Connect with us

Kerala

കാട്ടുതീ: സി ബി ഐ അന്വേഷണത്തിന് തയ്യാറെന്ന് വനം മന്ത്രി

Published

|

Last Updated

മാനന്തവാടി: വയനാട്ടിലെ 380 ഹെക്ടറിലധികം വനം കത്തിനശിച്ച സംഭവത്തെക്കുറിച്ച് സി ബി ഐ അന്വേഷണത്തിന് തയ്യാറാണെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കാട്ടുതീ ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ ഘട്ടമെന്ന നിലയില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കും. കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ വനമേഖലയിലും ഇതേസമയം തീപ്പിടിത്തമുണ്ടായതിനാല്‍ കര്‍ണാടക വനം മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി കൂടിയാലോചിച്ച് സി ബി ഐ അന്വേഷണത്തിന് നടപടി സ്വീകരിക്കും.
അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ്) സി എസ് യാലാക്കി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ മനഃപൂര്‍വം തീയിട്ടതാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. നഷ്ടങ്ങളുടെ കണക്ക് പൂര്‍ണമായി ലഭ്യമായിട്ടില്ല. തിരുനെല്ലി മേഖലയിലെ വന്യമൃഗശല്യം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാട്ടുതീ തടയാന്‍ ഭാവിയില്‍ എടുക്കേണ്ട നടപടികളെക്കുറിച്ച് അടിയന്തരമായി നിര്‍ദേശം സമര്‍പ്പിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു. ജില്ലയിലെ മൂന്ന് വനം ഡിവിഷനുകളിലും 24 മണിക്കൂറും നിരീക്ഷണം നടത്താന്‍ ബേഗൂരില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പുതുതായി 180 വാച്ചര്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കാന്‍ ഡി എഫ് ഒമാരെ ചുമതലപ്പെടുത്തി. കാട്ടുതീ പടര്‍ന്ന തോല്‍പ്പെട്ടി വനമേഖലയിലെ ചക്കിണി കോളനിവാസികളില്‍ നിന്ന് മന്ത്രി വിവരങ്ങള്‍ ആരാഞ്ഞു. മന്ത്രി പി കെ ജയലക്ഷ്മി, ഡി എഫ് ഒമാര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വനം വകുപ്പിന്റെ ഔഷധത്തോട്ടങ്ങളില്‍ എല്ലാ വര്‍ഷവും കാട്ടുതീ പതിവാണെന്നും ഔഷധച്ചെടികള്‍ നടുന്നതിലെ തിരിമറി മൂടിവെക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് തീയിടുന്നതെന്നും ആരോപിച്ച് മന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കി. ഇതേക്കുറിച്ച് പഠിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.