അഭ്യൂഹങ്ങള്‍ പലവിധം; മലേഷ്യന്‍ വിമാനം കാണാമറയത്ത് തന്നെ

Posted on: March 20, 2014 6:00 am | Last updated: March 20, 2014 at 12:41 am
SHARE

malasian airlinesക്വാലാലാംപൂര്‍: മലേഷ്യന്‍ വിമാനം കാണാതായ ദിവസം ഒരു വിമാനം വളരെ താഴ്ന്ന് പറന്നുപോകുന്നത് കണ്ടതായി മാലദ്വീപ് നിവാസികള്‍. ധാലു അതോല്‍ ദ്വീപ് നിവാസികളാണ് വിമാനം കണ്ടുവെന്ന് അവകാശപ്പെട്ടത്. വിമാനം അപ്രത്യക്ഷമായ സമയത്തിന് ഏഴ് മണിക്കൂറിനകമാണ് തങ്ങള്‍ വിമാനത്തെ കണ്ടതെന്ന് നിവാസികള്‍ പറയുന്നു. എന്നാല്‍ കാണാതായ വിമാനമാണോ ഇതെന്ന് പരിശോധിച്ചുവരികയാണ്.
അതിനിടെ, തിരിച്ചറിയാത്ത ഒരു വിമാനം റഡാറില്‍ പതിഞ്ഞുവെന്ന് തായ്‌ലന്‍ഡ് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈന തിരച്ചില്‍ ഊര്‍ജിതപ്പെടുത്തി. ബംഗാള്‍ ഉള്‍ക്കടലിലും ഇന്തോനേഷ്യന്‍ കടലിലും തിരച്ചില്‍ നടത്താന്‍ ചൈന ഒമ്പത് കപ്പലുകളയച്ചു. ഇവിടെ തിരച്ചില്‍ നടത്താന്‍ യു എ ഇയും ഇന്നലെ രംഗത്തെത്തി. അതേസമയം, തങ്ങളുടെ തീരദേശങ്ങള്‍ക്കടുത്തുള്ള ഉള്‍പ്രദേശങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചതായി ആസ്‌ട്രേലിയന്‍ തീര സംരക്ഷണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. കാണാതായ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണിരിക്കാനാണ് സാധ്യതയെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആസ്‌ട്രേലിയന്‍, അമേരിക്കന്‍ വിമാനങ്ങള്‍ ഒരു ദിവസം മുഴുവന്‍ ഇവിടെ തിരച്ചില്‍ നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ ഭാഗങ്ങള്‍ ആന്ധ്രാപ്രദേശ് തീരത്തിനടുത്ത് കടലില്‍ കണ്ടതായി തെലുഗു ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. കാണാതായ മലേഷ്യന്‍ വിമാനം തങ്ങളുടെ അതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ സഹാരി അഹ്മദ് ഷായുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സിമുലേറ്ററിലെ ഫയലുകള്‍ നശിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. നശിപ്പിച്ചു കളഞ്ഞ ഈ ഫയലുകളില്‍ കാണാതായ വിമാനത്തിന്റെ സഞ്ചാരദിശ സംബന്ധിച്ച് എന്തെങ്കിലും തെളിവുകളുണ്ടായിരിക്കുമോ എന്നാണ് പരിശോധിക്കുന്നത്. ഈ ഫയലുകള്‍ സിമുലേറ്ററിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് വീണ്ടെടുക്കാനാകുമോ എന്ന് പരിശോധിക്കുകയാണെന്ന് മലേഷ്യന്‍ പ്രതിരോധ മന്ത്രി ഹിശാമുദ്ദീന്‍ ഹുസൈന്‍ വ്യക്തമാക്കി. ഫയലുകള്‍ വീണ്ടെടുത്താല്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. തെറ്റ് ചെയ്തുവെന്ന് തെളിയാത്തിടത്തോളം പൈലറ്റ് നിരപരാധിയാണ്. അദ്ദേഹത്തിന്റെ കുടുംബം അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരെ കണ്ടത് സംഘര്‍ഷത്തിനിടയാക്കി. പ്രശ്‌നത്തില്‍ മലേഷ്യന്‍ സര്‍ക്കാര്‍ നിരുത്തരവാദ സമീപനം സ്വീകരിക്കുന്നു എന്നാരോപിച്ചാണ് ബന്ധുക്കള്‍ ക്വാലാലംപൂരില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്. പ്രതിഷേധ ബാനറുകളുമായാണ് ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ഇവരെ അനുവദിച്ചില്ല. മാധ്യമപ്രവര്‍ത്തകരെയും ബന്ധുക്കളെയും പിടിച്ചുതള്ളി. സര്‍ക്കാറിനെതിരെ ബന്ധുക്കളുടെ രോഷം അണപൊട്ടുന്നുണ്ടായിരുന്നു. അതേസമയം, മാധ്യമപ്രവര്‍ത്തകരെ കാണാന്‍ ബന്ധുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവം വിവാദമായതോടെ അന്വേഷിക്കുമെന്ന് മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.