‘തിരഞ്ഞെടുപ്പ് ഡ്യൂട്ടി: വനിതാ ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തണം’

Posted on: March 20, 2014 12:37 am | Last updated: March 20, 2014 at 12:37 am
SHARE

കണ്ണൂര്‍: തിരഞ്ഞെടുപ്പിന് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന വനിതാ ജീവനക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ്. ഇലക്ഷന്‍ ഡ്യൂട്ടിയില്‍ വനിതകളെ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ടായിട്ടും വ്യാപകമായി വനിതാ ജീവനക്കാരെ നിയോഗിക്കുന്നതായി ആരോപണമുയര്‍ന്നതു സംബന്ധിച്ച് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അവര്‍ ഇങ്ങനെ പ്രതികരിച്ചത്. വനിതകളെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ പാടില്ലെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ നിയോഗിക്കപ്പെടുന്ന വനിതകള്‍ക്ക് പ്രാഥമിക സൗകര്യം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.