Connect with us

Editorial

അഭയാ കേസില്‍ തുടരന്വേഷണം

Published

|

Last Updated

അഭയാ കേസിലെ തെളിവുകള്‍ നശിപ്പിച്ചുവെന്ന പരാതിയില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി സി ബി ഐയോട് നിര്‍ദേശിച്ചിരിക്കയാണ്. കേസിന്റെ അന്വേഷണ ചുമതല വഹിച്ചിരുന്ന െ്രെകം ബ്രാഞ്ച് മുന്‍ എസ് പി. കെ ടി മൈക്കിള്‍, കോട്ടയം എ ഡി എം ആയിരുന്ന കിഷോര്‍, ഡി വൈ എസ് പി ത്യാഗരാജന്‍, കേസുമായി ബന്ധമുള്ള ഫോറന്‍സിക് വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ തെളിവ് നശിപ്പിക്കുന്നതിന് കൂട്ട് നിന്നുവെന്ന പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുരക്കലിന്റെ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ്. അഭയയുടെ ശിരോവസ്ത്രം, ഡയറി എന്നിവ ആദ്യ ഘട്ടത്തില്‍ തന്നെ നശിപ്പിക്കപ്പെട്ടിരുന്നുവെന്നും തുടര്‍ന്ന് കേസ് അന്വേഷിച്ച െ്രെകം ബ്രാഞ്ച്, സി ബി ഐ ഉദ്യോഗസ്ഥരും രാസപരിശോധന നടത്തയവരും തെളിവ് നശിപ്പിക്കുന്നതിന് കൂട്ട് നിന്നതായും ഹര്‍ജിയില്‍ ആരോപിക്കുന്നു.
അഭയാ കേസില്‍ തെളിവുകള്‍ നശിപ്പിച്ചതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ കെ ടി മൈക്കിളിന്റെ ഹരജിയില്‍ കഴിഞ്ഞ ഡിസമ്പര്‍ 19ന് സി ബി ഐക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നതാണ്. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് കെ ഹരിലാല്‍ അന്ന് നിര്‍ദേശിച്ചിരുന്നു. മൈക്കിളിന്റെ ഈ ഹരജി കേസിലെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമത്തിന്റെ ഭാഗമാണെന്നും മൈക്കിള്‍ തന്നെയാണെ് തെളിവുകള്‍ നശിപ്പിച്ചതെന്നും അഭയയുടെ പിതാവ് തോമസ് ഐക്കരക്കുന്നേലും സി ബി ഐ മുന്‍ എസ് പി വര്‍ഗീസ് പി. തോമസും ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജോമോന്‍ പുരക്കല്‍ മൈക്കിളിനെ പ്രതി ചേര്‍ത്തു തുടരന്വേഷണം ആവശ്യപ്പെട്ടത്.
22 വര്‍ഷത്തെ പഴക്കമുണ്ട് അഭയാ കേസിന്. 1992 മാര്‍ച്ച് 27 ന് രാവിലെയാണ് കോട്ടയം ബി സി എം കോളജില്‍ പ്രീ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്ന അഭയയുടെ മൃതദേഹം നഗരമധ്യത്തിലുള്ള പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടത്. തുടക്കത്തില്‍ കേസന്വേഷിച്ച ലോക്കല്‍ പോലീസും തുടര്‍ന്നന്വേഷിച്ച െ്രെകംബ്രാഞ്ചിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണെത്തിയത്. കൊലപാതക സാധ്യതയിലേക്ക് വിരല്‍ ചുണ്ടുന്ന തെളിവുകള്‍ ഒഴിവാക്കിയാണ് പോലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയായി വിധിയെഴുതിയതെന്ന് പരാതി ഉയര്‍ന്നു. കേസ് അട്ടിമറിക്കാന്‍ ഉന്നതതലങ്ങളില്‍ നിന്ന് ഇടപെടലുകളുണ്ടെന്നാരോപിച്ചു നാട്ടുകാരും ബന്ധുക്കളും രംഗത്തു വരികയും ചെയ്തു. ഇതോടെ കേസ് സി ബി ഐക്ക് വിട്ടു. സി ബി ഐയുടെ മൂന്ന് സംഘങ്ങള്‍ കേസ് അന്വേഷിച്ചു. ആദ്യ സംഘത്തിന്റെ അന്വേഷണത്തില്‍ തന്നെ സിസ്റ്റര്‍ അഭയയെ കൊന്നതാണെന്ന നിഗമനത്തിലെത്തിയെങ്കിലും തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി ബി ഐ കോടതിയെ സമീപിക്കുകയാണുണ്ടായത്. കോടതി അതു നിരസിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃകൈയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റ് ചെയ്‌തെങ്കിലും അവരെ പിന്നീട് ജാമ്യത്തില്‍ വിടുകയും കേസിന്റെ നടപടികളും തീരുമാനവും അനന്തമായി നീളുകയുമായിരുന്നു.
കേസുമായി ബന്ധപ്പെട്ട പല തെളിവുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഇതുവരെ നടന്ന അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമാണ്. ആരാണ് നശിപ്പിച്ചതെന്നേ ഇനി കണ്ടെത്താനുള്ളു. സി ബി ഐ എസ് പി വര്‍ഗീസ് പി തോമസ് കേസന്വേഷണം ഏറ്റെടുത്ത തോടെയാണ് പ്രധാന തെളിവുകള്‍ നഷ്‌പ്പെട്ടതെന്നാണ് െ്രെകം ബ്രാഞ്ച് മുന്‍ എസ് പി. കെ ടി മൈക്കിള്‍ കോടതിയില്‍ പറഞ്ഞത്. കേസ് സംബന്ധമായ നിര്‍ണായക വിവരങ്ങള്‍ കെ ടി മൈക്കിളിന് അറിയാമെന്നും അദ്ദേഹമാണ് തെളിവുകള്‍ നശിപ്പിച്ചതെന്നും സി ബി ഐയും ആരോപിക്കുന്നു. ആരെ വിശ്വസിക്കണം? അതിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു കേസന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളുമുണ്ടായി. അന്വേഷണ സംഘം തങ്ങളെ പീഡിപ്പിക്കുന്നതായി കോട്ടയം സെന്റ് ജോസഫ് ജനറലേറ്റിലെ കന്യാസ്ത്രീകള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയത് ഈ ലക്ഷ്യത്തോടെയാണെന്നാണ് സി ബി ഐയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്.
ലോക്കല്‍ പോലീസും െ്രെകം ബ്രാഞ്ചും ഒടുവില്‍ സി ബി ഐ സംഘങ്ങള്‍ മാറിമാറിയും അന്വേഷണം നടത്തിയിട്ടും പ്രതികളെ ശിക്ഷിക്കാനാകാത്തത് ദുരൂഹതയുണര്‍ത്തുന്നു. സത്യാവസ്ഥ പുറത്തു വരാതിരിക്കാന്‍ അണിയറക്കു പിന്നില്‍ ഉന്നതരുടെ കരുനീക്കങ്ങള്‍ ശക്തമാണെന്ന ആരോപണത്തെ ഇതു ബലപ്പെടുത്തുകയാണ്. കോടതിയുടെ ഇടപെടലാണ് അന്വേഷണം ഇത്രയെങ്കിലുമെത്തിച്ചത്. ഹൈക്കോടതിയുടെ പുതിയ ഉത്തരവിന്മേലുള്ള അന്വേഷണത്തോടെയെങ്കിലും കേസിന് തീര്‍പ്പാകുമോ?

Latest