Connect with us

Gulf

വര്‍ണത്തില്‍ കുളിക്കാന്‍ ദുബൈ നഗരം

Published

|

Last Updated

ദുബൈ: ദുബൈ നഗരം ഇനി വര്‍ണ വൈവിധ്യങ്ങളിലേക്ക്. ബ്ലൂവാട്ടര്‍ ഐലന്റില്‍ അലങ്കാരവിളക്കുകള്‍ കൊണ്ടാണ് വര്‍ണ ചാരുത ഒരുക്കുന്നതെങ്കില്‍ മെട്രോയിലും മറ്റും അറബിക് കാലിഗ്രഫിയും ചിത്രങ്ങളും കണ്ണഞ്ചിപ്പിക്കും.
ബ്ലൂ വാട്ടര്‍ ഐലന്റിലേക്ക് ജുമൈറയില്‍ നിന്ന് 1,400 മീറ്റര്‍ പാലം നിര്‍മിക്കുന്നുണ്ട്. 50 കോടി ദിര്‍ഹമാണ് ആര്‍ ടി എ ഇതിന് ചെലവു ചെയ്യുന്നത്. പാലം കയറുമ്പോള്‍ തന്നെ ബ്ലൂ വാട്ടര്‍ ഐലന്റ് സന്ദര്‍ശകരുടെ മനം മയക്കും വിധം വര്‍ണക്കാഴ്ചകള്‍ ഒരുക്കണമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിര്‍ദേശിച്ചിട്ടുണ്ട്. മധ്യ പൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായി ബ്ലു വാട്ടര്‍ ഐലന്റ് മാറും.
അറബ് സാംസ്‌കാരം വിളിച്ചോതുന്ന കലാചാതുര്യമാണ് മെട്രോയില്‍ വരാന്‍ പോകുന്നത്. മെട്രോ സ്റ്റേഷനുകളെ അലങ്കരിക്കുക അറബി കാലിഗ്രാഫികള്‍ ആയിരിക്കും. മെട്രോ ട്രെയിനുകളുടെ പുറം ഭാഗങ്ങളും വിവധ വര്‍ണങ്ങളാല്‍ നിറയും.
ഇപ്പോള്‍ തന്നെ മിക്ക സ്ഥലങ്ങളിലും റോഡരുകില്‍ പൂ ചെടികള്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്. അവ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. കെട്ടിടങ്ങള്‍ക്കു മുകളില്‍ ഉദ്യാനങ്ങളൊരുക്കുന്ന പദ്ധതിയും അണിയറയില്‍ നടക്കുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ ഉദ്യാനമായി ദുബൈയിലെ മിറക്കിള്‍ ഗാര്‍ഡനെ കണക്കാക്കുന്നു. 4.5 കോടി പൂക്കള്‍ കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.