തിരഞ്ഞെടുപ്പ് ഡ്യൂട്ടിയെച്ചൊല്ലി പരാതിപ്രളയം

    Posted on: March 20, 2014 12:17 am | Last updated: March 20, 2014 at 12:17 am
    SHARE

    kalapporu 001കണ്ണൂര്‍: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പെരുകുന്നു. പല പരാതികളും എങ്ങനെ പരിഹരിക്കുമെന്നറിയാതെ ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുകയാണ്. പ്രധാനമായും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ ജീവനക്കാരില്‍ നിന്നുമാണ് പരാതികള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. കണ്ണൂരില്‍ മാത്രം ഇതിനകം 100 നടുത്ത പരാതികള്‍ ലഭിച്ചതായാണ് അനൗദ്യോഗിക വിവരം.
    വനിതാ ജീവനക്കാരെ പരമാവധി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇക്കാര്യം പാലിക്കപ്പെടുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. ചെറിയ കുട്ടികളുള്ളവര്‍, ഭര്‍ത്താവ് സ്ഥലത്തില്ലാത്തവര്‍, കുട്ടികളുടെ ഉത്തരവാദിത്വം തനിച്ചു വഹിക്കേണ്ടി വരുന്നവര്‍, പ്രായമായ മാതാപിതാക്കള്‍ ഉള്ളവര്‍ എന്നീ വിഭാഗത്തില്‍ പെടുന്ന വനിതകളെ പരമാവധി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. ഇക്കാര്യങ്ങള്‍ ചിലര്‍ സൂചിപ്പിച്ചപ്പോള്‍ തങ്ങള്‍ക്കു നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കിയതെന്നും പറയുന്നു. വ്യക്തമായ ആസൂത്രണം നടത്താതെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കിയതായും ആരോപണമുണ്ട്. പരീക്ഷാ ഡ്യൂട്ടി, ഉത്തരക്കടലാസ് പരിശോധന എന്നിവക്ക് നിയോഗിക്കപ്പെട്ട വനിതാ ജീവനക്കാരെ കൂടി തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന എസ് എസ് എല്‍ സി പരീക്ഷാ ഡ്യൂട്ടിയുള്ള അധ്യാപികയോട് തിരഞ്ഞെടുപ്പ് ക്ലാസില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ ഏതു ഡ്യൂട്ടിയാണ് വഹിക്കേണ്ടത് എന്ന് ബന്ധപ്പെട്ട ഓഫീസില്‍ എത്തി അന്വേഷിച്ചപ്പോള്‍ തിരഞ്ഞെടുപ്പാണ് പ്രധാനമെന്ന മറുപടിയാണ് നല്‍കിയത്.