കരിഞ്ചന്തയിലേക്ക് കടത്താന്‍ ശ്രമിച്ച 200 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യം പിടികൂടി

Posted on: March 20, 2014 1:33 am | Last updated: March 20, 2014 at 12:33 am
SHARE

കൊല്ലം: റേഷന്‍ കടകള്‍ വഴി പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ എഫ് സി ഐ വഴി വിതരണം ചെയ്ത 200 ചാക്ക് അരിയും ഗോതമ്പും പോലീസ് പിടിച്ചെടുത്തു. കെ എല്‍ 02 എ എച്ച് 7879 -ാം നമ്പര്‍ മിനി ലോറിയില്‍ കൊല്ലം ചാമക്കടയിലെ പഴയ ട്രാഫിക് പോലീസ് സ്റ്റേഷന് സമീപമുള്ള ഗോഡൗണില്‍ ഇറക്കാന്‍ കൊണ്ടുവന്ന അരി ചാമക്കട വെച്ചും നഗരത്തിലെ വിവിധ റേഷന്‍ കടകളില്‍ നിന്ന് അനധികൃതമായി ശേഖരിച്ച അരിയും ഗോതമ്പും കെ എല്‍ 02 എ എച്ച് 1554 -ാം നമ്പര്‍ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിക്കവെ കല്ലുപാലത്ത്‌വെച്ചുമാണ് പോലീസ് പിടികൂടിയത്. ഇതില്‍ മിനിലോറി ഓടിച്ചുവന്നവര്‍ പോലീസിനെ കണ്ടയുടന്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഓട്ടോറിക്ഷയില്‍ റേഷന്‍ ധാന്യങ്ങള്‍ കടത്താന്‍ ശ്രമിച്ച കൊറ്റങ്കര പേരൂര്‍ ചേരിയില്‍ കരിക്കോട് ലിറ്റില്‍ ഫഌവര്‍ സ്‌കൂളിന് സമീപം താമസിക്കുന്ന ഫാസിലി(40) നെ പോലീസ് അറസ്റ്റ് ചെയ്തു.

റേഷന്‍ സാധനങ്ങള്‍ അനധികൃതമായി കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദേശാനുസരണമാണ് അറസ്റ്റ്. കൊല്ലം ഈസ്റ്റ് സി ഐ. സുരേഷ് വി നായര്‍, എസ് ഐ. ജി ഗോപകുമാര്‍, ഗ്രേഡ് എസ് ഐമാരായ സുദര്‍ശനന്‍ പിള്ള, യേശുദാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജിത്, സുനില്‍, ഹരിലാല്‍ എന്നിവരടങ്ങിയ സംഘമാണ് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്തത്.
ഇത്തരത്തില്‍ അനധികൃതമായി റേഷന്‍ സാധനങ്ങള്‍ കടത്തി വന്‍കിട കമ്പനികളുടെ ലേബലായ സെവന്‍ സ്റ്റാര്‍, ജ്യോതി, ജയ, പ്രീമിയം ബ്രാണ്ട്, ശ്രീ ചൈതന്യ, പീക്കോക്ക് തുടങ്ങിയ ബ്രാണ്ടുകളുടെ ചാക്കുകളില്‍ 75 കിലോ വീതം അരി നിറച്ചും ഗോതമ്പ് വന്‍കിട ആട്ട, മൈദ തുടങ്ങിയവ ഉണ്ടാക്കുന്ന കമ്പനികള്‍ക്ക് നല്‍കുന്നതിനുമായി പാലക്കാട്, പെരുമ്പാവൂര്‍, കാലടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ആര്‍ക്ക് വേണ്ടിയാണ് അരി കടത്തിയതെന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത റേഷന്‍ ധാന്യങ്ങള്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ കലക്ടര്‍ക്ക് കൈമാറും.