ചേലേമ്പ്ര യു ഡി എഫ് ഭരണ സമിതിക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കി

Posted on: March 19, 2014 8:12 am | Last updated: March 19, 2014 at 8:12 am
SHARE

ചേലേമ്പ്ര: മുസ്‌ലിം ലീഗില്‍ ചേരിപ്പോര് രൂക്ഷമായ ചേലേമ്പ്ര പഞ്ചായത്തില്‍ യു ഡി എഫ് ഭരണ സമിതിക്കെതിര അവിശ്വാസത്തിന് നോട്ടീസ് നല്‍കി.
മുസ്‌ലിം ലീഗിന്റെ നാലംഗങ്ങളും ഒരു കോണ്‍ഗ്രസംഗവും അഞ്ച് സി പി എം അംഗങ്ങളും ചേര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷാഹിനക്കും വൈസ് പ്രസിഡന്റ് കെ പി ദേവദാസിനുമെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇതോടെ യു ഡി എഫിന്റെ അംഗസംഖ്യ പഞ്ചായത്തില്‍ ഏഴായി ചുരുക്കും. അവിശ്വാസ പ്രമേയത്തില്‍ പത്തംഗങ്ങളാണ് ഒപ്പിട്ടിരിക്കുന്നത്. ബി ജെ പിക്ക് പഞ്ചായത്തില്‍ ഒരംഗമുണ്ട്. കൊണ്ടോട്ടി ബി ഡി ഒക്കാണ് പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്. നിയമ പ്രകാരം 15 ദിവസങ്ങള്‍ക്കകം യോഗം വിളിച്ച് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യണം. പഞ്ചായത്തില്‍ എല്‍ ഡി എഫ് അംഗങ്ങള്‍ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ ശരിവെക്കും വിധമാണ് ലീംഗങ്ങള്‍ തന്നെ പുറത്തു വന്ന് എടുത്ത നിലപാട്.
നേരത്തെ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജമീലയെ പഞ്ചായത്ത് ഓഫീസിനകത്തു വെച്ച് കൈയേറ്റം ചെയ്തതും അതിനെതിരെ നടപടിയെടുക്കാത്തതും ഏറെ വിവാദമായിരുന്നു.
ലീഗുകാരായ താത്കാലിക ജീവനക്കാരാണ് കൈയേറ്റത്തിന് നേതൃത്വം നല്‍കിയതെന്ന ആരോപണം ശരിവെക്കുന്നു. ഇതിനെതിരെ നടപടിയെടുക്കാന്‍ ലീഗ് നേതൃത്വം തയ്യാറാവാത്തത് അണികള്‍ക്കിടയില് ശക്തമായ പ്രതിഷേധത്തിനിടയാക്കി.
വ്യാപകമായി നടക്കുന്ന അഴിമതിക്കെതിരെ മുഖം തിരിക്കുന്ന പഞ്ചായത്ത്-മണ്ഡലം ലീഗ് നേതാക്കളുടെ നടപടികള്‍ക്കെതിരെ കൂടിയാണ് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ രംഗത്ത് വന്നിരിക്കുന്നത്.
മുസ്‌ലിം ലീഗിലെ നിഷാദലി വികസന സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ കെ പി ജമീല ഹുസൈന്‍, കെ കെ സുഹൈറ, പി ദില്‍ജ, കോണ്‍ഗ്രസ് (ഐ) അംഗം കെ പി രഘുനാഥ്, സി പി എം സ്വതന്ത്ര്യ അംഗം ഹബീബ്, അണിത്തൊടി രവി, സുന്ദരി, വസന്ത എന്‌നിവരാണ് നോട്ടീസില്‍ ഒപ്പിട്ടിരിക്കുന്നത്.