മാറ്റത്തിന്റെ കാറ്റ് വീശി ലക്ഷദ്വീപ്

  Posted on: March 20, 2014 11:48 pm | Last updated: March 20, 2014 at 11:48 pm
  SHARE

  kkkkkkkകോഴിക്കോട്: രാജ്യത്തെ ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലമാണ് ലക്ഷദ്വീപ്. അറബിക്കടലില്‍ വിവധയിടങ്ങളിലായി ചിതറിക്കിടക്കുന്ന നിരവധി ചെറുദ്വീപുകള്‍. ഇതില്‍ മംഗലാപുരത്തിനിടുത്തെ അമിനി മുതല്‍ തിരുവനന്തപുരത്തിനും മാലദ്വീപിനോടും ചേര്‍ന്നുള്ള മിനിക്കോയ് വരെ പത്ത് ദ്വീപുകളിലാണ് ജനവാസമുള്ളത്. ജനസംഖ്യയില്‍ 95 ശതമാനവും സുന്നി മുസ്‌ലിംകള്‍ താമസിക്കുന്ന ഇവിടെ 47,972 വോട്ടര്‍മാരാണുള്ളത്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ പട്ടിക വര്‍ഗ സംവരണ മണ്ഡലത്തില്‍ രാഷ്ട്രീയം എന്നാല്‍ തിരഞ്ഞെടുപ്പില്‍ മാത്രമാണ്. രാജ്യത്തെ മറ്റ് മണ്ഡലങ്ങളില്‍ നടക്കുന്നതുപോലുള്ള തിരഞ്ഞെടുപ്പ് ആവേശമൊന്നും ഉണ്ടാകാറില്ല. തികച്ചും സമാധാനപരമായാണ് തിരഞ്ഞെടുപ്പ്.

  എന്നാല്‍, ഇത്തവണ ലക്ഷദ്വീപിലും മാറ്റത്തിന്റെ കാറ്റടിക്കുകയാണ്. ദ്വീപിന്റെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഹര്‍ത്താലും പണിമുടക്കും ഉണ്ടായി. അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടിയായിരുന്നു പണിമുടക്ക്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ വളരെ ആവശത്തോടെയാണ് ജനം ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ കാണുന്നത്. പ്രമുഖ പാര്‍ട്ടികള്‍ക്കെല്ലാം ഇവിടെ സ്ഥാനാര്‍ഥിയുണ്ടെങ്കിലും കോണ്‍ഗ്രസും യു പി എ ഘടകക്ഷിയായ എന്‍ സി പിയും തമ്മിലാണ് പ്രധാന മത്സരം. സി പി എമ്മും സി പി ഐയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. സി പി ഐ ഇതാദ്യമായാണ് ദ്വീപില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനിറങ്ങുന്നത്. ബി ജെ പിയും പ്രചാരണ രംഗത്ത് സാന്നിധ്യമറിയിക്കുന്നുണ്ട്.
  1967ലാണ് ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലം നിലവില്‍ വന്നത്. ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ തുടര്‍ച്ചയായി പത്ത് തവണ കോണ്‍ഗ്രസിലെ പി എം സഈദ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. നിരവധി തവണ കേന്ദ്ര മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമെല്ലാമായ സഈദിന് 2004ല്‍ അടിതെറ്റി. ജെ ഡി യു സ്ഥാനാര്‍ഥിയും പിന്നീട് എന്‍ സി പിക്കാരനുമായ ഡോ. പി പൂക്കുഞ്ഞിക്കോയയാണ് സഈദിനെ തോല്‍പ്പിച്ചത്. സഈദിന്റെ മരണ ശേഷം നടന്ന 2009ലെ തിരഞ്ഞെടുപ്പില്‍ മകന്‍ ഹംദുല്ല സഈദ് മണ്ഡലം തിരിച്ചുപിടിച്ചു. 2178 വോട്ടിന്റെ ഭൂരിപക്ഷമാണ് ഹംദുല്ലക്ക് ലഭിച്ചത്.
  15-ാം ലോക്‌സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായ ഹംദുല്ല (26) തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ലക്ഷദ്വീപിനെ ഇന്ന് കാണുന്ന തരത്തില്‍ ലക്ഷദ്വീപാക്കി മാറ്റിയത് കോണ്‍ഗ്രസാണെന്ന് ഹംദുല്ല സഈദ് സിറാജിനോട് പറഞ്ഞു. ഗതാഗത രംഗത്ത് മൂന്ന് പുതിയ കപ്പലുകള്‍ ദ്വീപിലെത്തിച്ചു. ദ്വീപിന് പുറത്തുപോയി പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് നേരത്തെ പട്ടിക വര്‍ഗ അലവന്‍സ് ലഭിച്ചിരുന്നില്ല. എന്നാല്‍, ഇതിനായി ലോക്‌സഭ പുതിയ നിയമ നിര്‍മാണം നടത്തുകയും ഇത് നടപ്പാക്കുകയും ചെയ്തുവെന്ന് ഹംദുല്ല പറയുന്നു.
  ഹംദുല്ലക്കെതിരെ വിദ്യാസമ്പന്നരായ യുവാക്കളെ തന്നെയാണ് മറ്റു പാര്‍ട്ടികള്‍ രംഗത്തിറക്കിയിരിക്കുന്നത്. ഇതില്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത് എന്‍ സി പിയുടെ സ്ഥാനാര്‍ഥിയും ആന്ത്രോത്ത് സ്വദേശിയുമായ മുഹമ്മദ് ഫൈസലിനാണ്. എന്‍ വൈ സി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറിയായ ഫൈസല്‍ എം ബി എ ബിരുദധാരിയാണ്. ദ്വീപിന് പുറത്ത് കേരളത്തിലേക്കും മറ്റും പഠിക്കാന്‍ എത്തിയ വിദ്യാര്‍ഥികള്‍ ഫൈസലിനായി സോഷ്യല്‍ മീഡിയകളിലും മറ്റും വ്യാപക പ്രചാരണമാണ് നടത്തുന്നത്. ലക്ഷദ്വീപ് ടൂറിസം ഡെവലപ്‌മെന്റ് വിഭാഗത്തില്‍ പ്രൊജക്ട് ഓഫീസറായിരുന്ന ഫൈസലിന് ടൂറിസം രംഗത്ത് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് ഇവര്‍ പറയുന്നു. ലക്ഷദ്വീപിന് പുറത്ത് ജനിച്ച് വളര്‍ന്ന ഹംദുല്ലക്ക് ഒരിക്കലും ദ്വീപുകാരന്റെ വികാരം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപിക്കുന്നുണ്ട്.
  എന്‍ സി പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രഫുല്‍ പട്ടേലിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ സേന ലക്ഷദ്വീപില്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചത് യുവാക്കള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് എന്‍ സി പി സ്ഥാനാര്‍ഥിയായ ഫൈസല്‍ പറഞ്ഞു. ഡോ. അബ്ദുല്‍ മുനീറാണ് സി പി എം സ്ഥാനാര്‍ഥി. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നാണ് എം ബി ബി എസ് ബിരുദം നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സി പി എം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നെങ്കിലും മുന്നൂറില്‍ താഴെ വോട്ടാണ് ലഭിച്ചത്.