Connect with us

Ongoing News

ജഗദാംബിക പാലും രാജു ശ്രീവാസ്തവയും ബി ജെ പിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് നേതാവ് ജഗദാംബിക പാലും ഹാസ്യ താരം രാജു ശ്രീവാസ്തവയും ബി ജെ പിയില്‍. പാല്‍ ശക്തനായ നേതാവാണെന്നും അദ്ദേഹത്തെ പാര്‍ട്ടിയുടെ ദേശീയ നേതൃത്വം സ്വാഗതം ചെയ്യുന്നുവെന്നും ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇരുവരുടെയും സാന്നിധ്യം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയ ശ്രീവാസ്തവ മോദിക്ക് മാത്രമേ രാജ്യത്ത് അഴിമതി മുക്ത സര്‍ക്കാറിന് നേതൃത്വം നല്‍കാന്‍ കഴിയൂവെന്നും പറഞ്ഞു. ജനങ്ങളുടെ അഭിപ്രായവും ആവശ്യവും പരിഗണിച്ചാണ് ബി ജെ പിയില്‍ ചേര്‍ന്നതെന്ന് ജഗദാംബിക പാല്‍ പറഞ്ഞു. ജനങ്ങളുടെ പ്രതികരണം ലഭിക്കാനുള്ള കാലതാമസമാണ് ബി ജെ പിയില്‍ ചേരാന്‍ വൈകിയതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കോണ്‍ഗ്രസ് എം പിയും ഉത്തര്‍പ്രദേശ് പാര്‍ട്ടി അധ്യക്ഷനുമായിരുന്നു ജഗദാംബിക പാല്‍. തിരഞ്ഞെടുപ്പിന് മുമ്പെ പാര്‍ട്ടി സ്ഥാനവും ലോക്‌സഭാംഗത്വവും ജഗദാംബികാ പാല്‍ രാജിവെച്ചിരുന്നു. തന്നെ പോലുള്ള നേതാക്കളെ പുതിയ നേതൃത്വത്തിന് ആവശ്യമില്ലെന്നും 63 കാരനായ പാല്‍ കുറ്റപ്പെടുത്തി. മൂന്ന് തവണ നിയമസഭാംഗത്വവും സഹമന്ത്രിയുമായിരുന്നു അദ്ദേഹം.
രാജു ശ്രീവാസ്തവക്ക് കഴിഞ്ഞ 11 ന് സമാജ്‌വാദി പാര്‍ട്ടി ലോക്‌സഭാ ടിക്കറ്റ് നല്‍കിയിരുന്നു. കാണ്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. പാര്‍ട്ടിയില്‍ നിന്ന് മതിയായ പിന്തുണ ലഭിക്കുന്നില്ലെന്നാരോപിച്ച് ശ്രീവാസ്തവ പാര്‍ട്ടി ടിക്കറ്റ് മടക്കി നല്‍കുകയായിരുന്നു.

Latest