Connect with us

Kozhikode

മത- സാമുദായിക സംഘടനകളും പട്ടികജാതി- വിഭാഗങ്ങളും എല്‍ ഡി എഫിന് വോട്ട് ചെയ്യും: കോടിയേരി

Published

|

Last Updated

കോഴിക്കോട്: കേരളത്തിലെ മത- സാമുദായിക സംഘടനകളും പട്ടികജാതി- വര്‍ഗ വിഭാഗങ്ങളും ഈ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. 2009ലെ തിരഞ്ഞെടുപ്പില്‍ ഇത്തരം സംഘടനകളുടെയും ചില വ്യക്തികളുടെയും നിലപാടുകള്‍ പാര്‍ട്ടിക്ക് എതിരായിരുന്നു. ഇത്തവണ കാര്യങ്ങള്‍ മാറി. കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയം മത ന്യൂനപക്ഷങ്ങള്‍ക്ക് ബോധ്യപ്പെട്ടു. മതനിരപേക്ഷ കക്ഷികളും എല്‍ ഡി എഫിനൊപ്പമാണ്. അഴിമതി, വിലക്കയറ്റം, തൊഴിലാല്ലായ്മ, സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്ന തിരഞ്ഞെടുപ്പില്‍ 2004ലേത് പോലുള്ള ചരിത്ര വിജയം എല്‍ ഡി എഫ് നേടുമെന്നും കോടിയേരി പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി വടകരയിലെയും കോഴിക്കോട്ടെയും എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം കലക്ടറേറ്റിലെത്തിയ കോടിയേരി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു.
ബി ജെ പി നേതാക്കളായ വാജ്‌പേയിയെയും അഡ്വാനിയെയുമെല്ലാം മഹത്വവത്ക്കരിക്കുന്ന പ്രസ്താവനയാണ് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നടത്തുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് ഇത് കാണിക്കുന്നത്. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്കെതിരെ മതന്യൂനപക്ഷങ്ങള്‍ ശക്തമായി പ്രതികരിക്കും. യു ഡി എഫിന് ജനങ്ങള്‍ക്ക് മുമ്പില്‍ വോട്ട് ചോദിച്ച് എത്താന്‍ പറ്റാത്ത അവസ്ഥയാണ്.
പ്രചാരണ രംഗത്ത് ഉയര്‍ത്തിക്കാട്ടാന്‍ ഒന്നുമില്ല. രാഷ്ട്രീയം പറയാനില്ലാത്തതിനാലാണ് എല്‍ ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മണ്ഡലങ്ങളില്‍ കാണാനില്ല എന്ന തരത്തില്‍ ഇവര്‍ പ്രചാരണം നടത്തുന്നത്. നേരത്തെയും എല്‍ ഡി എഫ് സ്വതന്ത്രരെ നിര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് ഇത്തരത്തില്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സ്വതന്ത്രന്‍മാര്‍ ജയിച്ച് കയറുന്നത് പലതവണ കേരളം കണ്ടതാണ്. ആലപ്പുഴയില്‍ വി എം സുധീരന് നേരത്തെ ഇത് ബോധ്യപ്പെട്ടതുമാണ്.
നരേന്ദ്രമോഡിയെ കാണാന്‍ പോയ ഷിബുബേബിജോണ്‍ കാര്‍മികത്വം വഹിച്ച് കൊണ്ടുവന്ന എന്‍ കെ പ്രേമചന്ദ്രന് എങ്ങനെ ബി ജെ പിക്കെതിരെ നിലാപാട് സ്വീകരിക്കാന്‍ സാധിക്കുമെന്ന് കോടിയേരി ചോദിച്ചു.