Connect with us

Ongoing News

കാട്ടുതീ: വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

Published

|

Last Updated

മാനന്തവാടി: ജില്ലയില്‍ കാട്ടുതീ വ്യാപകമായതിനെ കുറിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വിജിലന്‍സ് സി എസ് യാലാക്കിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. ഉച്ച ക്ക് 12 മണിയോടെ ബേഗൂരിലെത്തിയ സംഘം ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് തീപ്പിടിത്തമുണ്ടായ ചക്കിണി, കോട്ടിയൂര്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തി. കോളനികള്‍ സന്ദര്‍ശിച്ച് ആദിവാസികളുള്‍പ്പടെയുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. തീപ്പിടിത്തമുണ്ടായ സ്ഥലങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാനും കത്തി നശിച്ച വനങ്ങളുടെയും ചത്ത മൃഗങ്ങളുടെയും കണക്കുകള്‍ ശേഖരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സി സി എഫുമാരായ ഒ പി കലേര്‍ ജയപ്രസാദ്, സി കെ വര്‍മ, അഡീഷണല്‍ ഇന്റലിജന്‍സ് കണ്‍സര്‍വേറ്റര്‍ അജിത്ത്, സൗത്ത് വയനാട് ഡി എഫ് ഒ. പി ധനേഷ് കുമാര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റോയ് പി തോമസ്, റെയ്ഞ്ചര്‍മാരായ എ ഷജ്‌ന, രാധാകൃഷ്ണലാല്‍, കെ രാജന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
കത്തി നശിച്ച വനപ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഉന്നതതല സംഘം മടങ്ങുമ്പോഴാണ് കൊട്ടിയൂര്‍ ആദിവാസി കോളനിക്ക് സമീപം കാട്ടുതീ ഉണ്ടായത്. നിമിഷങ്ങള്‍ക്കകം തീപ്പടര്‍ന്നു പിടിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരു മണിക്കൂറിലധികം പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Latest