Connect with us

Malappuram

വേനല്‍: കാര്‍ഷിക മേഖലയെ ബാധിച്ചു തുടങ്ങി

Published

|

Last Updated

വണ്ടൂര്‍: കിഴക്കന്‍ മലയോര മേഖലയില്‍ വേനല്‍ ചൂടേറ്റ് കൃഷികള്‍ നശിക്കുന്നു. വണ്ടൂര്‍, പോരൂര്‍, തിരുവാലി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി വാഴ, കപ്പ തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിക്കുന്നത്.
കൂടാതെ എടക്കര, വഴിക്കടവ് ഭാഗങ്ങളിലും വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് കൃഷി നശിക്കുന്നുണ്ട്. അടുത്ത മാസം വിളവെടുക്കേണ്ട വാഴകളാണ് കൂടുതലായും നശിച്ചത്. തിരുവാലി തോടയത്തില്‍ മണിമന്ദിരത്തില്‍ ഇ രാവുണ്ണി നായരുടെ 150ഓളം വാഴകള്‍ കടുത്ത വരള്‍ച്ചയില്‍ നശിച്ചത്.
കുലച്ച വാഴകളാണ് ഒടിഞ്ഞുവീണത്. ഭൂമിയിലെ ജലാംശം കുറഞ്ഞതാണ് നെല്ല്് തുടങ്ങിയ കൃഷികള്‍ ഉണങ്ങാന്‍ കാരണം. ജില്ലയിലെ 27 പഞ്ചായത്തുകളിലും നാല് നഗരസഭകളിലും ഇത്തവണ വരള്‍ച്ച രൂക്ഷമാകുമെന്നാണ് ഭൂജല വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിര്‍മിച്ചിട്ടുള്ള നിരീക്ഷണ കിണറുകളിലെ ജലവിതാനം പരിശോധിച്ചശേഷമാണ് ഭൂജല വകുപ്പ് മുന്നറിയിപ്പ് റിപ്പോര്‍ട്ട് തയാറാക്കിയത്.
വണ്ടൂര്‍, തൃക്കലങ്ങോട്, തുവ്വൂര്‍ തുടങ്ങിയ പഞ്ചായത്തുകളും ഇക്കൂട്ടത്തിലുണ്ട് എന്നത് മേഖലയുടെ വരള്‍ച്ചയുടെ തോതിനെയാണ് സൂചിപ്പിക്കുന്നത്. വേനല്‍ കടുത്തതോടെ കുളങ്ങളും ജലാശയങ്ങളും വറ്റി തുടങ്ങിയിട്ടുണ്ട്.
ഇതോടെ ഇവയില്‍ നിന്നുള്ള ജലസേചനവും സാധിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷികള്‍ക്ക് വെള്ളമെത്തിക്കാന്‍ ഉള്‍നാടുകളിലെ തോടുകളില്‍ ചെറിയ തടയിണകള്‍ നിര്‍മിച്ചിരുന്നെങ്കിലും നീരൊഴുക്ക് കുറഞ്ഞതോടെ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനും സാധിക്കുന്നില്ല.