എ എ പിക്ക് പത്ത് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി

  Posted on: March 20, 2014 5:09 am | Last updated: March 20, 2014 at 12:11 am
  SHARE

  aapമലപ്പുറം: ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ പത്ത് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി. യോഗ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ബാക്കിയുള്ള പത്ത് മണ്ഡലങ്ങളില്‍ അനിശ്ചിതത്വം തുടരുകയാണ്. തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി, എറണാകുളം, മാവേലിക്കര, കോട്ടയം, ചാലക്കുടി, കാസര്‍കോട്, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ സ്ഥാനാര്‍ഥികള്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അജിത്ത് ജോയ്, തൃശൂരില്‍ സാറാ ജോസഫ്, ഇടുക്കിയില്‍ സില്‍വി സുനില്‍, എറണാകുളത്ത് അനിതാ പ്രതാപ്, മാവേലിക്കരയില്‍ എന്‍ സദാനന്ദന്‍, കോട്ടയത്ത് അനില്‍ ഐക്കര, ചാലക്കുടിയില്‍ കെ എം നൂറുദ്ദീന്‍, കാസര്‍കോട് എം കൃഷ്ണന്‍, കോഴിക്കോട് കെ പി രതീഷ്, പാലക്കാട് മണ്ഡലത്തില്‍ പത്മനാഭന്‍ ഭാസ്‌കരന്‍ എന്നിവരാണ് ജനവിധി തേടുന്നത്.

  പൊന്നാനി, വടകര, മലപ്പുറം, ആലപ്പുഴ, കൊല്ലം മണ്ഡലങ്ങളില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ മണ്ഡലങ്ങളില്‍ മൂന്ന് പേരുകളാണ് ആദ്യഘട്ട ലിസ്റ്റിലുള്ളത്. ഇവരില്‍ ഭൂരിപക്ഷ പിന്തുണ ലഭിക്കുന്നവരാകും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുക.പൊതുജനങ്ങളുടെ അഭിപ്രായം കൂടി തേടിയതിന് ശേഷമാകും സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുക. ഓരോ സ്ഥാനാര്‍ത്ഥിക്കും പ്രവര്‍ത്തകരായ എഴുനൂറ് പേരുടെയെങ്കിലും പിന്തുണയുണ്ടെങ്കില്‍ മാത്രമാണ് മത്സരിക്കാനാകൂ. ഇതാണ് ലിസ്റ്റ് വൈകുന്നതിന് കാരണം.
  യോഗ്യരില്ലാത്ത മണ്ഡലമാണെങ്കില്‍ അവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. സ്ഥാനാര്‍ത്ഥികളില്ലാത്ത മണ്ഡലങ്ങളില്‍ എന്ത് നിലപാടെടുക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ദേശീയ നിലപാട് അനുസരിച്ചായിരിക്കും ജനഹിതം രേഖപ്പെടുത്തുകയെന്ന് മലപ്പുറം ജില്ലാസെക്രട്ടറി ബി പ്രേംനാഥ് പറഞ്ഞു.
  തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിലും പുതുമ തേടാനുള്ള ഒരുക്കത്തിലാണ് എ എ പി നേതൃത്വം. ഇതിന്റെ ഭാഗമായി ഫഌക്‌സ് ബോര്‍ഡുകള്‍ പരമാവധി ഒഴിവാക്കിയാകും പ്രചാരണം നടത്തുക.