റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങളുമായി ഇ യു

Posted on: March 20, 2014 11:20 pm | Last updated: March 20, 2014 at 11:20 pm
SHARE

europian unionകീവ്: ക്രിമിയ ഉപദ്വീപ് റഷ്യന്‍ ഫെഡറേഷനില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങളുമായി യൂറോപ്യന്‍ യൂനിയന്‍. റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂനിയന്‍ തയ്യാറാണെന്നും ജി എട്ട് കൂട്ടായ്മ അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ടതായും ജര്‍മന്‍ പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്ത് ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ പ്രഖ്യാപിച്ചു. ജി എട്ടിന്റെ അധ്യക്ഷ സ്ഥാനത്തുള്ള റഷ്യയെ രണ്ട് ദിവസം മുമ്പ് പുറത്താക്കിയിരുന്നു. റഷ്യയിലെ സോച്ചിയില്‍ ജൂണില്‍ ജി എട്ട് ഉച്ചകോടി നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
ജി എട്ട് ഉച്ചകോടിയും ആ കൂട്ടായ്മയും ഇല്ലെന്ന് മെര്‍ക്കല്‍ പറഞ്ഞു. ഇപ്പോള്‍ രണ്ടാം ലെവല്‍ ഉപരോധമാണ് തീരുമാനിച്ചത്. ആരുടെയൊക്കെ സ്വത്തുക്കള്‍ മരവിപ്പിക്കണം ആര്‍ക്കൊക്കെ യാത്രാ നിരോധം ഏര്‍പ്പെടുത്തണം എന്നതിനെ സംബന്ധിച്ച് ബ്രസ്സല്‍സില്‍ വെച്ച് ഇ യു ചര്‍ച്ച നടത്തും. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണെങ്കില്‍ സാമ്പത്തിക ഉപരോധം അടക്കമുള്ള മൂന്നാം ലെവല്‍ ഉപരോധം ഏര്‍പ്പെടുത്തും. ഇക്കാര്യത്തില്‍ ഇന്നോടെ തീരുമാനമുണ്ടാകുമെന്നും മെര്‍ക്കല്‍ അറിയിച്ചു. ക്രിമിയയെ റഷ്യയിലേക്ക് ചേര്‍ക്കാന്‍ ഉത്സാഹിച്ച ചില പ്രമുഖര്‍ക്കെതിരെ ദിവസങ്ങള്‍ക്ക് മുമ്പ് ഇ യുവും യു എന്നും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇന്നലെ റഷ്യ സന്ദര്‍ശിച്ചു. ഇന്ന് ഉക്രൈന്‍ നേതൃത്വവുമായി ചര്‍ച്ച നടത്തും. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയില്‍ അമേരിക്കയും റഷ്യയും തമ്മില്‍ ഉഗ്ര വാക്‌പോര് നടന്നു.
അതേസമയം, പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ജര്‍മനിയും ബ്രിട്ടനും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സമവായത്തിലെത്താന്‍ ബുധനാഴ്ച രാത്രി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കലും ചര്‍ച്ച നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ജി എട്ടില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ റഷ്യക്കെതിരെ വന്‍ സാമ്പത്തിക ഉപരോധങ്ങള്‍ വേണമെന്ന നിലപാടിലാണ് ബ്രിട്ടന്‍. ജി എട്ട് കൂട്ടായ്മ തന്നെ പിരിച്ചുവിടണമെന്നാണ് മെര്‍ക്കലിന്റെ അഭിപ്രായം. റഷ്യക്കെതിരെ വന്‍ സാമ്പത്തിക ഉപരോധങ്ങള്‍ വേണ്ടെന്നും മെര്‍ക്കലിന് അഭിപ്രായമുണ്ട്.
ക്രിമിയന്‍ നാവിക ആസ്ഥാനത്തെ കമാന്‍ഡറെ റഷ്യന്‍ സൈനികര്‍ മോചിപ്പിച്ചതിന്റെ ഉടനെയായിരുന്നു മെര്‍ക്കലിന്റെ പ്രഖ്യാപനം. സെവസ്‌തോപോളിലെ നാവിക ആസ്ഥാനത്തെ കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ സെര്‍ജി ഹെയ്ദുകിനെയും സിവിലിയന്‍മാരെയും മണിക്കൂറുകളോളം റഷ്യന്‍ സേന പിടിച്ചുവെച്ചിരുന്നു.