Connect with us

Kozhikode

മുറി കൈയേറിതായി പരാതി

Published

|

Last Updated

താമരശ്ശേരി: കൃഷി വകുപ്പിന്റെ അധീനതയിലുള്ള മുറി റവന്യൂ വകുപ്പ് കൈയേറി തിരഞ്ഞെടുപ്പ് ഉപകരണങ്ങള്‍ സൂക്ഷിച്ചതായി പോലീസില്‍ പരാതി. താലൂക്ക് ഓഫീസിനായി കൃഷിഭവന്‍ ഉള്‍പ്പെടെ ഒഴിഞ്ഞു തരാന്‍ ആവശ്യപ്പെട്ട് പലതവണ നോട്ടീസ് നല്‍കിയെങ്കിലും നിരാകരിച്ചതിനാലാണ് മുറി കൈയേറിയതെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി. താമരശ്ശേരി താലൂക്കോഫീസ് പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനില്‍ ഇന്നലെ രണ്ട് വകുപ്പുകള്‍ തമ്മിലുണ്ടായ പോര് മൂന്നാം വകുപ്പ് ഇടപെട്ടാണ് താല്‍കാലികമായി പരിഹരിച്ചത്.
മിനി സിവില്‍ സ്റ്റേഷന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവന്‍ ഉള്‍പ്പെടെയുള്ളവ താലൂക്കോഫീസിനായി ഒഴിഞ്ഞുകൊടുക്കാന്‍ ഗ്രാമ പഞ്ചായത്തും റവന്യൂ വകുപ്പും മാസങ്ങള്‍ക്കു മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൃഷിഭവന്‍ ഒഴിഞ്ഞുകൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഒന്നാം നിലയില്‍ ഒഴിഞ്ഞ് കിടന്നിരുന്ന മറ്റൊരു മുറിയും താത്കാലികമായി കൃഷിഭവന് നല്‍കിയിരുന്നു. ഈ മുറിയിലാണ് ഇന്നലെ റവന്യൂ കുപ്പ് കൈയേറി ഉപകരണങ്ങള്‍ ഇറക്കിവെച്ചത്. ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും എന്ന പേരിലാണ് വില്ലേജോഫീസറില്‍ നിന്ന് മുറിയുടെ താക്കോല്‍ വാങ്ങിയെടുത്തതെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മറ്റും സൂക്ഷിക്കാനായി ഒഴിഞ്ഞ് തരാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിക്കുകയായിരുന്നുവെന്നും താമരശ്ശേരി തഹസില്‍ദാര്‍ ജോസഫ് പറഞ്ഞു.
വിവരം അറിയിക്കാനായി രാവിലെ കൃഷിഭവനിലെത്തിയ വനിതാ ജീവനക്കാരിയെ കൃഷി ഓഫീസര്‍ അസഭ്യം പറഞ്ഞ് തിരിച്ചയച്ചതായും ആക്ഷേപമുണ്ട്.
കൈയേറ്റത്തിനെതിരെ കൃഷി ഓഫീസര്‍ എലിസബത്ത് താമരശ്ശേരി പോലീസില്‍ പരാതി നല്‍കി. താമരശ്ശേരി സി ഐ. എം ഡി സുനിലിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ റവന്യൂ വകുപ്പിന്റെ ഉപകരണങ്ങള്‍ തത്സ്ഥാനത്ത് സൂക്ഷിക്കാമെന്ന് ധാരണയായി.
കൃഷി വകുപ്പുമായി ബന്ധപ്പെട്ട് നേരത്തെ മുറിയിലുണ്ടായിരുന്നവ എടുത്തു മാറ്റിയില്ലെങ്കിലും വില്ലേജോഫീസര്‍ മുറി പൂട്ടി സീല്‍ ചെയ്തു. താലൂക്ക് ആരംഭിച്ചെങ്കിലും ആവശ്യത്തിന് സൗകര്യമൊരുക്കാത്തതും ഒഴിഞ്ഞുകൊടുക്കേണ്ട ഓഫീസുകള്‍ക്ക് പകരം സംവിധാനം ആവാത്തതും താലൂക്ക് ജീവനക്കാരെ കുഴക്കുകയാണ്.

Latest