Connect with us

Wayanad

എല്‍ ഡി എഫ് ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Published

|

Last Updated

മാനന്തവാടി: ശക്തമായ മതേതരത്വ സര്‍ക്കാര്‍ ഉണ്ടാവാന്‍ യു ഡി എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ലോക്‌സഭാ യു ഡി എഫ് സ്ഥാനാര്‍ഥി എം ഐ ഷാനവാസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മാനന്തവാടിയില്‍ നടന്ന നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നാമമാത്രമായ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇടതുമുന്നണിയുള്ളത്. ജയിച്ചാല്‍ മൂന്നാംമുന്നണിക്ക് നേതൃത്വം നല്‍കുമെന്ന് പറയുന്ന ഇടതുമുന്നണി സാങ്കല്‍പ്പികമുന്നണിയെ കുറിച്ചാണ് പറയുന്നത്. ഇവര്‍ക്കെങ്ങനെയാണ് സ്ഥിരതയുള്ള സര്‍ക്കാരിനെ കുറിച്ച് പറയാന്‍ കഴിയുക. കേരളത്തില്‍ പോലും ഓരോ നാള്‍ കഴിയും തോറും എല്‍ ഡി എഫ് ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും എല്‍ ഡി എഫ് എന്ന സംവിധാനം തകര്‍ന്ന് കമ്മ്യൂണിസ്റ്റ് മുന്നണി മാത്രമായി മാറും. പദ്ധതിയും ലക്ഷ്യവും നയങ്ങളുമില്ലാത്ത കുറ്റപ്പെടുത്തലുകള്‍ മാത്രമുള്ള ഇടതുമുന്നണിയെ കുറിച്ച് സ്വന്തം അണികള്‍ക്ക് പോലും വിശ്വാസമില്ലാതായിരിക്കുന്നു. അക്രമസമരങ്ങളും സമരകോലാഹലങ്ങളും നടത്തിയ ഇടതുമുന്നണിക്ക് ഒരു സമരം പോലും വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. പകല്‍സമരവും രാപകല്‍ സമരവും നടത്തി ആളെ കിട്ടാതെ സമരം അവസാനിപ്പിക്കേണ്ടി വന്നു. ഒട്ടേറെ ജനപ്രിയ പരിപാടികളുമായി ജനങ്ങള്‍ക്കൊപ്പം നിന്ന് പുരോഗതിയുടെ മാര്‍ഗ്ഗത്തിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന കേരളത്തിലെ യു ഡി എഫ് സര്‍ക്കാരിന് ജനം നല്‍കുന്ന അംഗീകാരം കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പ്. ഇടതുമുന്നണിയിലെ രണ്ട് എം എല്‍ എമാര്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഇവര്‍ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ എം എല്‍ എ സ്ഥാനം രാജിവെക്കുമോയെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്‍ കെ വര്‍ഗീസ് അധ്യക്ഷനായിരുന്നു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പി കെ ഗോപാലന്‍, കെ എല്‍ പൗലോസ്, കെ കെ അബ്രഹാം, എം കെ അബൂബക്കര്‍ഹാജി, പടയന്‍ മുഹമ്മദ്, കെ ജെ ദേവസ്യ, കെ കെ രാമചന്ദ്രന്‍മാസ്റ്റര്‍, എം ജി ബിജു, കെ കെ ഹംസ, എം സി സെബാസ്റ്റ്യന്‍, പോക്കര്‍ഹാജി, ജോസഫ് കളപ്പുരയ്ക്കല്‍, കടവത്ത് മുഹമ്മദ്, പി പി വി മൂസ, ഷൂക്കൂര്‍ തരുവണ, കേ ളോത്ത് അബ്ദുള്ള, കെ സി മായിന്‍ഹാജി, പി എ ആലി, എന്‍ ആര്‍ അസൈനാര്‍, പി ഇസ്മായില്‍,ടി മൊയ്തു. എച്ചോം ഗോപി, പുളിയ്ക്കല്‍ അബ്ദുറഹ്മാന്‍, കടവത്ത് ഷറഫുദ്ദീന്‍, അത്താലന്‍ ഇബ്രാഹിം, ബള്‍ക്കീസ് ഉസ്മാന്‍, ചിന്നമ്മ ജോസ്, ഹാരിസ് കാട്ടിക്കുളം, പി ബാലന്‍, ജബ്ബാര്‍ തലപ്പുഴ, മോയി കാസിമി സംബന്ധിച്ചു.