പ്രചാരണച്ചൂടില്‍ പാലക്കാട്ട് തീപ്പാറുന്ന പോരാട്ടം

Posted on: March 20, 2014 9:08 am | Last updated: March 20, 2014 at 9:08 am
SHARE

പാലക്കാട്: പാലക്കാട്ട് പ്രചാരണത്തിന് ചൂടേറുന്നു. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ പ്രചാരണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടിപ്രവര്‍ത്തകരും.
യുഡി എഫ് സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിന്റെ റോഡ് ഷോ ഒരുവട്ടം മണ്ഡലത്തിലുടനീളം കടന്നുപോയി. ഇനി യുഡിഎഫിന്റെ നിയോജകമണ്ഡലം കണ്‍വന്‍ഷനുകളാണ്. പാലക്കാടന്‍ രാഷ്ട്രീയവും വികസനവും ചര്‍ച്ചചെയ്തായിരുന്നു യു ഡി എഫ് പ്രചാരണം.
1977ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള മുന്നണി 20 സീറ്റ്് പിടിച്ചെടുത്തതുപോലെ ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് യു ഡി എഫ് പറയുന്നു. വാഹനപ്രചാരണമില്ലാതെ പാര്‍ട്ടി കണ്‍വന്‍ഷനുകളിലൂടെ ഓടിനടന്നാണ് ഇടതു സ്ഥാനാര്‍ഥി എം ബി രാജേഷിന്റെ വോട്ടുപിടിത്തം. മണ്ഡലത്തിലെ എല്ലാ മേഖലകളിലുമെത്തി വോട്ടര്‍മാരെ നേരിട്ടുകാണാനും രാജേഷിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞഅഞ്ചുവര്‍ഷം നടത്തിയ വികസനനേട്ടങ്ങളാണ് രാജേഷിന്റെ പ്രചാരണവിഷയം.
ബി ജെ പി സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രനും മണ്ഡലത്തിലുടനീളം യാത്രതുടങ്ങിക്കഴിഞ്ഞു. വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ടുതേടാനാണ് ശോഭയുടെ ശ്രമം. പാലക്കാട് മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ബിരാജേഷ്, യുഡിഎഫ് സ്ഥാനാര്‍ഥിയായ ജനതാദളിന്റെ വീരേന്ദ്രകുമാറും ഒപ്പത്തിനൊപ്പം പ്രചരണത്തില്‍ മുന്നേറുന്നു. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ എ ഷീബയും എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ ബിജുവും മണ്ഡലങ്ങളിലെ നാട്ടുവഴികളിലൂടെയുള്ള പ്രചാരണത്തിനാണ്മുന്‍തൂക്കം കൊടുക്കുന്നത്.—
ബി ജെ പി സ്ഥാനാര്‍ഥി ഷാജുമോന്‍ വട്ടേക്കാടും തൊട്ട് പിറകെയുണ്ട്.
പാലക്കാട്: ആംആദ്മി പാര്‍ട്ടി പാലക്കാട് ലോക്‌സഭാമണ്ഡലം സ്ഥാനാര്‍ഥി ബി പത്മനാഭന്‍ പ്രചരണ രംഗത്ത് സജീവമായി.ഒറ്റപ്പാലം,മണ്ണാര്‍ക്കാട് മേഖലയില്‍ ആയിരുന്നു തുടക്കം. ആവേശപൂര്‍വമായ പ്രതികരണമാണ് ജനങ്ങള്‍ ആംആദ്മിക്ക് നല്‍കുന്നതെന്ന് ബി പത്മനാഭന്‍ പറഞ്ഞു.