വികസന വാഗ്ദാനത്തില്‍ എല്ലാവരും ഒറ്റക്കെട്ട്

Posted on: March 20, 2014 11:38 am | Last updated: March 20, 2014 at 11:38 am
SHARE

കോഴിക്കോട്: 12 വര്‍ഷം രാജ്യസഭ അംഗമായതിന്റെ അനുഭവ പരിചയങ്ങള്‍ മണ്ഡലത്തിലെ വികസനത്തിനായി ഉപയോഗപ്പെടുത്തുമെന്ന് കോഴിക്കോട് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ വിജയരാഘവന്‍.
സ്ഥാപിത താത്പര്യങ്ങള്‍ ഇല്ലാതെ ജനാധിപത്യ രീതിയില്‍ മണ്ഡലത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീര്‍. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഇരുവരും.
കോഴിക്കോടിന്റെ വികസനത്തിനായി വിദഗ്ധരുടെ ഉപദേശവും പ്രവര്‍ത്തന പരിചയവും ഉപോയഗപ്പെടുത്തും. അതിനായി ഐ ഐ ടിയെപോലുള്ള ഗവേഷണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും വിജയരാഘവന്‍ പറഞ്ഞു. തുടക്കത്തില്‍ കോഴിക്കോടിന്റെ വികസന കാര്യങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം ദേശീയതലത്തില്‍ മൂന്നാം മുന്നണിയുടെ സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു. രാജ്യത്ത് ഇനി പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് പ്രാമുഖ്യം. മൂന്നാം മുന്നണി രൂപവത്കരിക്കപ്പെട്ടിട്ടില്ല. പ്രാദേശിക പാര്‍ട്ടികളെ ഏകോപിപ്പിച്ച് അത്തരം ഒരു മുന്നണിക്ക് ഇടതുപക്ഷം നേതൃത്വം നല്‍കും. സമഗ്രമായ ഒരു സമീപനം വികസന കാര്യത്തില്‍ ഉണ്ടാക്കിയെടുക്കണം. സാമ്പത്തിക മേഖലയിലുള്ള വികസനമാണ് പ്രധാനപ്പെട്ടത്. കോഴിക്കോടിന്റെ വികസനത്തിനായി ആവശ്യമായ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച് നേടിയെടുക്കുകയാണ് ലക്ഷ്യം. വിജയരാഘവന്‍ പറഞ്ഞു.
വടകര ലോക്‌സഭാ മണ്ഡലത്തില്‍ വിജയസാധ്യത ഏറെയാണെന്നും അനുകൂല ഘടകങ്ങള്‍ ധാരാളമുണ്ടെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. ടി പി ചന്ദ്രശേഖരന്‍ വധം തിരഞ്ഞെടുപ്പില്‍ ബാധിക്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയില്‍ ടി പി വധം പൂര്‍ണ്ണമായി ഒഴിവാക്കി കൊണ്ടാണ് സംസാരിച്ചത്. ടി പി വധമല്ല, മറിച്ച് ജനവിരുദ്ധ നയങ്ങളാണ് ഇവിടെ ചര്‍ച്ചയാകുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെതിരായ വികാരം ശക്തമാണ്. അത് മണ്ഡലത്തില്‍ പ്രതിഫലിക്കും. വടകരയിലെ മലയോര മേഖലകളില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ ജനങ്ങള്‍ക്കുണ്ട്. മണ്ഡലത്തിലെ വികസന മുരടിപ്പും അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു. മാധ്യമങ്ങള്‍ തനിക്കെതിരായി പ്രചരിപ്പിക്കുന്ന കഥകള്‍ വിശ്വസിക്കുന്നില്ല. നടപ്പാക്കാവുന്ന പ്രഖ്യാപനങ്ങള്‍ മാത്രമാണ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതെന്നും ഷംസീര്‍ പറഞ്ഞു.
സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, എ പ്രദീപ്കുമാര്‍ എം എല്‍ എ, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ പരിപാടിയില്‍ പങ്കെടുത്തു.