Connect with us

Ongoing News

ഉമ്മന്‍ചാണ്ടി വക്രബുദ്ധി പ്രയോഗിക്കുന്നു: പിണറായി

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ ഭരണം നിലനിര്‍ത്തുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വക്രബുദ്ധി പ്രയോഗിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇത്തവണ മുഖ്യമന്ത്രിയുടെ വക്രബുദ്ധി വിലപ്പോവില്ല. തോറ്റാല്‍ ഉത്തരവാദിത്തം തനിക്കാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തന്ത്രമാണെന്നും തിരുവനന്തപുരത്ത് ഇ എം എസ് അനുസ്മരണ പരിപാടിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി പറഞ്ഞു.
തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് രണ്ടക്കത്തിലൊതുങ്ങുന്ന പാര്‍ട്ടിയായി മാറും. കേരളത്തിലും കോണ്‍ഗ്രസിനെയും യു ഡി എഫിനെയും കാത്തിരിക്കുന്നത് വന്‍ പരാജയമാണ്. കേരളത്തില്‍ എല്ലാ ജനവിഭാഗങ്ങളും കോണ്‍ഗ്രസിന് എതിരാണ്. ഇവിടെ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് ജയിക്കില്ലെന്നതാണ് നിലവിലെ സ്ഥിതി. ഇനിയുള്ള ദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ ഇരിക്കണം. പണമൊഴുക്കി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്നും പിണറായി പറഞ്ഞു. കോണ്‍ഗ്രസും യു പി എയും തകരുന്നതോടെ അധികാരത്തിലേറാമെന്ന ബി ജെ പിയുടെ മോഹം നടക്കില്ല. അധികാരത്തില്‍ കയറാന്‍ ആവശ്യമായ ലോക്‌സഭാംഗങ്ങളെ വിജയിപ്പിക്കാന്‍ ബി ജെ പിക്ക് കഴിയില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസും ബിജെപിയും അല്ലാത്ത ഒരു ബദല്‍ രാജ്യത്ത് ഉയര്‍ന്ന് വരും. ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ ശക്തികളാണ് ഇത്തവണ ബദല്‍ സര്‍ക്കാര്‍ രൂപവത്കരിക്കുകയെന്നും പിണറായി പറഞ്ഞു.