Connect with us

Eranakulam

ആന്ധ്ര അരിയുമായി ആദ്യ കപ്പല്‍ കൊച്ചിയിലെത്തി

Published

|

Last Updated

കൊച്ചി: ആന്ധ്രയില്‍ നിന്നുള്ള അരിയുമായി ആദ്യ കപ്പല്‍ ഇന്നലെ കൊച്ചിയിലെത്തി. ഇന്നലെ രാത്രി 7. 45 ഓടെയാണ് 250 കണ്ടെയ്‌നറുകളിലായി 68,000 മെട്രിക് ടണ്‍ അരിയുമായി ഒ ഇ എന്‍ വിക്ടറി എന്ന ചരക്കുകപ്പല്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലെത്തിയത്. ആന്ധ്രയിലെ കാക്കിനട തുറമുഖത്തുനിന്നാണ് കപ്പല്‍ കൊച്ചിയിലെത്തിയത്്.
ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഏറെ നാളത്തെ സാധ്യതാ പഠനത്തിന് ശേഷമാണ് പരീക്ഷണാടിസ്ഥാനത്തില്‍ കടല്‍മാര്‍ഗം ചരക്ക് നീക്കം നടത്തിയത്. 1,10, 000 മെട്രിക് ടണ്‍ അരിയും 23,000 മെട്രിക് ടണ്‍ ഗോതമ്പുമാണ് പ്രതിമാസം എഫ് സി എ പൊതു വിതരണത്തിനായി റെയില്‍ മാര്‍ഗം കേരളത്തിലെത്തിക്കുന്നത്. ഇങ്ങനെ റെയില്‍ മാര്‍ഗം കേരളത്തില്‍ അരിയെത്തിക്കുന്നത് വലിയ തോതിലുള്ള നഷ്ടത്തിന് കാരണമാകുന്നതിനാല്‍ കേന്ദ്രമന്ത്രി കെ വി തോമസാണ് കടല്‍ മാര്‍ഗം ഭക്ഷ്യ ധാന്യങ്ങള്‍ എത്തിക്കാനുള്ള ആശയം മുന്നോട്ടു വെച്ചത്. സാധ്യത പരിശോധിച്ച എഫ് സി ഐ രണ്ട് മാസം മുമ്പാണ് ആന്ധ്രയില്‍ നിന്ന് അരിയെത്തിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ അരി മാത്രമാണ് കപ്പല്‍ വഴി എത്തിക്കുന്നതെങ്കിലും സമാനമായ രീതിയില്‍ ഗോതമ്പും താമസിയാതെ കൊച്ചിയിലെത്തിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. നിലവില്‍ പഞ്ചാബില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമാണ് ഗോതമ്പ് കേരളത്തിലെത്തുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള ഗോതമ്പ് ഗുജറാത്ത് തുറമുഖത്തെത്തിച്ച് അവിടെ നിന്ന് കൊച്ചിയിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
റെയില്‍വേ വഴി എത്തിക്കുന്ന ധാന്യങ്ങളില്‍ 0. 45 ശതമാനം കയറ്റിറക്കിലൂടെ നഷ്ടപ്പെടുന്നതായാണ് കണക്ക്. കണ്ടെയ്‌നറിലൂടെയാകുമ്പോള്‍ ഇത്തരം നഷ്ടം ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ഡമറേജ് ഇനത്തില്‍ വന്‍ തുക എഫ് സി എക്ക് ലാഭിക്കാനുമാകും. ചരക്ക് നീക്കത്തിനായി കൂടുതല്‍ സമയം ലഭിക്കുകയും ചെയ്യും. ഇന്നലെ കൊച്ചിയിലെത്തിയ അരി വെല്ലിംഗ്ടണ്‍ ഐലന്റ്, ആലപ്പുഴ, ഇടുക്കി അറക്കുളം, മാവേലിക്കര, ചിങ്ങവനം, അങ്കമാലി എന്നീ സംഭരണ കേന്ദ്രങ്ങളിലേക്കാണ് മറ്റുന്നത്.