ധനകാര്യവകുപ്പും സാമ്പത്തിക പ്രതിസന്ധിയും

Posted on: March 20, 2014 6:00 am | Last updated: March 20, 2014 at 12:27 am
SHARE

km maniസംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും വന്‍ തോതിലുള്ള നികുതി വരുമാന ചോര്‍ച്ചയും ഭരണാധികാരികളുടെ കഴിവുകേടാണ് പ്രകടമാക്കുന്നതെന്ന് വ്യക്തം. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനം ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍ കൂടുതല്‍ നികുതി പിരിച്ചെടുത്തിരുന്ന സ്ഥാനത്ത് നിലവില്‍ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാറായിട്ടും നികുതിവരുമാനം ലക്ഷ്യത്തുകയുടെ അടുത്തെങ്ങുമെത്തിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
സംസ്ഥാനത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം നടപ്പുസാമ്പത്തിക വര്‍ഷം 38771.10 കോടി രൂപയാണ് സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനമായി പ്രതീക്ഷിക്കുന്നത്. കേന്ദ്ര നികുതി വിഹിതം 8143.79 കോടി രൂപയുമാണ്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം 10 മാസം പിന്നിട്ടപ്പോള്‍ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തില്‍ നിന്ന് കഴിഞ്ഞ ജനുവരി 31 വരെ 20143.03 കോടി രൂപ മാത്രമാണ് പിരിച്ചെടുക്കാനായത്. കേന്ദ്ര നികുതി വിഹിതത്തില്‍ നിന്നുള്ള വരുമാനം അത്ര ആശാവഹമല്ല.
ധനകാര്യ നികുതി വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് സംസ്ഥാനത്തെ ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. തികച്ചും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വരവിനേക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്ന കാര്യത്തില്‍ ഭരണ കര്‍ത്താക്കള്‍ കാണിക്കുന്ന ധൂര്‍ത്തും സാമ്പത്തിക ഞെരുക്കത്തിന് വഴിയൊരുക്കി.
നാടിന്റെ താത്പര്യങ്ങള്‍ ബലി കഴിച്ചുകൊണ്ടുള്ള രാഷ്ട്രീയ ഇടപെടലുകള്‍ ഈ മേഖലയില്‍ മുന്‍കൈ നേടിയതോടെ ഖജനാവിലേക്കുള്ള നികുതി, വഴിയില്‍ ചോരുന്നത് തടയാനുള്ള സംവിധാനങ്ങള്‍ ബലഹീനമായി. സര്‍ക്കാറുകളുടെ പ്രീണനനയങ്ങളും വോട്ടില്‍ നോട്ടമിട്ടുള്ള നീക്കങ്ങളും ധനമന്ത്രിമാരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടികളും ഈ തകര്‍ച്ച പൂര്‍ണമാക്കി. നിലവിലുള്ള നികുതി കുടിശ്ശികകള്‍ പിരിച്ചെടുക്കുകയോ നികുതി ചോരുന്ന വഴികള്‍ അടക്കുകയോ ചെയ്യാതെ കൂടുതല്‍ നികുതി ഭാരങ്ങള്‍ വര്‍ഷാവര്‍ഷം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കൊള്ളയടിക്കാനാണ് സര്‍ക്കാറുകളും ധനമന്ത്രിമാരും ശ്രമിക്കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷാരംഭത്തില്‍ നികുതി വരുമാന വളര്‍ച്ച കൈവരിച്ചിരുന്ന 22.13 ശതമാനമെന്ന നേട്ടം ഇപ്പോള്‍ 10. 49 എന്ന നിലയിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ്. ഇത് മാത്രം പരിശോധിച്ചാല്‍ സംസ്ഥാന ഖജനാവിലേക്കുള്ള നികുതിവരുമാനത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്തമാകും. നികുതിയിനത്തില്‍ നടപ്പുസാമ്പത്തിക വര്‍ഷം പിരിച്ചെടുക്കാന്‍ ലക്ഷ്യമിട്ട തുകയുടെ 51.95 ശതമാനം മാത്രമാണ് പത്ത് മാസം പിന്നിട്ടപ്പോള്‍ പിരിച്ചെടുത്തിരിക്കുന്നത്. സാമ്പത്തിക വര്‍ഷാവസാന മാസമായ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഇനി 48 ശതമാനം തുക പിരിച്ചെടുക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം. സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും ഇത്തരത്തില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ആഗോള തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയങ്ങളില്‍ പോലും സാമ്പത്തിക വര്‍ഷാവസാനത്തോടടുക്കുന്ന മാസങ്ങളില്‍ നികുതി പിരിവ് 70 ശതമാനത്തിലധികം കടക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ആ പതിവുകളെല്ലാം തെറ്റിച്ചാണ് നികുതി വരുമാന കണക്കുകള്‍ പുറത്തുവരുന്നത്.
ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 20 ലക്ഷത്തോളം വ്യാപാരികളുള്ള കേരളത്തില്‍ ഏകദേശം 1.08 ലക്ഷം വ്യാപാരികള്‍ മാത്രമാണ് വാണിജ്യ നികുതി രജിസ്‌ട്രേഷന്‍ എടുത്തിരിക്കുന്നത്. ഇതുവഴി സംസ്ഥാന ഖജനാവിലേക്കെത്തേണ്ട 19 ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള നികുതി വരുമാനം ചോര്‍ന്നു പോകുകയാണ്. ഇത് വീണ്ടെടുക്കാനുള്ള ഫലപ്രദമായ ഒരു നടപടിയും വാണിജ്യ നികുതി വകുപ്പ് സ്വീകരിച്ചു കാണുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ഉദാസീനതയാണ് ഇതിന് കാരണം.
അതേസമയം, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറച്ചുവെച്ച് സംസ്ഥാനം സാമ്പത്തികമായി സുരക്ഷിതമാണെന്ന് ആവര്‍ത്തിക്കുന്ന ധനമന്ത്രിയുടെ ലക്ഷ്യമെന്താണെന്ന് സര്‍ക്കാറിന് പോലും അറിയാത്ത സ്ഥിതിയാണിപ്പോള്‍. സാമ്പത്തിക പ്രതിസന്ധിയെ നിസ്സാരവത്കരിക്കുന്ന ധനമന്ത്രിയുടെയും സര്‍ക്കാറിന്റെയും നിലപാട് ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കുമെന്ന സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പിനെ ശരി വെക്കുന്നതാണ് നിലവിലെ സാഹചര്യം. സംസ്ഥാനത്തിന് കടമെടുക്കുന്നതിനുള്ള പരിധി കഴിഞ്ഞ സാഹചര്യത്തില്‍ ഇനി കേന്ദ്രത്തിന്റെ കരുണക്കായി കേഴുക മാത്രമേ നിവൃത്തിയുള്ളൂ.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ശമ്പള, പെന്‍ഷന്‍ നിരക്കില്‍ രേഖപ്പെടുത്തിയ വര്‍ധനക്കനുസരിച്ച് വരുമാനം ഉയര്‍ത്താന്‍ സര്‍ക്കാറുകള്‍ക്ക് കഴിയാത്തതാണ് സാമ്പത്തിക പ്രതിസന്ധിയുടെ മൂല കാരണം. ഇക്കാലയളവില്‍ ശമ്പള നിരക്കില്‍ 41.74 ശതമാനത്തിന്റെയും പെന്‍ഷന്‍ നിരക്കില്‍ 42.85 ശതമാനത്തിന്റെയും വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2004-05 സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാറിന്റെ ശമ്പള ബാധ്യത 5346 കോടിയും (വളര്‍ച്ചാ നിരക്കിന്റെ 3.90 ശതമാനം), പെന്‍ഷന്‍ ബാധ്യത 2601 കോടി (വളര്‍ച്ചാ നിരക്കിന്റെ എട്ട് ശതമാനം)യുമായിരുന്നു. എന്നാല്‍ നിലവില്‍ ഇത് യഥാക്രമം 16,083 കോടിയും (വളര്‍ച്ചാ നിരക്കിന്റെ 45.64 ശതമാനം), 8700 കോടി (വളര്‍ച്ചാ നിരക്കിന്റെ 50.85 ശതമാനം)യുമായി ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഇതിനനുസരിച്ച് വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയോ കുടിശ്ശിക പിരിച്ചെടുക്കുകയോ ചെയ്യാതെ കടമെടുക്കാനാണ് സര്‍ക്കാര്‍ പ്രധാനമായും ശ്രമിച്ചത്.
വന്‍തോതിലുള്ള നികുതി ചോര്‍ച്ചയാണ് കേരളത്തിന്റെ പ്രധാന പ്രശ്‌നം. ഇതാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തെ സാമ്പത്തികമായി അലട്ടുന്നത്. ഇത് പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാതെ കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രവണതയാണ് ധനകാര്യമന്ത്രി സ്വീകരിക്കുന്നത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ആണയിടുന്ന ധനകാര്യമന്ത്രി കെ എം മാണിയുടെ വാദങ്ങളെ നിഷ്‌കരുണം തള്ളിക്കളയുന്നതാണ് ഇതുസംബന്ധിച്ച മുഴുവന്‍ കണക്കുകളും.
സര്‍ക്കാറിനെ ഞെട്ടിക്കുന്ന കുറവാണ് നികുതി വരുമാനത്തില്‍ ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,277 കോടി രൂപ പിരിച്ചെടുത്ത സ്ഥാനത്ത് ഇത്തവണ 1912 കോടി മാത്രമാണ് അധികമെത്തിയത്. ക്രിസ്തുമസ്, വ്യാപാരോത്സവം, ക്ലിയറന്‍സ് സെയില്‍ എന്നിവയെല്ലാം ഉള്‍പ്പെടെ ഡിസംബര്‍ ജനുവരി മാസങ്ങളില്‍ അധികമായി ലഭിച്ചത് വെറും 31 കോടി രൂപ മാത്രം. ലിറ്ററിന് 50 പൈസ വീതം മാസം തോറുമുള്ള വര്‍ധനമൂലമുള്ള നികുതിയില്‍ വരുമാനം മാത്രമെടുത്താല്‍ തന്നെ അധിക നികുതി ഇതിലധികം വര്‍ധയുണ്ടാകണമെന്നതാണ് വസ്തുത. ഒപ്പം സംസ്ഥാനത്തെ ജ്വല്ലറികള്‍, തുണിക്കടകള്‍, മാര്‍ബിള്‍-ഗ്രാനൈറ്റ് കടകള്‍, ഗൃഹോപകരണ-നിര്‍മാണോപകരണ കടകള്‍, ആയൂര്‍വേദ മരുന്ന് ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ വാര്‍ഷിക വിറ്റുവരവും ഇത്തരം സ്ഥാപനങ്ങള്‍ പ്രതിമാസം പരസ്യ ഇനത്തില്‍ ചെലവഴിക്കുന്ന തുകയുടെ കണക്കും മാത്രം വെച്ചു നോക്കിയാല്‍ സംസ്ഥാനത്തിന് കിട്ടേണ്ട നികുതി വരുമാനത്തിന്റെ ഏകദേശ കണക്ക് വ്യക്തമാകും. ഈ കണക്കുകള്‍ ഇത്തരം സ്ഥാപനങ്ങളുടെ ബിസിനസ് വ്യാപ്തിയും ഒപ്പം സംസ്ഥാന ഖജനാവിലെ നികുതി ചോര്‍ച്ചയുടെ ആഴവുമാണ് വ്യക്തമാക്കുന്നത്. അനുദിനം വര്‍ധിച്ചുവരുന്ന ഇത്തരം സ്ഥാപനങ്ങളുടെ എണ്ണവും ഈ കണക്കുകള്‍ക്ക് അടിവരയിടുന്നതാണ്.
ജനങ്ങള്‍ക്ക് മേല്‍ ഭാരമേല്‍പ്പിക്കാതെ നികുതി വരുമാനം വര്‍ധിപ്പിക്കാനുള്ള ഒട്ടേറെ വഴികള്‍ നിലവിലുണ്ടെന്നിരിക്കെ, ഇതൊന്നും നടപ്പിലാക്കാതെ അനാവശ്യ നികുതികള്‍ ഏര്‍പ്പെടുത്തുക വഴി നിലവിലുള്ള വിലക്കയറ്റത്തിന് ആക്കം കൂട്ടാനുള്ള നിലപാടുകളാണ് ധനകാര്യ വിദഗ്ധരെന്ന് അവകാശപ്പെടുന്ന മന്ത്രിമാര്‍ പോലും സ്വീകരിച്ചുവരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ ന്യായീകരിക്കാന്‍ ഭരണാധികാരികള്‍ കാരണമായി പറയുന്ന റബ്ബര്‍ വിലയിടിവും സാമ്പത്തിക മാന്ദ്യവും മറികടക്കാന്‍ ഇടക്കിടെയുള്ള പെട്രോളിയം വിലവര്‍ധന കൊണ്ടും വ്യാപാരോത്സവങ്ങള്‍കൊണ്ടും കഴിയുന്നില്ലെന്നതും ശ്രദ്ധേയമാണ്.
അതേസമയം നികുതി പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ നികുതി പിരിക്കാന്‍ സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്ന ആവശ്യം വരെ ഉയര്‍ന്നിട്ടുണ്ട്. ജസ്റ്റിസ് രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. എന്നാല്‍ നികുതി പരിവ് മേഖലയില്‍ സ്വതന്ത്ര ഏജന്‍സിക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിനുള്ള മാതൃകയും രാജ്യത്തില്ല. എന്നതിനാല്‍ ഇക്കാര്യവും എത്ര ഫലപ്രദമാണെന്നറിയില്ല.
അതേസമയം സാധാരണയായി നികുതി മേഖലയില്‍ വന്‍ തോതില്‍ തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ള ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇത്തവണ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് തിരക്കുകളാണെന്നിരിക്കെ, ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്താനും ഇതിനെതിരെ നടപടിയെടുക്കാനും സര്‍ക്കാറിന് പരിമിതികളുണ്ടാകും. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.