ആയുര്‍വേദ വകുപ്പിന്റെ ജനനിസുരക്ഷ പദ്ധതി ഉദ്ഘാടനം നാളെ

Posted on: March 20, 2014 10:43 pm | Last updated: March 20, 2014 at 10:43 pm
SHARE

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിന്റെയും ആയുര്‍വേദ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ജനനി സുരക്ഷ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 11ന് കല്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. വിനോദ് ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. സത്യപാലന്‍ അധ്യക്ഷത വഹിക്കും. മൂന്നുമാസം മുതലുള്ള ഗര്‍ഭിണികളുടെ ജില്ലാതല രജിസ്‌ട്രേഷനും ബോധവത്കരണ ക്ലാസും ഇതോടൊപ്പം സംഘടിപ്പിക്കും.
ജില്ലാ പഞ്ചായത്തും ആയുര്‍വേദ വകുപ്പും കഴിഞ്ഞ അഞ്ചുവര്‍ഷമായി ഗര്‍ഭിണികളുടെയും അമ്മമാരുടെയും ആരോഗ്യപരിപാലനത്തിനായി നടപ്പാക്കുന്ന പദ്ധതിയാണ് ജനനി സുരക്ഷ. ഈ വര്‍ഷം 53 ലക്ഷത്തോളം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. ഗര്‍ഭം ധരിച്ച് മൂന്നാം മാസം മുതല്‍ പ്രസവശേഷം രണ്ടാം മാസം വരെയുള്ള ചികിത്സയും ആറായിരത്തോളം രൂപയുടെ മരുന്നുകളും പദ്ധതിയില്‍ സൗജന്യമായി ലഭിക്കും. ജനറല്‍ വിഭാഗത്തില്‍ 385 പേര്‍ക്കും എസ്ടി വിഭാഗത്തില്‍ 360 പേര്‍ക്കും പട്ടികജാതി വിഭാഗത്തില്‍ 80 പേര്‍ക്കുമാണ് പദ്ധതിയില്‍ ഗുണം ലഭിക്കുക. ജില്ലയിലെ 28 ആയുര്‍വേദ ഡിസ്‌പെന്‍സറികളിലും മൂന്ന് ആയുര്‍വേദ ആശുപത്രികളിലും രജിസ്‌ട്രേഷന് സൗകര്യമുണ്ടായിരിക്കും. ഗര്‍ഭകാലത്ത് എല്ലാ മാസവും കൃത്യമായി പരിശോധന നടത്തി മരുന്നുകള്‍ വാങ്ങുന്നവര്‍ക്കുമാത്രമേ തുടര്‍ ചികിത്സ ലഭിക്കുകയുള്ളൂ.
ആയുര്‍വേദ മരുന്നുകള്‍ കഴിക്കുന്നതിനൊപ്പം തന്നെ മറ്റു മരുന്നുകളും കഴിക്കാവുന്നതാണ്. കഴിഞ്ഞ വര്‍ഷം 918 ഗര്‍ഭിണികളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയതിരുന്നത്. 670 പ്രസവങ്ങള്‍ നടന്നപ്പോള്‍ നാലുപേര്‍ക്കുമാത്രമാണ് ഗര്‍ഭഛിദ്രം നേരിടേണ്ടിവന്നത്. ആയുര്‍വേദ മരുന്നുകള്‍ കഴിച്ചവരില്‍ മൂന്നുപേര്‍ക്കുമാത്രമാണ് ഗര്‍ഭകാലത്തുണ്ടാകുന്ന പ്രമേഹ രോഗം ബാധിച്ചത്. ഈ മൂന്നുപേര്‍ക്കും ആദ്യപ്രസവ സമയത്ത് ഗര്‍ഭകാല പ്രമേഹം ഉണ്ടായിരുന്നവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. വിനോദ് ബാബു പറഞ്ഞു.
ആയുര്‍വേദ മരുന്നുകള്‍ കഴിച്ചവരില്‍ 21 ശതമാനത്തിന് മാത്രമാണ് സിസേറിയന്‍ ആവശ്യമായി വന്നത്. പതിനാല് പേര്‍ ഒഴികെയുള്ളവര്‍ക്ക് ആദ്യപ്രസവം സിസേറിയന്‍ ആയതിനാലാണ് രണ്ടാമത്തെ പ്രസവവും സിസേറിയന്‍ രീതിയില്‍ നടത്തേണ്ടിവന്നതെന്നും ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. സത്യപാലന്‍ പറഞ്ഞു. തൂക്കക്കുറവുള്ള 11 കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും അമ്മയ്ക്കും കുഞ്ഞിനും നല്ല ആരോഗ്യം ലഭിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ. പി.യു. മഹേഷ് ബാബുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.