Connect with us

Malappuram

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വീട് വെക്കാന്‍ സ്ഥലം നല്‍കിയില്ല; അധികൃതരുടെ കനിവ് കാത്ത് ചക്കിയുടെ കുടുംബം

Published

|

Last Updated

കാളികാവ്: ചോക്കാട് നാല്‍പത് സെന്റ് ആദിവാസി കോളനിയിലെ പൊട്ടിക്കല്ല് ചക്കിയുടെ കുടുംബത്തിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭൂമി നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
1976ല്‍ പൊട്ടിക്കല്ലില്‍ നിന്ന് ചോക്കാട് നാല്‍പത് സെന്റിലേക്ക് മാറ്റിപ്പാര്‍പ്പിച്ച പൊട്ടിക്കല്ല് ഒടുക്കന്റെ ഭാര്യയാണ് ചക്കി. കഴിഞ്ഞ വര്‍ഷം ഒടുക്കന്‍ മരണപ്പെടുന്നത് വരെ ഭൂമിക്ക് വേണ്ടി ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്. മുഖ്യമന്ത്രിയുടെ രണ്ട് ജനസമ്പര്‍ക്ക പരിപാടികളിലും പരാതികള്‍ നല്‍കിയിരുന്നു. എങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഒടുക്കന്റെ മരണ ശേഷം ഭാര്യ ചക്കിയും മക്കളും ഭൂമി ലഭിക്കുന്നതിന് വേണ്ടി അധികൃതരുടെ കനിവിനായി പരാതികളുമായി ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്. ചോക്കാട് നാല്‍പത് സെന്റിലെ ആദിവാസി കുടുംബങ്ങള്‍ക്ക് 3 ഏക്കര്‍ ഭൂമി വീതം ഓരോ കുടുംബത്തിനും നല്‍കിയിരുന്നു. എന്നാല്‍ ഒടുക്കന്റെ സഹോദരിയുടെ മകള്‍ക്ക് ഭൂമി നല്‍കി എന്നതിന്റെ പേരിലാണ് ഈ കുടുംബത്തിന് വീട് നിക്ഷേധിച്ചിരിക്കുന്നത്.
നിലമ്പൂര്‍ പട്ടിക വര്‍ഗ സൊസൈറ്റിയിലെ ചിലര്‍ അധികൃതരെ തെറ്റിധരിപ്പിച്ചതാണ് ഈ കുടുംബത്തിന് ഭൂമി ലഭിക്കാതിരിക്കാന്‍ കാരണമെന്നാണ് ഈ കുടുംബത്തിന്റെ പരാതി. 2005ല്‍ മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐ ടി ഡി പി ഡയറക്ടര്‍ ഭൂമി നല്‍കുന്നതിന് നടപടി എടുക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ സൊസൈറ്റി ഈ കുടുംബത്തിന് അനുകൂലമായ സമീപനമെടുക്കാത്തതാണ് അന്ന് വിനയായത്. കോളനിയില്‍ ഇല്ലാത്തവരാണ് ഇവരെന്നാണ് സൊസൈറ്റിക്കാര്‍ അധികൃതരെ തെറ്റിധരിപ്പിച്ചതെന്നാണ് കുടുബം പറയുന്നത്. എന്നാല്‍ കോളനിയില്‍ 1978 ല്‍ ആരംഭിച്ച സ്‌കൂളില്‍ ഒടുക്കന്റെ മക്കളായ രാഗിണിയും, രുഗ്മിണിയും വിദ്യാര്‍ഥികളായിരുന്നു.
അത് മാത്രമല്ല ഒടുക്കന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പോലും ഉന്നത അധികാരികള്‍ തയ്യാറാകുന്നില്ലെന്നും ഈ കുടുംബത്തിന് പരാതി ഉണ്ട്. ഇതിനിടെ ചോക്കാട് നാല്‍പത് സെന്റ് കോളനിയിലേയും, ചിങ്കക്കല്ല് കോളനിയിലേയും 16 കുടുംബങ്ങള്‍ക്ക് വനാതിര്‍ത്തിയില്‍ ഒരേക്കര്‍ സ്ഥലം വീതം നല്‍കിയിരുന്നു. ഈ സ്ഥലം പാറക്കെട്ടുകള്‍ നിറഞ്ഞതും, കാല്‍നടയായിപോലും എത്തിപ്പെടാന്‍ പ്രായസമുള്ളതും കാട്ടാനകളുടെ വിളയാട്ട ഭൂമിയുമായതിനാല്‍ കാര്‍ഷിക യോഗ്യമല്ല.
ഈ ഭൂമി കാട് മൂടിക്കിടക്കുകയാണ്. ഇവിടെ ഒരേക്കര്‍ സ്ഥലം ഒടുക്കനും കുടുംബത്തിനും നല്‍കിയിട്ടുണ്ടെങ്കിലും ജീവന്‍ പണയം വെച്ച് അവിടെ എത്തിപ്പെടാന്‍ കഴിയില്ല. അഞ്ച് സെന്റ് സ്ഥലമാണെങ്കിലും താമസിക്കാനും കൃഷി ചെയ്യാനും കഴിയണം എന്നാണ് കുടുംബം പറയുന്നത്.
ചക്കിയുടെ മകന്‍ ബാബുവിന്റെ ഭാര്യ വീട്ടിലാണ് ഇപ്പോള്‍ വൃദ്ധയായ ചക്കിയും മറ്റ് മക്കളും താമസിക്കുന്നത്. മറ്റ് കുടുംബങ്ങള്‍ക്ക് നല്‍കിയത് പോലെ ഈ കുടുംബത്തിന് അവകാശപ്പെട്ട ഭൂമി നല്‍കാന്‍ അധികൃതര്‍ നടപടി എടുക്കണം. അര്‍ഹതപ്പെട്ട ഭൂമി ലഭിക്കുന്നതിന് വേണ്ടി കുടുംബസമ്മേതം സമര രംഗത്തേക്ക് ഇറങ്ങുന്നതിന് തയ്യാറെടുക്കുകയാണ് ചക്കിയും കുടുംബവും.

Latest