Connect with us

Malappuram

പൊന്നാനിയില്‍ എ എ പി മത്സരിക്കും

Published

|

Last Updated

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ എ പി പൊന്നാനിയില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കും. എന്നാല്‍ മലപ്പുറം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യം വിരളമായിരിക്കുമെന്നാണ് അറിയുന്നത്.
വെളിയങ്കോട് സ്വദേശിയായ പി വി ഷൈലോക്കായിരിക്കും പൊന്നാനിയിലെ സ്ഥാനാര്‍ഥി. മുസ്‌ലിം യൂത്ത്‌ലീഗ് വെളിയങ്കോട് ടൗണ്‍ സെക്രട്ടറിയായും ബി ഒ ടിക്കെതിരെയും ദേശീയ പാതാ ആക്ഷന്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ച പരിചയവുമുണ്ട് ഷൈലോക്കിന്. സംസ്ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചെങ്കിലും ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഇദ്ദേഹം. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം രണ്ട് ദിവസത്തിനകമുണ്ടാകും.
എല്‍ എല്‍ ബി പൂര്‍ത്തിയാക്കിയ ഷൈലോക്ക് എം ബി എ ബിരുദധാരി കൂടിയാണ്. മണ്ഡലത്തിലെ എഴുനൂറ് പേരുടെയെങ്കിലും പിന്തുണയുണ്ടെങ്കില്‍ മാത്രമേ സ്ഥാനാര്‍ഥിയായി മത്സരിക്കാനാകുകയുള്ളു. പിന്തുണ ലഭിച്ചവരെ പങ്കെടുപ്പിച്ചുള്ള സ്‌ക്രീനിംഗിനും പിന്നീട് ഇന്റര്‍വ്യൂവിനും ശേഷമാണ് ലിസ്റ്റ് തയ്യാറാക്കുക. ഇങ്ങിനെ തയ്യാറാക്കിയ ലിസ്റ്റില്‍ പൊന്നാനിയില്‍ ഷൈലോക്കിന്റെ പേരാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മലപ്പുറത്ത് സാഹിത്യകാരനായ സി രാധാകൃഷ്ണന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം എന്‍ കാരശ്ശേരി തുടങ്ങിയവരുടെ പേരുകള്‍ പരിഗണിച്ചിരുന്നെങ്കിലും ഇവര്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയുണ്ടായില്ല. മലപ്പുറത്ത് എം ഹബീബ് എന്നയാളുടെ പേരാണ് പരിഗണിച്ചിരുന്നതെങ്കിലും തുടര്‍ ചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ പ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണയില്ലാത്തതും മത്സരിപ്പിക്കുന്നതിന് തടസമായി നില്‍ക്കുകയാണ്. മഞ്ചേരി സ്വദേശിയായ മറ്റൊരാളുടെ പേരും പരിഗണനക്ക് വന്നിരുന്നെങ്കിലും ഇദ്ദേഹത്തിനും ലിസ്റ്റില്‍ ഇടം കണ്ടെത്താനായിട്ടില്ല. ഓണ്‍ ലൈന്‍ രജിസ്‌ട്രേഷനിലൂടെ മലപ്പുറത്തു നിന്നും മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ചിലരെ എറണാകുളത്തെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി അഭിമുഖം നടത്തിയിരുന്നെങ്കിലും ഇവര്‍ക്കൊന്നും പാര്‍ട്ടി ടിക്കറ്റ് നല്‍കാന്‍ യോഗ്യതയില്ലെന്ന് കണ്ട് ഒഴിവാക്കുകയായിരുന്നു.
എന്‍ എച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകനായ അബൂലൈസ് തേഞ്ഞിപ്പലത്തെയും ആപ്പ് സ്ഥാനാര്‍ഥിയായി കണ്ടിരുന്നെങ്കിലും മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണ നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് ഇദ്ദേഹം സ്വതന്ത്രായി പൊന്നാനിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Latest