കാണാതായ മലേഷ്യന്‍ വിമാനത്തിലെ സിഗ്നലുകള്‍ തങ്ങളുടെ റഡാറില്‍ പതിഞ്ഞതായി തായ്‌ലന്റ്

Posted on: March 19, 2014 12:01 pm | Last updated: March 19, 2014 at 11:07 pm
SHARE

malasian airlinesകൊലാലംപൂര്‍: കാണാതായ ശേഷം മലേഷ്യന്‍ വിമാനത്തില്‍ നിന്നുള്ള സിഗ്‌നലുകള്‍ തങ്ങളുടെ റഡാറില്‍ പതിഞ്ഞിട്ടുണ്ടെന്ന പുതിയ വെളിപ്പെടുത്തലുമായി തായ്‌ലാന്‍ഡ് സൈന്യം. എന്നാല്‍ അപ്പോള്‍ അത് വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ലെന്നും തായ്‌ലാന്‍ഡ് സൈന്യം പറയുന്നു. റഡാറിലെ സന്ദേശങ്ങള്‍ പുന:പരിശോധനക്ക് വിധേയമാക്കണമെന്നും തായ് എയര്‍ഫോഴ്‌സ് ആവശ്യപ്പെട്ടു. വിമാനത്തിന്റെ സഞ്ചാര ദിശയില്‍ പെട്ടെന്നൊരുമാറ്റം വന്നിട്ടുണ്ടെന്ന് തായ് സൈന്യം പറയുന്നു.

വിമാനം ആരോ മന:പൂര്‍വ്വം വഴിതിരിച്ചു വിട്ടതാകാം എന്ന നിഗമനത്തിലേക്കാണ് തായ് സേനയുടെ വെളിപ്പെടുത്തല്‍ വിരല്‍ ചൂണ്ടുന്നത്. വിമാനത്തിനായുള്ള തെരച്ചില്‍ 10 ദിവസം പിന്നിട്ട ശേഷമാണ് തായ്‌ലാന്‍ഡിന്റെ വെളിപ്പെടുത്തല്‍. വിവരം കൈമാറാന്‍ വൈകിയതില്‍ തായ്‌ലാന്‍ഡ് സൈന്യത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ തെരച്ചിലാണ് വിമാനം കണ്ടെത്തുന്നതിനായി നടന്നു കൊണ്ടിരിക്കുന്നത്. 26 രാജ്യങ്ങളാണ് വിമാനത്തിനായുള്ള തെരച്ചില്‍ നടത്തുന്നത്. മാര്‍ച്ച് എട്ടിനാണ് 5 ഇന്ത്യക്കാരുള്‍പ്പടെ 227 യാത്രക്കാരും 12 ജീവനക്കാരുമായി മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 370 യാത്രാവിമാനം അപ്രത്യക്ഷമായത്.