Connect with us

Ongoing News

ജനകീയ പ്രശ്‌നങ്ങള്‍ ഔട്ട്; ആദ്യ ലാപ്പില്‍ രാഷ്ട്രീയം

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ജനകീയ പ്രശ്‌നങ്ങള്‍ പടിക്ക് പുറത്ത്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമാണ് പോര്‍ക്കളത്തില്‍ മേല്‍ക്കൈ. പതിവ് പോലെ മാധ്യമ ശ്രദ്ധ വിവാദങ്ങളിലായതാണ് ജീവല്‍പ്രശ്‌നങ്ങളെ ചര്‍ച്ചകളില്‍ നിന്ന് അകറ്റുന്നതെന്നാണ് വിലയിരുത്തല്‍. സി പി എമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തെ വിമര്‍ശിച്ചാണ് യു ഡി എഫ് ക്യാമ്പില്‍ പ്രചാരണം തുടങ്ങിയതെങ്കില്‍ എല്‍ ഡി എഫ് ആദ്യം കേന്ദ്രീകരിച്ചത് ആര്‍ എസ് പിയുടെ കൂറുമാറ്റത്തിലാണ്. ഇപ്പോള്‍ എത്തി നില്‍ക്കുന്നതാകട്ടെ ശശി തരൂരുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളിലും. വോട്ട് നേടാനുള്ള കുറുക്കുവഴികളില്‍ കേന്ദ്രീകരിക്കുമ്പോള്‍ രാഷ്ട്രീയ കക്ഷികളുടെ ധാര്‍മികതയും ചോദ്യം ചെയ്യപ്പെടുകയാണ്.

സി പി എം മത്സരിക്കുന്ന പതിനഞ്ച് സീറ്റില്‍ അഞ്ചിടത്തും സ്വതന്ത്രരെ നിര്‍ത്തിയതും ഇതില്‍ തന്നെ കളം മാറിയെത്തിയവരെ പരിഗണിച്ചതുമാണ് യു ഡി എഫ് ആദ്യം ഉന്നയിച്ചത്. സി പി എം സ്ഥാനാര്‍ഥികള്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളാണെന്നായിരുന്നു വി എം സുധീരന്റെ വിമര്‍ശം. മത്സരിക്കാന്‍ ആളില്ലാത്തതിനാല്‍ വഴിയില്‍ കാണുന്നവരെയെല്ലാം സ്ഥാനാര്‍ഥികളാക്കിയെന്നും പ്രചരിപ്പിച്ചു. പേമന്റ് സീറ്റെന്ന ആരോപണം യു ഡി എഫ് ശക്തമായി ഉന്നയിച്ചതോടെ സി പി എം പ്രതിരോധത്തിലുമായി.
എല്‍ ഡി എഫില്‍ ഘടക കക്ഷികള്‍ക്ക് നിലനില്‍പ്പില്ലെന്ന് കൂടി പറഞ്ഞതോടെ ഇതിന് മറുപടി പറയുന്നതിലായി സി പി എമ്മിന്റെ ശ്രദ്ധ. സ്വതന്ത്രരായി നിര്‍ത്തിയവരുടെ ഗുണങ്ങള്‍ എടുത്തു കാട്ടി പിണറായി വിജയന്‍ തന്നെ രംഗത്തുവന്നു. സീറ്റിന്റെ പേരില്‍ കളംമാറിയ ആര്‍ എസ് പി മുന്നണിയെ വഞ്ചിച്ചെന്ന പൊതുവികാരം എല്‍ ഡി എഫും പ്രകടിപ്പിച്ചു. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉറങ്ങിയ പ്രേമചന്ദ്രന്‍ അടുത്ത ദിവസം ഇന്ദിരാ ഭവനില്‍ പൊങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പരിഹസിച്ചു.
സ്ഥാനാര്‍ഥികളുടെ പ്രായം, ആരോഗ്യം തുടങ്ങിയവയും ആദ്യഘട്ടത്തില്‍ ഉയര്‍ന്ന് കേട്ടു. പ്രായം അലട്ടുന്നത് മലപ്പുറത്ത് മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥി ഇ അഹമ്മദിനെയാണ്. എന്നാല്‍, തൊണ്ണൂറിലെത്തിയ വി എസ് അച്യുതാനന്ദന്റെ പ്രായം ചൂണ്ടിക്കാട്ടിയാണ് ഈ വിമര്‍ശത്തെ മുസ്‌ലിം ലീഗും യു ഡി എഫും നേരിടുന്നത്.
ഇന്നസെന്റിന്റെ ആരോഗ്യത്തെ ചൊല്ലി ചാലക്കുടിയെ കോണ്‍ഗ്രസുകാര്‍ ആശങ്കകുലരായി. ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞതിലുള്ള പ്രത്യുപകാരമായി ഇനിയുള്ള കാലം ജനസേവനം നടത്താനാണ് മത്സരിക്കുന്നതെന്ന മറുപടിയുമായി ഇന്നസെന്റും. ചാലക്കുടിയിലേക്കുള്ള ചാക്കോയുടെ മാറ്റവും മനസ്സില്ലാമനസ്സോടെ കെ പി ധനപാലന്‍ തൃശൂരില്‍ മത്സരിക്കുന്നതും എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് വിഷയമാക്കുന്നു.
പി സി ജോര്‍ജിന്റെ കോട്ടയത്തെ അസാന്നിധ്യവും ഇടുക്കിയില്‍ നിന്ന് കാസര്‍കോട്ടേക്കുള്ള പി ടി തോമസിന്റെ പാലായനവുമാണ് മധ്യകേരളത്തിലെ ചര്‍ച്ച. കോണ്‍ഗ്രസിന്റെ ഉടക്കാണ് ജോര്‍ജിന് വിനയായതെങ്കില്‍ ഇടുക്കി രൂപതയുടെ എതിര്‍പ്പാണ് പി ടി തോമസിനെ കാസര്‍കോട്ടെത്തിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് തന്നെ തോമസിന്റെ ഈ നാടുമാറ്റത്തില്‍ വിശദീകരണം നല്‍കേണ്ടി വന്നു.
എന്‍ സി പിയില്‍ ഉരുണ്ടുകൂടിയ കാര്‍മേഘവും യു ഡി എഫ് ക്യാമ്പ് ചര്‍ച്ചയാക്കി. രണ്ട് എം എല്‍ എമാര്‍ തങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്ന കാര്യം ചൂണ്ടിയാണ് എല്‍ ഡി എഫിന്റെ പ്രതിരോധം. പോരിന് ചൂട് കൂടുതല്‍ കണ്ണൂരിലാണ്. മൂര്‍ച്ചയുള്ള വാക്കുകള്‍ പലപ്പോഴും കൈവിട്ട കളിയിലേക്ക് നീങ്ങുന്നു. പോലീസിന്റെ സമയോചിത ഇടപെടലാണ് അനിഷ്ട സംഭവങ്ങളൊഴിവാക്കുന്നത്. ശശി തരൂരുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളാണ് മുഴച്ചുനിന്ന മറ്റൊരു വിഷയം. ഭാര്യ സുനന്ദാ പുഷ്‌ക്കറിന്റെ ദുരൂഹ മരണം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് ഒഴിവാക്കാന്‍ പരാതിയുമായി ശശി തരൂര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും വിഷയം സജീവമാക്കി നിര്‍ത്താന്‍ തന്നെയാണ് എല്‍ ഡി എഫിന്റെ ശ്രമം. വ്യക്തിഹത്യ പാടില്ലെന്ന് സ്വന്തം അണികളെ ഉപദേശിച്ച് കോണ്‍ഗ്രസ് ഇതിനെ നേരിടുന്നു.

Latest