Connect with us

International

ജെറ്റ് കാണാതായതിനുശേഷം താഴ്ന്നു പറക്കുന്ന വിമാനം കണ്ടുവെന്ന് മാലിദ്വീപുകാര്‍

Published

|

Last Updated

മാലെ: മലേഷ്യന്‍ വിമാനമായ എം എച്ച് 370 കാണാതായതിന് ശേഷം ഒരു വിമാനം താഴ്ന്ന് പറക്കുന്നത് കണ്ടതായി മാലിദ്വീപ് നിവാസികളെ ഉദ്ധരിച്ച് മാലദ്വീപ് വാര്‍ത്താ വെബ്‌സൈറ്റായ ഹവീറു റിപ്പോര്‍ട്ട് ചെയ്യുന്നു. കുദാ ഹുവാദൂ എന്ന ദ്വീപുകാരാണ് മാര്‍ച്ച് എട്ടിന് വിമാനം കാണാതായതിന് ശേഷം രാവിലെ 6.15ന് ഒരു വിമാനം ദ്വീപിന് മുകളിലൂടെ താഴ്ന്ന് പറക്കുന്നതായി കണ്ടത്.

ചുവപ്പ് വരയുള്ള വെളുത്ത നിറത്തിലുള്ള വിമാനമാണെന്നും മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റിനെപ്പോലെയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കുഭാഗത്തുനിന്നും തെക്കുകിഴക്കുഭാഗത്തേക്ക് ഇരമ്പുന്ന വലിയ ശബ്ദമുണ്ടാക്കി വിമാനം സഞ്ചരിക്കുന്നതാണ് ദൃക്‌സാക്ഷികള്‍ കണ്ടതെന്നും വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ എട്ടാം തീയതിയാണ് കോലാലാംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പറന്ന അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ 239 യാത്രക്കാര്‍ സഞ്ചരിച്ച മലേഷ്യന്‍ വിമാനം ദുരൂഹസാഹചര്യത്തില്‍ കാണാതായത്. വിമാനം തകര്‍ന്നതല്ലെന്നും മനപ്പൂര്‍വം വഴിതിരിച്ചുവിട്ടതാണെന്നുമാണ് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.

26 രാജ്യങ്ങളാണ് ഇപ്പോള്‍ “വിമാനവേട്ട”യില്‍ മലേഷ്യന്‍ സര്‍ക്കാറിനെ സഹായിക്കുന്നത്. സാറ്റലൈറ്റുകളും റഡാറുകളുമടക്കം വന്‍ സന്നാഹങ്ങളുമായാണ് തെരച്ചില്‍ നടത്തുന്നത്.

Latest