മധ്യേഷ്യയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നു: ശിവശങ്കര്‍ മേനോന്‍

Posted on: March 20, 2014 12:30 am | Last updated: March 20, 2014 at 12:30 am
SHARE

തിരുവനന്തപുരം: മധ്യേഷ്യയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നതായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍. സംസ്ഥാന പ്ലാനിംഗ്‌ബോര്‍ഡ് ‘ ഇന്ത്യന്‍ സുരക്ഷാ പരിസ്ഥിതി’ യെക്കുറിച്ച് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-ചൈന യുദ്ധത്തെക്കുറിച്ച രഹസ്യറിപ്പോര്‍ട്ട് പുറത്തുവന്നതിനെ വലിയ കാര്യമായി കാണേണ്ടതില്ല. മുമ്പും 2001 ലുള്‍പ്പെടെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
മൊറോക്കോ മുതല്‍ പാകിസ്ഥാന്‍ വരെയുള്ള വിശാല മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ആഭ്യന്തര കലാപങ്ങള്‍ വളരെ ഗൗരവത്തോടെ കാണണം. ലോകത്ത് ആഭ്യന്തര കലാപങ്ങളില്‍ മരിച്ചവരില്‍ 70 ശതമാനവും മധ്യേഷ്യന്‍ രാജ്യങ്ങളിലാണെന്നത് ഏറെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. മേഖലയിലെ ഭൗമരാഷ്ട്രീയ സ്ഥിതി തന്നെ ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. ഈ മേഖലകളില്‍ അധിവസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 70 ലക്ഷത്തിലധികം വരുമെന്നാണ് കണക്ക്. ഒപ്പം രാജ്യം എണ്ണ ഉത്പന്നങ്ങള്‍ക്കായി 62 ശതമാനത്തോളം ആശ്രയിക്കുന്നത് മേഖലയെയാണ്. ഇതാണ് ആശങ്കയുടെ അടിസ്ഥാനം. സ്വാതന്ത്ര്യാനന്തരമുള്ള 30 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സാഹചര്യമല്ല ഇന്നുള്ളത്. യുദ്ധങ്ങളും ആഭ്യന്തരപ്രശ്‌നങ്ങളും ഏറെ കുറഞ്ഞിട്ടുണ്ട്. സ്വന്തം ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ഒട്ടേറെ കാര്യങ്ങള്‍ ഇന്ത്യ ചെയ്തുകഴിഞ്ഞു. ഭക്ഷ്യ, ഊര്‍ജ്ജ സുരക്ഷയുടെ കാര്യത്തിലും ഇന്ത്യ ആ കാലഘട്ടത്തില്‍ നിന്നും വളരെ ശക്തമായ നിലയിലേക്ക മാറിയിട്ടുണ്ട്. എന്നാല്‍ പൊതുസ്ഥിതി പരിശോധിക്കുമ്പോള്‍ പുതിയ ഭീഷണികള്‍ വര്‍ധിച്ചുവരികയാണ്. അത്തരം ഭീഷണികള്‍ നേരിടുന്നതിന് പല കാര്യങ്ങളും ഇന്ത്യക്കും ചെയ്യേണ്ടതായുണ്ട്. വ്യക്തികളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ജനങ്ങള്‍ കൂടുതല്‍ നടപടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ആഭ്യന്തര സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.