വി എസ് വടകരയിലെത്തുമോ?

  Posted on: March 20, 2014 12:14 am | Last updated: March 20, 2014 at 12:14 am
  SHARE

  vs 2കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രധാന തുരുപ്പുചീട്ടായ വി എസ് അച്യുതാനന്ദന്‍ വടകരയില്‍ പ്രചാരണത്തിനെത്തുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പ്രചാരണപൊതുയോഗങ്ങളില്‍ വലിയ ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കാന്‍ കഴിയുന്ന വി എസ് അച്യുതാനന്ദന്റെ സാന്നിധ്യം പരമാവധി മണ്ഡലങ്ങളില്‍ ഉറപ്പ് വരുത്താന്‍ നേതൃത്വം ശ്രമം നടത്തുന്നുണ്ട്. ചിലയിടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ തന്നെ ഇതാനായി മുന്‍കൈയെടുക്കുന്നുണ്ട്. അടുത്തിടെ സമാപിച്ച സി പി എം നേതൃയോഗങ്ങളില്‍ വി എസിനെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ ഉപയോഗപ്പെടുത്തണമെന്ന് വികാരവുമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വടകരയില്‍ വി എസ് എത്തുമോ എന്ന ചോദ്യം ഉയരുന്നത്. ടി പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം പാര്‍ട്ടി നിലപാടുകള്‍ക്കെതിരായി നിരന്തമായി ശബ്ദിച്ചിരുന്ന വി എസ് അടുത്തിടെ ടി പി വധക്കേസുമായി ബന്ധപ്പെട്ട പാര്‍ട്ടി നടപടി പുറത്തു വന്നതിന് ശേഷം പാര്‍ട്ടിക്ക് അനുകൂലമായാണ് സംസാരിക്കുന്നത്.

  ആര്‍ എം പിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നേതാക്കളില്‍ വലിയൊരളവും വി എസിന്റെ ആരാധകരും ഇപ്പോഴും വി എസിനോട് അടുപ്പം പുലര്‍ത്തുന്നവരുമാണ്. ടി പി വധത്തിന് ശേഷം വി എസ് എടുത്ത നിലപാടുകളെ തുടര്‍ന്ന് വൈകാരിമായി പോലും വി എസിനോട് ആരാധനയുള്ളവരാണ് ആര്‍ എം പി പ്രവര്‍ത്തകര്‍. കൂടാതെ ഒഞ്ചിയം മേഖലയില്‍ വി എസിന്റെ നിലപാടുകളോട് സമാനമായ അഭിപ്രായമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും ഏറെയാണ്. ഇതാണ് വി എസിനെ ടി പി വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്ഥമായ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചിരുന്നത്. പൊതുസമൂഹത്തില്‍ നിന്ന് ഈ നിലപാടുകള്‍ക്ക് നല്ല പിന്തുണയും നേടിയെടുക്കാന്‍ കഴിഞ്ഞു.
  ടി പിയുടെ മൃതദേഹം കോഴിക്കോട് ടൗണ്‍ഹാളില്‍ സന്ദര്‍ശിക്കാനെത്തിയതും നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ദിവസം വി എസ് ടി പിയുടെ വസതി സന്ദര്‍ശിച്ചതും രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. നെയ്യാറ്റിന്‍കരയില്‍ പാര്‍ട്ടിയുടെ പരാജയ കാരണങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെട്ടതും വി എസിന്റെ സന്ദര്‍ശനമായിരുന്നു. കോഴിക്കോട് നടക്കുന്ന പാര്‍ട്ടിപരിപാടികളില്‍ വി എസിന്റെ അസാന്നിധ്യവും ചര്‍ച്ചയാവാറുണ്ട്. ഒരു വര്‍ഷം മുമ്പ് കോഴിക്കോട് കക്കോടിയില്‍ നടന്ന പാര്‍ട്ടി ഓഫീസ് ഉദ്ഘാടന ചടങ്ങിലാണ് വി എസ് അവസാനമായി പങ്കെടുത്തത്. എന്നാല്‍ ടി പി വധക്കേസിലെ പാര്‍ട്ടിതല അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ സി രാമചന്ദ്രനെതിരെ നടപടിയെടുത്തതോടെ വി എസ് പാര്‍ട്ടിക്ക് വിധേയനായി നീങ്ങുന്നതാണ് കേരളം കാണുന്നത്.
  പാര്‍ട്ടി നടപടിയോടെ മനസ്സ് മാറിയ വി എസ് വടകരയിലെത്തി പാര്‍ട്ടിക്ക് അനുകൂലമായി സംസാരിക്കുന്നതാണ് പാര്‍ട്ടി അണികള്‍ കാത്തിരിക്കുന്നത്. ഒപ്പം വി എസ് എന്തു പറയുമെന്നറിയാന്‍ രാഷ്ട്രീയ കേരളവും കാതോര്‍ക്കുകയാണ്. ആര്‍ എസ് പിയുടെ ഭീഷണി ഉയര്‍ന്ന കൊല്ലത്ത് വി എസിനെ കൊണ്ടു വരുന്നതില്‍ പാര്‍ട്ടി വിജയിച്ചിരുന്നു. ഇതിന് സമാനമായി ഒഞ്ചിയത്ത് വി എസിനെ എത്തിക്കാന്‍ പാര്‍ട്ടി ശ്രമം തുടങ്ങിയിട്ടുണ്ട്. പി ബി അംഗങ്ങളായ സീതാറാം യെച്ചൂരി, വൃദ്ധ കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് പര്യടന തിയ്യതികള്‍ കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ തീരുമാനമായിട്ടുണ്ടെങ്കിലും വി എസ് എത്തുമോ എന്ന കാര്യത്തില്‍ ജില്ലാ കമ്മറ്റിക്കും തിരഞ്ഞെടുപ്പ് കമ്മറ്റികള്‍ക്കും യാതൊരു പിടിയുമില്ല. വി എസിന്റെ ഡേറ്റ് ആയിട്ടില്ലെന്നാണ് ഓഫീസില്‍ നിന്ന് ലഭിച്ച വിവരം. എന്നാല്‍ ഒഞ്ചിയത്ത് വി എസിനെ എത്തിക്കാനുള്ള ശ്രമം പാര്‍ട്ടി തുടങ്ങിയിട്ടുണ്ട്.