Connect with us

Kozhikode

ആനയും അമ്പാടിയുമില്ല; ഇത്തവണയും നസീറെത്തി സ്വതന്ത്ര സ്ഥാനാര്‍ഥിയാകാന്‍

Published

|

Last Updated

കോഴിക്കോട്: 101 മണിക്കൂര്‍ മൗത്ത് ഓര്‍ഗണ്‍ വായിച്ച് ലോക റിക്കോര്‍ഡിട്ട തൃശൂര്‍ സ്വദേശി നസീര്‍ ഇത്തവണയും സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ നസീര്‍ കലക്ടറേറ്റിലെത്തിയത് ഏവരിലും കൗതുകം പടര്‍ത്തി.
അണിയിച്ചൊരുക്കിയ 1980 മോഡല്‍ ബെന്‍സ് കാറില്‍ കലക്ടറേറ്റ് പടിക്കല്‍ എത്തിയ സ്ഥാനാര്‍ഥി സ്വയം പരിചയപ്പെടുത്തി. ഞാന്‍ നസീര്‍. തൃശൂര്‍ സ്വദേശിയാണ്. കോഴിക്കോട് ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിക്കാനെത്തിയതാണ്. ചാനല്‍ ക്യമാറകള്‍ക്ക് മുമ്പില്‍ ടെലിവിഷന്‍ ഹാസ്യതാരമായ നസീര്‍ വിവിധ രാഷ്ട്രീയ നേതാക്കളുടെ സംഭാഷണങ്ങള്‍ അവതരിപ്പിച്ച് കൈയടി നേടി. പത്രിക സമര്‍പ്പിക്കാനെത്തിയ വടകര സ്ഥാനാര്‍ഥി എ എന്‍ ഷംസീറിനൊപ്പം വന്ന എം വി ജയരാജനെ കണ്ട നസീര്‍ താങ്കളുടെ ശബ്ദം ഞാന്‍ പല തവണ അവതരിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞത് ഏവരിലും ചിരി പടര്‍ത്തി. നസീറിന് ജയരാജന്‍ വിജയാശംസ നേര്‍ന്നു.
നാളികേര ചിഹ്നത്തിലാണ് താന്‍ മത്സരിക്കുന്നതെന്ന് നസീര്‍ പറഞ്ഞു. രാഷ്ട്രീയമെന്ന വാക്കിന്റെ ഉള്ളടക്കം പൊതുജനങ്ങള്‍ക്കുള്ള ജനസേവനമാണ്. ജനങ്ങളുടെ ജീവിതത്തിനും ആരോഗ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാനാണ് മത്സരിക്കുന്നതെന്നും നസീര്‍ പറഞ്ഞു.
ജയിച്ചു കഴിഞ്ഞാല്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി നടത്താനുള്ള കാര്യങ്ങള്‍ വിവരിച്ചുള്ള പ്രകടനപത്രികയും നസീര്‍ തയ്യാറാക്കിയിട്ടുണ്ട്. കുടിവെള്ളമില്ലാത്ത പ്രദേശത്ത് 25 വീടുകള്‍ക്ക് ഒരു ടാങ്ക് എന്ന നിലയില്‍ വെള്ളം സംഭരിച്ച് നല്‍കും. പാവപ്പെട്ട രോഗികളുടെ വീടുകളില്‍ നേരിട്ടെത്തി ചികിത്സ നല്‍കാന്‍ പദ്ധതി. മണ്ഡലത്തിലുള്ള ഒരോ പഞ്ചായത്തിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്മിറ്റി. ഫയല്‍ ആഴചകളില്‍ നേരിട്ട് കയ്യിലെത്തിക്കാനുള്ള പ്രവര്‍ത്തനം ഇതൊക്കെയാണ് പ്രകടന പത്രിക വാഗ്ദാനങ്ങള്‍. മണ്ഡലത്തിലുടനീളം താന്‍ പര്യടനം നടത്തുമെന്നും നസീര്‍ പറഞ്ഞു.

Latest