ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ ഭര്‍ത്താവ് കുറ്റക്കാരന്‍

Posted on: March 19, 2014 8:09 am | Last updated: March 19, 2014 at 9:53 am
SHARE

കോഴിക്കോട്: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ ഭര്‍ത്താവ് കുറ്റക്കാരന്‍. പ്രതിക്ക് ഇന്ന് കോടതി ശിക്ഷ വിധിക്കും.
പറമ്പില്‍ ബസാര്‍ പേട്രന്‍ കോംപ്ലക്‌സിലെ താമസക്കാരനായ ചങ്ങനാശേരി സ്വദേശി ശക്തിദാസി(38)നെയാണ് ഭാര്യ ഷീജാമണി (36) യെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ കോഴിക്കോട് അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് പി നന്ദന കൃഷ്ണന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഷീജയുടെ അമ്മ ചിട്ടിവിളിച്ച പതിനായിരം രൂപ ആവശ്യപ്പെട്ടാണ് ശക്തദാസ് ഇവരെ കൊലപ്പെടുത്തിയത്.
2009 നവംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. ശക്തിദാസ് ഭാര്യ ഷീജാമണിയും പറമ്പില്‍ ബസാറില്‍ താമസിച്ച് വരികയായിരുന്നു. മൂന്നര വയസുള്ള പെണ്‍കുട്ടിയും ഷീജാമണിയുടെ മാതാവും ഇവര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഭാര്യയുടെ അമ്മ ചിട്ടിവിളിച്ച 10,000 രൂപ ആവശ്യപ്പെട്ട് ഷീജാമണിയെ പ്രതി നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. ശല്യം സഹിക്കവയ്യാതായപ്പോള്‍ 5,000 രൂപ നല്‍കി. എന്നാല്‍ ശേഷിക്കുന്ന 5,000 രൂപ കൂടി കിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു പിന്നീടുള്ള മര്‍ദനം. സംഭവ ദിവസം ഷീജാമണിയുടെ അമ്മ ജോലിക്ക് പോയ സമയത്ത് പ്രതി പണത്തിനുവേണ്ടി വീണ്ടും വഴക്കുണ്ടാക്കുകയും ഉച്ചക്ക് 2. 30ഓടെ കുളിമുറിയില്‍ കയറിയ യുവതിയെ അവിടെ വെച്ച് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. തുടര്‍ന്ന് മുറി പൂട്ടി പ്രതി പുറത്തുവന്നു.
അകത്തു നിന്നുള്ള കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഓടി വന്ന് ബഹളം വച്ചപ്പോഴാണ് പ്രതി വാതില്‍ തുറന്ന് യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായത്. ഓട്ടോറിക്ഷയില്‍ കയറ്റി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ശേഷം തിരിച്ച് വീട്ടിലെത്തി ശേഷിക്കുന്ന 5,000 രൂപയും എടുത്ത് പ്രതി സ്ഥലം വിടുകയായിരുന്നു. മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ നാട്ടുകാര്‍ എടുത്തു കൊണ്ടുപോകുകയും പിന്നീട് ഷീജാമണിയുടെ ബന്ധുക്കളെ ഏല്‍പ്പിക്കുകയും ചെയ്തു.
ഒരു മാസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതി 2009 ഡിസംബര്‍ 10നാണ് മരിച്ചത്. ഇവരുടെ മരണമൊഴിയും ചികിത്സിച്ച ഡോക്ടറുടെ മൊഴിയും കേസിലെ നിര്‍ണായക തെളിവായി. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ ഷിബു ജോര്‍ജ്, എസ് ഭവ്യ എന്നിവര്‍ ഹാജരായി.