പമ്പിംഗിനാവശ്യമായ വെള്ളമില്ല; മലമ്പുഴ ഡാം തുറന്നു

Posted on: March 20, 2014 11:38 pm | Last updated: March 20, 2014 at 11:38 pm
SHARE

പാലക്കാട്: ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികളുടെ ദാഹം തീര്‍ക്കാന്‍ മലമ്പുഴ ഡാം തുറന്നു. പുഴയെ ആശ്രയിച്ചുള്ള കുടിവെള്ളപദ്ധതികളില്‍ പമ്പിംഗിനാവശ്യമായ വെള്ളം ലഭിക്കാതായതോടെ ഇന്നലെയാണ് മലമ്പുഴ ഡാം തുറന്ന് ഭാരതപ്പുഴയിലേക്ക് വെള്ളം ഒഴുക്കാന്‍ തുടങ്ങിയത്. 200 ക്യുസെക്‌സ് തോതിലാണ് വെള്ളം തുറന്നിട്ടുള്ളത്. പുഴയില്‍ ഷൊര്‍ണൂര്‍ വരെ വെള്ളം എത്തിച്ച ശേഷം ഡാം അടക്കും. മൂന്ന് ദിവസത്തിനുള്ളില്‍ ഷൊര്‍ണൂര്‍ തടയണവരെ വെള്ളം എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. പുഴയില്‍ നീരൊഴുക്ക് നിലനിര്‍ത്താന്‍ ഡാം തുറക്കണമെന്ന് വാട്ടര്‍ അതോരിറ്റി ആവശ്യപ്പെട്ടിരുന്നു. മലമ്പുഴയില്‍ 43.594 ദശലക്ഷം ഘനമീറ്റര്‍ ആണ് നിലവിലെ സംഭരണനിരപ്പ്.
ഇതില്‍ 2530 ദശലക്ഷം ഘനമീറ്റര്‍ ചെളിയും മണലും അടിഞ്ഞതായാണ് കണക്ക്. ഡാമില്‍ 1320 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഉണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷം രണ്ട് തവണ മലമ്പുഴ ഡാം തുറന്ന് ഭാരതപ്പുഴയിലേക്ക് വെള്ളം ഒഴുക്കിയിരുന്നു. ഇത്തവണയും രണ്ട് പ്രാവശ്യം ഡാം തുറക്കേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു. ഭാരതപ്പുഴയില്‍ നേരിയ നീരൊഴുക്കുണ്ട്.
ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് ഡാം തുറന്നത്. പുഴ പാടെ വറ്റിവരണ്ടശേഷം ഡാം തുറന്നാല്‍ ഇരട്ടിയിലേറെ വെള്ളം ഒഴുക്കേണ്ടിവരും. നീരൊഴുക്ക് ഉള്ളതിനാല്‍ ഡാമില്‍ നിന്ന് കുറഞ്ഞ അളവില്‍ ജലമൊഴുക്കിയാല്‍ മതി. റളി ചെക്ക് ഡാം കവിഞ്ഞ് ജലം താഴേക്ക് ഒഴുകിത്തുടങ്ങി. പുഴയില്‍ വെള്ളിയാങ്കല്ല് വരെ വേനല്‍ക്കാലത്തേക്കുള്ള കുടിവെള്ളം കരുതിവക്കുന്നതിനായി 12 ഓളം താത്കാലിക തടയണകളാണ് വാട്ടര്‍ അതോറിറ്റി നിര്‍മിച്ചിട്ടുള്ളത്. തുറന്നുവിടുന്ന വെള്ളം താത്കാലിക തടയണകളില്‍ ശേഖരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഒരിക്കല്‍ പുഴ റീ ചാര്‍ജ് ചെയ്യുന്നതുവഴി മൂന്നാഴ്ചത്തേക്കുള്ള കുടിവെള്ളം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ജലവിഭവവകുപ്പിന്റെയും വാട്ടര്‍ അതോറിറ്റിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ചെക്ക്ഡാമുകള്‍ നിറ ക്കുന്നത്. വെള്ളം പാഴാക്കരുതെന്നും ജലവിഭവ വകുപ്പ് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. പാലക്കാട് നഗരസഭ, മലമ്പുഴ, മരുതറോഡ്, പിരായിരി, പുതുപ്പരിയാരം, പുതുശ്ശേരി, അകത്തേത്തറ പഞ്ചായത്തുകളിലേക്കും മലമ്പുഴ ഡാമില്‍ നിന്നാണ് കുടിവെള്ളം എത്തിക്കുന്നത്.
ഇതിനായി 12 ദശലക്ഷം ഘനമീറ്റര്‍ വെള്ളം കരുതിവെക്കണം. ബാക്കി വെള്ളം ആവശ്യമായിവരുമ്പോള്‍ പുഴയിലേക്ക് തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.—