മലപ്പുറമാണ്. ലീഗ് ദേശീയ അധ്യക്ഷനായ അഹമ്മദ് തന്റെ ഏറെ കാലത്തെ പരിചയ സമ്പത്തും മണ്ഡലത്തില്‍ നടത്തിയ വികസനങ്ങളും നിരത്തിയാണ് ഇത്തവണ വോട്ട് പിടിക്കുന്നത്. മഹിളാ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റായ പി കെ സൈനബ ആദ്യമായിട്ടാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്.