മലയോരത്തെ നീര്‍ച്ചാലുകള്‍ സ്വകാര്യവ്യക്തി കയ്യേറി നശിപ്പിക്കുന്നു

Posted on: March 20, 2014 10:44 am | Last updated: March 20, 2014 at 10:44 am
SHARE

കാഞ്ഞങ്ങാട്: ജില്ലയിലെ അതിപ്രാധാന്യമുള്ള ചൈത്രവാഹിനി പുഴയുടെ കൈവഴിയായ കല്ലംചിറ-വെള്ളരിക്കുണ്ട് നീര്‍ചാല്‍ വ്യാപകമായ കയ്യേറ്റത്തിലൂടെ നശിപ്പിക്കുന്നു. തോടിന്റെ ഇരുകരകളും അനധികൃതമായി കോണ്‍ക്രീറ്റ് ഭിത്തികളും കരിങ്കല്‍ മതിലുകളും കെട്ടി നീര്‍ച്ചാലിന്റെ നീരൊഴുക്ക് തടസപ്പെടുത്തിയിരിക്കുന്നു.
വെള്ളരിക്കുണ്ട് പെട്രോള്‍ പമ്പിനുസമീപം ഇതേ തോട് ചുവന്ന മണ്ണിട്ട് ഏകദേശം 40 മീറ്റര്‍ നീളത്തില്‍ നികത്തികൊണ്ടിരിക്കുകയാണ്. ഭരണതലത്തിലും രാഷ്ട്രീയ തലത്തിലും സ്വാധീനമുള്ള വ്യക്തിയുടെ നേതൃത്വത്തിലാണ് ഈ നിയമവിരുദ്ധ കയ്യേറ്റം. സംഭവം തഹസില്‍ദാരുടെയും സബ് കലക്ടറുടെയും ശ്രദ്ധയില്‍ പരിസ്ഥിതി സമിതി കൊണ്ടുവന്നിട്ടുണ്ട്. പൊതുവെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് വെള്ളരിക്കുണ്ട്. ജലസംഭരണികളായ മലകളും കുന്നുകളും കാടുകളും അനധികൃത പാറമടകള്‍ മൂലം ഇല്ലാതായപ്പോള്‍ ചൈത്രവാഹിനി ഒരിറ്റുവെള്ളത്തിനായി കേഴുകയാണ്. മലയോരജനതയുടെ കാര്‍ഷികാവശ്യത്തിനുള്ള ജലമാണ് ഇതുവഴി ഇല്ലാതായിരിക്കുന്നത്.