ശിരുവാണി അണക്കെട്ടിലെ അനധികൃത ടണല്‍ ഒരു മാസത്തിനകം അടക്കുമെന്ന് ജലവകുപ്പ്

Posted on: March 20, 2014 11:39 pm | Last updated: March 20, 2014 at 11:39 pm
SHARE

പാലക്കാട്: ശിരുവാണി അണക്കെട്ടിലെ അനധികൃത ടണല്‍ ഒരു മാസത്തിനുളളില്‍ അടക്കുമെന്ന് ജലവകുപ്പ്. ഉന്നത ഉദ്യോഗസ്ഥരുടെ സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. തമിഴ്‌നാട്ടിലേക്ക് വെളളം ഒഴുകുന്ന അനധികൃതടണല്‍ കഴിഞ്ഞവര്‍ഷമാണ് കണ്ടെത്തിയത്.——
അണക്കെട്ടിന്റെ അടിത്തട്ടിലുളള ടണല്‍ കോണ്‍ക്രീറ്റ് ചെയ്ത് അടക്കാനാണ് തീരുമാനം. ഇതിനുളള സാങ്കേതികസംവിധാനങ്ങള്‍ ഒരാഴ്ചക്കുളളില്‍ അണക്കെട്ട് പ്രദേശത്ത് എത്തിക്കും. വിദഗ്ധര്‍ ഉള്‍പ്പെടെ ജലവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ അണക്കെട്ട് പദ്ധതി പ്രദേശം സന്ദര്‍ശിച്ച് ടണല്‍ അടക്കുന്ന നടപടികള്‍ വിലയിരുത്തി. ഒരാഴ്ചക്കുളളില്‍ പ്രവൃത്തി തുടങ്ങി ഒരു മാസത്തിനുളളില്‍ നിര്‍മാണ പ്രവൃത്തി അവസാനിപ്പിക്കാനാണ് തീരുമാനം 1931 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതെന്ന് കരുതുന്ന അനധികൃത ടണല്‍ കഴിഞ്ഞ വര്‍ഷമാണ് കേരള ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ടണല്‍ അടക്കല്‍ നടന്നില്ല.
അനധികൃത ടണല്‍ അടച്ചുകഴിഞ്ഞാല്‍ 1973 ലെ കേരളതമിഴ്‌നാട് കരാര്‍പ്രകാരമുളള വെളളം മാത്രമേ തമിഴ്‌നാടിന് ലഭിക്കുകയുളളു. ജലവിതരണത്തിന്റെ അളവില്‍ കൃത്യത ഉറപ്പാക്കാന്‍ വിസാറ്റ് ഉപയോഗിച്ചുളള സംവിധാനം ഒരുക്കാനും ജലവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.