ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി

Posted on: March 19, 2014 12:52 pm | Last updated: March 19, 2014 at 5:14 pm
SHARE

accidentതൊട്ടിപ്പാള്‍(തൃശൂര്‍): മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ രണ്ടു പേര്‍ കൂടി മരിച്ചു. ബംഗാള്‍ സ്വദേശി പാപ്പി (18) മുളങ്ങ് മാലിപ്പറമ്പില്‍ പ്രസാദ് (35) എന്നിവരാണ് മരണപ്പെട്ടത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

സ്‌ഫോടനത്തില്‍ പാലക്കാട് വണ്ടിത്താവളം നന്ദിയോട് ഏന്തല്‍പാലം സ്വദേശി സഞ്ജിത്(24) സംഭവസ്ഥലത്തും പാലക്കാട് എരുമയൂര്‍ പൂങ്കുളം സ്വദേശി ധനേഷ് (20) ഇന്നലെ പുലര്‍ച്ചെ ആശുപത്രിയിലും മരിച്ചിരുന്നു. പരുക്കേറ്റ 14 പേരില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, കെട്ടിട ഉടമയ്‌ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ പറപ്പൂക്കര കൊറ്റയില്‍ സലീഷിന്റെ ഉടമസ്ഥതയിലുള്ള സ്വര്‍ണാഭരണ നിര്‍മാണശാലയ്ക്കാണ് തീപിടിച്ചത്. വീടിന്റെ മുകള്‍ നിലയിലാണ് നിര്‍മ്മാണശാല പ്രവര്‍ത്തിക്കുന്നത്. ആഭരണനിര്‍മ്മാണത്തിനിടെ സ്വര്‍ണം ഉരുക്കാനുള്ള ചെറിയ ഗ്യാസ് സിലിണ്ടര്‍ ലീക്കാവുകയും തീപിടിക്കുകയും ചെയ്തു.

തുടര്‍ന്ന് നിര്‍മാണശാലയില്‍ ഉപയോഗിച്ചിരുന്ന ഗാര്‍ഹിക ഗ്യാസ് കണക്ഷനില്‍ നിന്നുള്ള സിലിണ്ടറിലേയ്ക്ക് തീപടരുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടസമയത്ത് ഇരുപത്തിയഞ്ച് തൊഴിലാളികളാണ് അവിടെയുണ്ടായിരുന്നത്.